National
കോയമ്പത്തൂർ സ്ഫോടനം: എൻ ഐ എ കേസ് രജിസ്റ്റർ ചെയ്തു
ദീപാവലിയുടെ തലേദിവസം, ഞായറാഴ്ചയാണ് കോയമ്പത്തൂരിൽ ഒരു ക്ഷേത്രത്തിന് സമീപം നിർത്തിയിട്ട കാറിൽ സ്ഫോടനമുണ്ടായത്.

ന്യൂഡൽഹി | ഞായറാഴ്ച കോയമ്പത്തൂരിലുണ്ടായ സ്ഫോടനത്തിൽ ദേശീയ അന്വേഷണ ഏജൻസി കേസ് രജിസ്റ്റർ ചെയ്തു. കേസ് അന്വേഷിക്കാൻ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻ ഐ എക്ക് അനുമതി നൽകിയിരുന്നു. സ്ഫോടനത്തിന് ഐഎസുമായി ബന്ധമുണ്ടെന്നും ഭീകരാക്രമണമാണ് നടന്നതെന്നും സംശയിക്കുന്ന സാഹചര്യത്തിലാണ് കേസന്വേഷണം എൻ ഐ ഏറ്റെടുക്കുന്നത്.
ദീപാവലിയുടെ തലേദിവസം, ഞായറാഴ്ചയാണ് കോയമ്പത്തൂരിൽ ഒരു ക്ഷേത്രത്തിന് സമീപം നിർത്തിയിട്ട കാറിൽ സ്ഫോടനമുണ്ടായത്. കാറിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. 29കാരനായ എൻജിനീയറിംഗ് ബിരുദധാരി ജമീഷ മുബീൻ ആണ് കാർ ഓടിച്ചിരുന്നത്. ഇയാൾ സ്ഫോടനത്തിൽ കൊല്ലപ്പെടുകയും ചെയ്തു. ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് 2019ൽ എൻ ഐ എ ചോദ്യം ചെയ്തയാളാണ് മുബീൻ.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരാളെ ഇന്നലെയും അറസ്റ്റ് ചെയ്തു. പ്രതികൾക്ക് 2019ൽ ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടനക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുഹമ്മദ് അസ്ഹറുദ്ദീനുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.