Connect with us

Editorial

ബിഹാറില്‍ പൊളിഞ്ഞുവീഴുന്നത്

തിങ്കളാഴ്ച ഗയ ജില്ലയില്‍ ഗുള്‍സ്‌കാരി നദിക്കു കുറുകെയുള്ള പാലം കൂടി തകര്‍ന്നതോടെ ബിഹാറില്‍ നാലാഴ്ചക്കുള്ളില്‍ തകര്‍ന്ന പാലങ്ങളുടെ എണ്ണം പതിനാലായി. ഭഗ്വതി ഗ്രാമത്തെയും ശര്‍മ ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന പലമാണ് തിങ്കളാഴ്ച തകര്‍ന്നത്. ജൂണ്‍ 18ന് നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന അരാരിയ ജില്ലയിലെ സിക്തി ബ്ലോക്കിലാണ് ആദ്യം പാലം തകര്‍ന്നത്. 12 കോടി രൂപ ചെലവില്‍ നിര്‍മിച്ച പാലമാണ് ഉദ്ഘാടത്തിനു കാത്തിരിക്കെ തകര്‍ന്നു വീണത്. തുടർന്ന് ഈസ്റ്റ് ചമ്പാരന്‍, കിശന്‍ഗഞ്ച്, മധുബാനി, സരണ്‍, സിക്കന്ദര്‍പൂര്‍, ദിയോറിയ, ഭിഗാബന്ധ് തുടങ്ങിയ പ്രദേശങ്ങളിലും പാലങ്ങള്‍ തകര്‍ന്നു. ജൂലൈ പത്തിന് മഹിഷി ഗ്രാമത്തിലാണ് പതിമൂന്നാമത്തെ പാലം തകര്‍ന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ ബിഹാറിലെ സുപോളില്‍ നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്നിരുന്നു. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പ്രതിപക്ഷത്തിന് ശക്തമായ ആയുധമായിരിക്കുകയാണ് തുടര്‍ച്ചയായ പാലം തകര്‍ച്ച. പൊളിഞ്ഞ പാലത്തില്‍ നിന്ന് വോട്ട് പിടിക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി നിതീഷ് കുമാറും നരേന്ദ്ര മോദിയുമെന്നാണ് ആര്‍ ജെ ഡി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്റെ വിമര്‍ശം. പ്രതിപക്ഷം മാത്രമല്ല, ബി ജെ പി നേതാക്കള്‍ തന്നെ ഉത്കണ്ഠയും ആശങ്കയും പ്രകടിപ്പിച്ച് രംഗത്തു വന്നിരിക്കുന്നു. "ബിഹാറിലെ ഏതെങ്കിലും പാലത്തിലൂടെയോ മേൽപ്പാലത്തിലൂടെയോ കടന്നുപോകാന്‍ എനിക്ക് ഭയമാകുന്നു. സമഗ്രമായ അന്വേഷണവും ഓഡിറ്റിംഗും ആവശ്യമാണ്. നിര്‍മാണ കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണം' എന്നാണ് ബി ജെ പി - ഒ ബി സി മോര്‍ച്ച ദേശീയ സെക്രട്ടറി ബിഹാറുകാരനായ ഡോ. നിഖില്‍ ആനന്ദ് ഇതേക്കുറിച്ച് സാമൂഹിക മാധ്യമമായ എക്‌സില്‍ പ്രതികരിച്ചത്. ഈ വര്‍ഷത്തെ സാധാരണയില്‍ കവിഞ്ഞ മഴയും മണല്‍വാരലുമാണ് പാലം തകര്‍ച്ചക്ക് കാരണമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറയുന്നത്. അദ്ദേഹത്തെ പിന്തുണച്ച് കേന്ദ്ര മന്ത്രി ജിതിന്‍ റാമും രംഗത്തു വന്നു. മഴ ശക്തിപ്പെട്ടതോടെയാണല്ലോ പാലം തകര്‍ച്ച തുടങ്ങിയത്. ഒരു മാസം മുമ്പ് വരെ ഇങ്ങനെ സംഭവിച്ചിട്ടില്ലല്ലോ എന്നാണദ്ദേഹത്തിന്റെ പ്രതികരണം. കാലപ്പഴക്കവും നിര്‍മാണത്തിലെ അപാകതകളുമാണ് ഡബ്ല്യു ആര്‍ ഡി അഡീഷനല്‍ സെക്രട്ടറി ചൈതന്യ പ്രസാദ് പറയുന്ന കാരണം. എന്നാല്‍ കാലപ്പഴക്കമുള്ളവ മാത്രമല്ല, പുതിയ പാലങ്ങളുമുണ്ട് തകരുന്നവയുടെ ഗണത്തില്‍. കോസി നദിക്ക് മുകളില്‍ 984 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പാലമാണ് നിര്‍മാണത്തിന്റെ അവസാന ഘട്ടത്തില്‍ തകര്‍ന്നത്. സരണി ജില്ലയില്‍ ഗന്ധകി നദിക്കു കുറുകെയുള്ള പാലത്തിന് പതിനഞ്ച് വര്‍ഷത്തെ പഴക്കമേ ഉണ്ടായിരുന്നുള്ളൂ. നിലവാരമില്ലാത്ത സാമഗ്രികള്‍, വിദഗ്ധ തൊഴിലാളികളുടെ അഭാവം, ശരിയായ മേല്‍നോട്ടമില്ലായ്മ, പ്രൊജക്ടുകളിലെ അപര്യാപ്തത തുടങ്ങിയവയാണ് തകര്‍ച്ചക്കു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ആവശ്യമായ തോതില്‍ കമ്പികളും മറ്റു