Connect with us

Oddnews

പാലക്കാട്ട് കോഴിപ്പോര് സംഘങ്ങൾ സജീവം

പന്തയത്തുക 5,000 മുതല്‍ അഞ്ച്് ലക്ഷം വരെ

Published

|

Last Updated

കൊഴിഞ്ഞാമ്പാറ (പാലക്കാട്) | പൊങ്കലെത്തും മുമ്പേ കിഴക്കൻ മേഖലയില്‍ കോഴിപ്പോര് സംഘങ്ങള്‍ വ്യാപകമാകുന്നു. കേരള-തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളായ വേലന്താവളം, ആര്‍ വി പി പുതൂര്‍, ഗോപാലപുരം, മീനാക്ഷിപുരം, നറണി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ മേഖലകളിലെ ഒഴിഞ്ഞ പറമ്പുകളിലും സ്വകാര്യ വ്യക്തികളുടെ തെങ്ങിന്‍ തോപ്പുകള്‍ കേന്ദ്രീകരിച്ചുമാണ് പോര് സംഘങ്ങള്‍ സജീവമാകുന്നത്.

തമിഴ്നാട്ടിലും ആന്ധ്രയിലുമൊക്കെ പൊങ്കല്‍, സംക്രാന്തി, ദീപാവലി പോലുള്ള വിശേഷ ദിവസങ്ങളില്‍ നടത്താറുള്ള കോഴിപ്പോര് ജില്ലയുടെ അതിര്‍ത്തിപ്രദേശങ്ങളിലും നടക്കുന്നുണ്ട്. പൊങ്കലിൻ്റെ ഭാഗമായി തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, പൊള്ളാച്ചി, തിരുപ്പൂര്‍ ഭാഗങ്ങളിൽ നിന്ന് കോഴിപ്പോരിനായി ഒട്ടേറെയാളുകള്‍ കിഴക്കന്‍ മേഖലയില്‍ എത്താറുണ്ട്.

പ്രത്യേക പരിശീലനവും ഭക്ഷണവും മരുന്നുകളും നല്‍കി വരുന്ന പൂവന്‍കോഴികളെയാണ് പോരിനായി ഉപയോഗിക്കുന്നത്. പരിശീലനം നല്‍കിയ കോഴികള്‍ക്ക് 3,000 മുതല്‍ 30,000 വരെ രൂപ നല്‍കിയാണ് പോരിന് കൊണ്ടുവരുന്നത്. ജയിക്കുന്ന കോഴികള്‍ക്ക് 5,000 മുതല്‍ അഞ്ച് ലക്ഷം വരെ യാണ് പന്തയത്തുക.
പോരില്‍ പരാജയപ്പെടുന്ന കോഴിയെയും വിജയിക്കുന്നവര്‍ക്ക് സ്വന്തമാക്കാം.

തെങ്ങിന്‍തോപ്പുകളിലും ഒഴിഞ്ഞ പറമ്പുകളിലും നടക്കുന്ന പോര് പോലീസ് പിടിക്കാതിരിക്കാന്‍ തോപ്പിൻ്റെ മുന്‍ഭാഗത്ത് തന്നെ മുന്നറിയിപ്പ് നല്‍കാന്‍ ആളെ നിര്‍ത്തിയിട്ടുണ്ടാകും. 15 വര്‍ഷം മുമ്പ് തമിഴ്‌നാട് സര്‍ക്കാര്‍ കോഴിയങ്കം നിരോധിച്ച് ഉത്തരവിറക്കി. അതിനുശേഷമാണ് തമിഴ്‌നാട്ടിൽ നിന്നുള്ളവര്‍ കോഴിപ്പോരിന് കേരളത്തിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ എത്തുന്നത്. ഇതിനൊപ്പം ലക്ഷങ്ങള്‍ വെച്ച് പന്തയവും നടക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് കിഴക്കൻ മേഖലയില്‍ കോഴിയങ്കം സജീവമായിരിക്കുന്നത്.

Latest