Kerala
കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടനം; അന്വേഷണ സംഘം വിയ്യൂര്‍ ജയിലിലെത്തി വിവരങ്ങള്‍ ശേഖരിച്ചു
ജമേഷ മുബിന്‍ വിയ്യൂരിലെത്തി ഇയാളെ കണ്ടിരുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം കേരളത്തിലെത്തിയത്

തിരുവനന്തപുരം | കോയമ്പത്തൂര്‍ നഗരത്തിലെ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ അന്വേഷണ സംഘം കേരളത്തിലെത്തി. സംഘം വിയ്യൂര്‍ ജയിലിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് 2019 ല്‍ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത മുഹമ്മദ് അസ്ഹറുദ്ദീനുമായി കൊല്ലപ്പെട്ട മുബീന് ബന്ധമുണ്ടെന്നാണ് സൂചന.വിയ്യൂര്‍ ജയിലിലാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍ തടവില്‍ കഴിയുന്നത്. ജമേഷ മുബിന്‍ വിയ്യൂരിലെത്തി ഇയാളെ കണ്ടിരുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം കേരളത്തിലെത്തിയത്.
വിയ്യൂര്‍ ജയിലില്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ സന്ദര്‍ശകരുടെ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു.അതേസമയം കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബിനുമായി അടുത്ത ബന്ധമുള്ളവരാണ് പിടിയിലായിരിക്കുന്നത് എന്നാണ് അന്വേഷണ സംഘം പറയുന്നത്.
കോയമ്പത്തൂരിലെ ഉക്കടത്ത് ക്ഷേത്രത്തിന് സമീപത്താണ് കാര്‍ ബോംബ് സ്‌ഫോടനം നടന്നത്. തുടര്‍ന്ന് തമിഴ്‌നാട്ടില്‍ കനത്ത സുരക്ഷ തുടരുകയാണ്