Connect with us

Ongoing News

ശവപ്പെട്ടി നിർമാണ യൂണിറ്റിന് തീ പിടിച്ച്

ബ്ലോവർ ഉപയോഗിച്ച് കടക്കുള്ളിൽ നിന്ന് പുക പുറത്തേക്ക് വലിച്ചെടുത്താണ് രക്ഷാപ്രവർത്തനം നടത്തിയത്

Published

|

Last Updated

അടൂർ | ശവപ്പെട്ടി നിർമാണ യൂണിറ്റിന് തീ പിടിച്ചു. പുറത്ത് കൂട്ടി ഇട്ടിരുന്ന പലക കഷണങ്ങൾക്ക് തീ പിടിച്ചത് കടയ്ക്കുള്ളിലേക്ക് പടരുകയായിരുന്നു. കടയ്ക്കുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാരിൽ ഒരാൾ ഉടൻ വിവരം അടൂർ ഫയർ ഫോഴ്സിനെ അറിയിക്കുകയായിരുന്നു.
തുടർന്ന്, സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ, ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ എസ് നിയാസുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി. പത്തനംതിട്ട, കോന്നി നിലയങ്ങളിൽ നിന്നും ഫയർ ഫോഴ്സ് ടീം സ്ഥലത്ത് എത്തിയിരുന്നു.  രണ്ടര മണിക്കൂർ  നീണ്ട  പ്രവർത്തനങ്ങൾക്ക് ഒടുവിലാണ് തീ പൂർണ്ണമായും അണച്ചത്. ചങ്ങനാശേരി ഊഴത്തിൽ മാത്യു ജോർജ്ജിൻ്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ശവപ്പെട്ടി നിർമ്മാണ യൂണിറ്റ്.
കടയ്ക്കുള്ളിൽ  തിന്നർ, വാർണിഷ്, പ്രൈമർ, പെയിൻ്റ് എന്നിവ സൂക്ഷിച്ചിരുന്നതിൽ തീ ആളി പടരുകയായിരുന്നു. ശവപ്പെട്ടികൾക്കും പെട്ടി നിർമ്മിക്കുന്നതിനുമായി സൂക്ഷിച്ചിരുന്ന മാവിൻ്റെ പലകകളും ഭാഗികമായി കത്തി നശിച്ചു. കടയ്ക്കുള്ളിൽ നിന്നും കറുത്തിരുണ്ട കനത്ത പുക ഉയർന്നത് മൂലം ആദ്യം രക്ഷാപ്രവർത്തനത്തെ മന്ദഗതിയിലാക്കി.  തുടർന്ന് ഫയർ സ്റ്റേഷനിൽ നിന്നും ഹൈഡ്രോളിക് കട്ടർ എത്തിച്ച് ഒരു ഭാഗത്തെ ഷട്ടർ മുറിച്ചു മാറ്റി  കടയ്ക്കുള്ളിലേക്ക് പ്രവേശിച്ച രക്ഷാപ്രവർത്തകർക്ക് കനത്ത പുകയും ഇരുട്ടും മൂലം കടയ്ക്കുള്ളിൽ പ്രവർത്തിക്കാൻ കഴിയാതെ  വന്നു. ഇതിനാൽ  ഫയർ ഫോഴ്സിൻ്റെ പക്കൽ ഉണ്ടായിരുന്ന ബ്ലോവർ ഉപയോഗിച്ച് കടയ്ക്കുള്ളിൽ നിന്നും പുക പുറത്തേക്ക് വലിച്ചെടുത്ത് കളഞ്ഞ ശേഷം ബ്രീത്തിംഗ് അപ്പാരറ്റസ് സെറ്റ് ധരിച്ച് ഉള്ളിൽ കടന്ന് അഗ്നിശമന പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു.
തുടർന്ന് കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന പലകക്കഷണങ്ങളും ശവപ്പെട്ടികളും ഫയർ ഫോഴ്സ് പൂർണ്ണമായും കടയ്ക്ക് പുറത്തേക്ക് മാറ്റി അപകട സാധ്യത ഒഴിവാക്കി. അഗ്നിബാധയിൽ കെട്ടിടത്തിനു സാരമായ തകരാർ സംഭവിച്ചിട്ടുണ്ട്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സാബു ആർ, പ്രജോഷ് വി എ, സന്തോഷ് എസ്, ദീപേഷ് ഡി, അനീഷ് കുമാർ, സുരേഷ് കുമാർ കെ, സജാദ് എ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികൾ ആയി.

Latest