സാമഗ്രികളും ചേര്‍ക്കാത്തതും സിമന്റിന്റെ നിലവാരക്കുറവുമാണ് കാരണമെന്ന് റോഡ് നിര്‍മാണ വിഭാഗം മുന്‍ ചീഫ് എന്‍ജിനീയര്‍ ജെ കെ ദത്ത് പറയുന്നു. സംസ്ഥാനത്തെ മുഴുവന്‍ പാലങ്ങളും സ്ട്രക്ചറല്‍ ഓഡിറ്റിംഗിനു വിധേയമാക്കി, ബലപ്പെടുത്താന്‍ സാധിക്കുന്നവ ഏതൊക്കെ, പൊളിച്ചു മാറ്റി പുനര്‍നിര്‍മാണം നടത്തേണ്ടവ ഏതൊക്കെ എന്ന് കണ്ടെത്തുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി മുമ്പാകെ പൊതുതാത്പര്യ ഹരജി ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ മാനദണ്ഡമനുസരിച്ചുള്ള വിദഗ്ധ സമിതിയായിരിക്കണം പരിശോധന നടത്തേണ്ടതെന്നും അഭിഭാഷകനായ ബ്രജേഷ് സിംഗ് സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെടുന്നു. സംസ്ഥാനത്തെ മുഴുവന്‍ പാലങ്ങളും പരിശോധിച്ച് അടിയന്തര അറ്റകുറ്റ പണികള്‍ നടത്തണമെന്ന് ബന്ധപ്പെട്ട വകുപ്പുകളോടാവശ്യപ്പെട്ടിട്ടുണ്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍. നിര്‍മാണം കഴിഞ്ഞ് ഏറെ കഴിയുന്നതിനു മുമ്പേ പാലം -റോഡ് തകര്‍ച്ചയും വിമാനത്താവള ടെര്‍മിനലുകളുടെ മേല്‍ക്കൂര തകര്‍ച്ചയും ബിഹാറില്‍ മാത്രമല്ല, രാജ്യത്തിന്റെ മറ്റു ഭാഗത്ത് നിന്നും റിപോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ജൂണ്‍ അവസാനത്തിലാണ് ഡല്‍ഹി, ജബല്‍പൂര്‍ വിമാനത്താവള ടെര്‍മിനലുകളുടെ മേല്‍ക്കൂര തകര്‍ന്നത്. അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ അയോധ്യ രാമക്ഷേത്രത്തില്‍ ചോര്‍ച്ച അനുഭവപ്പെടുന്നതായി പ്രധാന പൂജാരി സത്യേന്ദ്ര ദാസ് പറയുന്നു. പുനര്‍ നിര്‍മാണം പൂര്‍ത്തിയാക്കി 2022 സെപ്തംബര്‍ 26ന് ഗതാഗതത്തിനു തുറന്നു കൊടുത്ത ഗുജറാത്ത് മോര്‍ബിയിലെ തൂക്കുപാലം അഞ്ച് ദിവസത്തിനകം തകര്‍ന്നു. സംഭവത്തില്‍ 140ഓളം പേരാണ് മരണപ്പെട്ടത്. പാലത്തിന്റെ കരാര്‍ ഏറ്റെടുത്ത ഒറോവ കമ്പനി, തൂക്കുപാല നിര്‍മാണത്തില്‍ അത്ര പരിചയമില്ലാത്ത മറ്റൊരു കമ്പനിക്ക് ഉപകരാര്‍ കൊടുത്തതാണ് തകര്‍ച്ചക്കു കാരണമായി പറയപ്പെടുന്നത്. പാലത്തിന്റെ ഉറപ്പിനെക്കുറിച്ച് പരിശോധന നടത്താതെ അധികൃതര്‍ അത് തുറന്നു കൊടുക്കുകയും ചെയ്തു. പാലങ്ങളുടെയും റോഡുകളുടെയും തകര്‍ച്ചക്ക് കരാറുകാരെയാണ് പൊതുവില്‍ കുറ്റപ്പെടുത്താറുള്ളത്. എന്നാല്‍ അവര്‍ക്ക് മാത്രമല്ല ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമുണ്ട് ഇതില്‍ പങ്ക്. കരാറുകാർക്കും എന്‍ജിനീയര്‍മാർക്കും രാഷ്ട്രീയ നേതൃത്വങ്ങളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടും സര്‍ക്കാര്‍ നിര്‍മാണ മേഖലയിലെ അലിഖിത കമ്മീഷന്‍ വ്യവസ്ഥയും പരസ്യമായ രഹസ്യമാണ്. ഒരു ലക്ഷം രൂപയുടെ കരാറില്‍ 15-25 ശതമാനം അഥവാ 15,000-25,000 രൂപ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും നല്‍കേണ്ടി വരുന്നുണ്ടെന്ന് ബിഹാറിലെ പാലം തകര്‍ച്ചയുമായി ബന്ധപ്പെട്ട് ഒരു കരാറുകാരന്‍ വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ബാക്കി വരുന്ന തുകയില്‍ കരാറുകാരന്‍ ലാഭത്തിന്റെ പങ്ക് കൈപറ്റുമ്പോള്‍ അവശേഷിക്കുന്ന തുക കൊണ്ട് സാമഗ്രികള്‍ മതിയായ അളവില്‍ ഉപയോഗിക്കാനോ, അവയുടെ നിലവാരം ഉറപ്പ് വരുത്താനോ സാധിച്ചെന്നു വരില്ല. ഈ അവിശുദ്ധ കൂട്ടുകെട്ട് നിലനില്‍ക്കുന്ന കാലത്തോളം പാലങ്ങളുടെയും റോഡുകളുടെയും നിലവാരക്കുറവ് തുടരുക തന്നെ ചെയ്യും.

