National
കോയമ്പത്തൂർ സ്ഫോടനം: ചെന്നൈ അടക്കം 20 ഇടങ്ങളിൽ എൻ ഐ എ റെയ്ഡ്
ചെന്നൈയിലെ പുതുപ്പേട്ട്, മണ്ണടി, ജമാലിയ, പെരമ്പൂർ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്.

ചെന്നൈ | തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലുണ്ടായ സിലിണ്ടർ സ്‌ഫോടനക്കേസിൽ ചെന്നൈ ഉൾപ്പെടെ 20 സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡ് നടത്തി. ചെന്നൈയിലെ പുതുപ്പേട്ട്, മണ്ണടി, ജമാലിയ, പെരമ്പൂർ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. കോയമ്പത്തൂരിലെ കോട്ടമേട്, ഉക്കാട്, പൊൻവിഴ നഗർ, രതിനാപുരി എന്നിവിടങ്ങളിലും റെയ്ഡ് നടത്തി.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് സംശയിക്കുന്നവരുടെയും നിരോധിത സംഘടനകളെ പിന്തുണയ്ക്കുന്നവരുടെയും കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലെ എൻഐഎ ഉദ്യോഗസ്ഥരാണ് റെയ്ഡിൽ പങ്കെടുത്തത്.
ഒക്‌ടോബർ 23ന് വൈകിട്ടാണ് കോയമ്പത്തൂരിൽ കാറിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് സ്ഫോടനമുണ്ടായത്. സംഭവത്തിൽ കാർ ഡ്രൈവർ മരിച്ചു. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ അഞ്ച് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവർക്ക് എതിരെ യുഎപിഎ (നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) ചുമത്തി. അന്വേഷണത്തിൽ പൊട്ടാസ്യം ഉൾപ്പെടെ 109 വസ്തുക്കളും പിടിച്ചെടുത്തിരുന്നു.