National
കോയമ്പത്തൂര്‍ സ്‌ഫോടനം; അഞ്ച് പേരെക്കൂടി പ്രതി ചേര്‍ത്ത് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു
സ്‌ഫോടനം ആസൂത്രണം ചെയ്യുന്നതിനായി പ്രതികള്‍ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലും, സത്യമംഗലം റിസര്‍വ് വനത്തിലും പ്രതികള്‍ കൂടിക്കാഴ്ച നടത്തിയെന്നാണ് കുറ്റപത്രത്തില്‍ എന്‍ഐഎ പറയുന്നത്.

ചെന്നൈ | 2022 ല്‍ നടന്ന കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ അഞ്ചു പേരെ കൂടി പ്രതി ചര്‍ത്ത് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. ഷെയ്ക്ക് ഹിദായത്തുള്ള, ഉമര്‍ ഫാറൂഖ്, പവാസ് റഹ്മാന്‍ , ശരണ്‍ മാരിയപ്പന്‍, അബു ഹനീഫ എന്നിവരെയാണ് പ്രതി ചേര്‍ത്തത്. സ്‌ഫോടനം ആസൂത്രണം ചെയ്യുന്നതിനായി പ്രതികള്‍ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലും, സത്യമംഗലം റിസര്‍വ് വനത്തിലും പ്രതികള്‍ കൂടിക്കാഴ്ച നടത്തിയെന്നാണ് കുറ്റപത്രത്തില്‍ എന്‍ഐഎ പറയുന്നത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട ധനസഹായത്തിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് കുറ്റപത്രത്തിലുണ്ട്
കേസില്‍ ഇതുവരെ 17 പേര്‍ക്ക് എതിരെയാണ് എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചത്. 2021-2022 കാലഘട്ടത്തില്‍ വ്യാജ കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അഴിമതി നടത്തിയതിന് ഷെയ്ഖ് ഹിദായത്തുല്ല, ഉമര്‍ ഫാറൂഖ് എന്നിവര്‍ക്കെതിരെ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അഴിമതിയില്‍ നിന്ന് സമ്പാദിച്ച ഫണ്ട് കാര്‍ ബോംബ് ആക്രമണത്തിനായി സ്‌ഫോടകവസ്തുക്കള്‍ ശേഖരിക്കുന്നതിനായാണ് ഉപയോഗിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍
പവാസ് റഹ്മാനും ശരണും ചേര്‍ന്നാണ് തട്ടിപ്പിന് ഒത്താശ ചെയ്തത്. അബൂ ഹനീഫയാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിക്കുന്നതിന് ഫണ്ട് നല്‍കിയത്. ചാവേര്‍ ബോംബ് സ്‌ഫോടനം നടത്തിയ ജമേഷ മുബീനിനെതിരായ കുറ്റങ്ങള്‍ ഒഴിവാക്കി.