Published

|

Last Updated

തിങ്കളാഴ്ച ഗയ ജില്ലയില്‍ ഗുള്‍സ്‌കാരി നദിക്കു കുറുകെയുള്ള പാലം കൂടി തകര്‍ന്നതോടെ ബിഹാറില്‍ നാലാഴ്ചക്കുള്ളില്‍ തകര്‍ന്ന പാലങ്ങളുടെ എണ്ണം പതിനാലായി. ഭഗ്വതി ഗ്രാമത്തെയും ശര്‍മ ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന പലമാണ് തിങ്കളാഴ്ച തകര്‍ന്നത്. ജൂണ്‍ 18ന് നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന അരാരിയ ജില്ലയിലെ സിക്തി ബ്ലോക്കിലാണ് ആദ്യം പാലം തകര്‍ന്നത്. 12 കോടി രൂപ ചെലവില്‍ നിര്‍മിച്ച പാലമാണ് ഉദ്ഘാടത്തിനു കാത്തിരിക്കെ തകര്‍ന്നു വീണത്. തുടർന്ന് ഈസ്റ്റ് ചമ്പാരന്‍, കിശന്‍ഗഞ്ച്, മധുബാനി, സരണ്‍, സിക്കന്ദര്‍പൂര്‍, ദിയോറിയ, ഭിഗാബന്ധ് തുടങ്ങിയ പ്രദേശങ്ങളിലും പാലങ്ങള്‍ തകര്‍ന്നു. ജൂലൈ പത്തിന് മഹിഷി ഗ്രാമത്തിലാണ് പതിമൂന്നാമത്തെ പാലം തകര്‍ന്നത്.

