National
2,000 കോടി രൂപയുടെ കൊക്കൈൻ പിടികൂടി; ഒരാഴ്ചയ്ക്കുള്ളിൽ ഡൽഹിയിൽ രണ്ടാമത്തെ വൻ മയക്കുമരുന്ന് വേട്ട
കൊക്കെയ്ൻ കടത്താൻ ഉപയോഗിച്ച കാറിൽ ജി പി എസ് ഘടിപ്പിച്ചിരുന്നതിനാലാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടാൻ സാധിച്ചത്.
ന്യൂഡൽഹി | തലസ്ഥാന നഗരിയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. 2000 കോടി രൂപ വിലമതിക്കുന്ന 200 കിലോ കൊക്കൈൻ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ പിടിച്ചെടുത്തു. രമേഷ് നഗർ പ്രദേശത്തെ ഒരു വെയർഹൗസിൽ നിന്നാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്.
കൊക്കെയ്ൻ കടത്താൻ ഉപയോഗിച്ച കാറിൽ ജി പി എസ് ഘടിപ്പിച്ചിരുന്നതിനാലാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടാൻ സാധിച്ചത്. പോലീസ് ജിപിഎസ് ലൊക്കേഷൻ ട്രാക്കുചെയ്യുകയും മയക്കുമരുന്ന് കേന്ദ്രത്തിൽ എത്തുകയുമായിരുന്നു. അതേസമയം, രാജ്യതലസ്ഥാനത്തേക്ക് കൊക്കൈൻ കൊണ്ടുവന്നുവെന്ന് ആരോപിക്കപ്പെടുന്നയാൾ ലണ്ടനിലേക്ക് കടന്നതായാണ് പ്രാഥമിക വിവരം.
തെക്കൻ ഡൽഹിയിലെ മഹിപാൽപൂരിലെ ഒരു ഗോഡൗണിൽ നിന്ന് ഒക്ടോബർ രണ്ടിന് 5,620 കോടി രൂപ വിലമതിക്കുന്ന 560 കിലോ കൊക്കൈനും 40 കിലോ ഹൈഡ്രോപോണിക് മരിജുവാനയും പിടികൂടിയിരുന്നു. ഇപ്പോൾ പിടിച്ചെടുത്ത മയക്കുമരുന്നും ഈ സംഘത്തിന്റെതാണെന്ന് കരുതുന്നു.
തുഷാര് ഗോയൽ (40), ഹിമാൻഷു കുമാർ (27), ഔറംഗസേബ് സിദ്ദിഖി (23), ഭരത് കുമാർ ജെയിൻ (48) എന്നിവരാണ് അന്ന് അറസ്റ്റിലായത്. 5,620 കോടി രൂപയുടെ മയക്കുമരുന്ന് സംഘത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ദുബായ് ആസ്ഥാനമായുള്ള ഇന്ത്യൻ വംശജനായ വ്യവസായി വീരേന്ദർ ബസോയയ്ക്കെതിരെ ഡൽഹി പോലീസ് ലുക്കൗട്ട് സർക്കുലർ (എൽഒസി) പുറപ്പെടുവിച്ചിട്ടുണ്ട്.