ഈ വര്‍ഷം മാര്‍ച്ചില്‍ ബിഹാറിലെ സുപോളില്‍ നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്നിരുന്നു. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പ്രതിപക്ഷത്തിന് ശക്തമായ ആയുധമായിരിക്കുകയാണ് തുടര്‍ച്ചയായ പാലം തകര്‍ച്ച. പൊളിഞ്ഞ പാലത്തില്‍ നിന്ന് വോട്ട് പിടിക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി നിതീഷ് കുമാറും നരേന്ദ്ര മോദിയുമെന്നാണ് ആര്‍ ജെ ഡി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്റെ വിമര്‍ശം. പ്രതിപക്ഷം മാത്രമല്ല, ബി ജെ പി നേതാക്കള്‍ തന്നെ ഉത്കണ്ഠയും ആശങ്കയും പ്രകടിപ്പിച്ച് രംഗത്തു വന്നിരിക്കുന്നു. “ബിഹാറിലെ ഏതെങ്കിലും പാലത്തിലൂടെയോ മേൽപ്പാലത്തിലൂടെയോ കടന്നുപോകാന്‍ എനിക്ക് ഭയമാകുന്നു. സമഗ്രമായ അന്വേഷണവും ഓഡിറ്റിംഗും ആവശ്യമാണ്. നിര്‍മാണ കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണം’ എന്നാണ് ബി ജെ പി – ഒ ബി സി മോര്‍ച്ച ദേശീയ സെക്രട്ടറി ബിഹാറുകാരനായ ഡോ. നിഖില്‍ ആനന്ദ് ഇതേക്കുറിച്ച് സാമൂഹിക മാധ്യമമായ എക്‌സില്‍ പ്രതികരിച്ചത്. ഈ വര്‍ഷത്തെ സാധാരണയില്‍ കവിഞ്ഞ മഴയും മണല്‍വാരലുമാണ് പാലം തകര്‍ച്ചക്ക് കാരണമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറയുന്നത്. അദ്ദേഹത്തെ പിന്തുണച്ച് കേന്ദ്ര മന്ത്രി ജിതിന്‍ റാമും രംഗത്തു വന്നു. മഴ ശക്തിപ്പെട്ടതോടെയാണല്ലോ പാലം തകര്‍ച്ച തുടങ്ങിയത്. ഒരു മാസം മുമ്പ് വരെ ഇങ്ങനെ സംഭവിച്ചിട്ടില്ലല്ലോ എന്നാണദ്ദേഹത്തിന്റെ പ്രതികരണം.

കാലപ്പഴക്കവും നിര്‍മാണത്തിലെ അപാകതകളുമാണ് ഡബ്ല്യു ആര്‍ ഡി അഡീഷനല്‍ സെക്രട്ടറി ചൈതന്യ പ്രസാദ് പറയുന്ന കാരണം. എന്നാല്‍ കാലപ്പഴക്കമുള്ളവ മാത്രമല്ല, പുതിയ പാലങ്ങളുമുണ്ട് തകരുന്നവയുടെ ഗണത്തില്‍. കോസി നദിക്ക് മുകളില്‍ 984 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പാലമാണ് നിര്‍മാണത്തിന്റെ അവസാന ഘട്ടത്തില്‍ തകര്‍ന്നത്. സരണി ജില്ലയില്‍ ഗന്ധകി നദിക്കു കുറുകെയുള്ള പാലത്തിന് പതിനഞ്ച് വര്‍ഷത്തെ പഴക്കമേ ഉണ്ടായിരുന്നുള്ളൂ. നിലവാരമില്ലാത്ത സാമഗ്രികള്‍, വിദഗ്ധ തൊഴിലാളികളുടെ അഭാവം, ശരിയായ മേല്‍നോട്ടമില്ലായ്മ, പ്രൊജക്ടുകളിലെ അപര്യാപ്തത തുടങ്ങിയവയാണ് തകര്‍ച്ചക്കു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ആവശ്യമായ തോതില്‍ കമ്പികളും മറ്റു സാമഗ്രികളും ചേര്‍ക്കാത്തതും സിമന്റിന്റെ നിലവാരക്കുറവുമാണ് കാരണമെന്ന് റോഡ് നിര്‍മാണ വിഭാഗം മുന്‍ ചീഫ് എന്‍ജിനീയര്‍ ജെ കെ ദത്ത് പറയുന്നു.
സംസ്ഥാനത്തെ മുഴുവന്‍ പാലങ്ങളും സ്ട്രക്ചറല്‍ ഓഡിറ്റിംഗിനു വിധേയമാക്കി, ബലപ്പെടുത്താന്‍ സാധിക്കുന്നവ ഏതൊക്കെ, പൊളിച്ചു മാറ്റി പുനര്‍നിര്‍മാണം നടത്തേണ്ടവ ഏതൊക്കെ എന്ന് കണ്ടെത്തുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി മുമ്പാകെ പൊതുതാത്പര്യ ഹരജി ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ മാനദണ്ഡമനുസരിച്ചുള്ള വിദഗ്ധ സമിതിയായിരിക്കണം പരിശോധന നടത്തേണ്ടതെന്നും അഭിഭാഷകനായ ബ്രജേഷ് സിംഗ് സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെടുന്നു. സംസ്ഥാനത്തെ മുഴുവന്‍ പാലങ്ങളും പരിശോധിച്ച് അടിയന്തര അറ്റകുറ്റ പണികള്‍ നടത്തണമെന്ന് ബന്ധപ്പെട്ട വകുപ്പുകളോടാവശ്യപ്പെട്ടിട്ടുണ്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍.

നിര്‍മാണം കഴിഞ്ഞ് ഏറെ കഴിയുന്നതിനു മുമ്പേ പാലം -റോഡ് തകര്‍ച്ചയും വിമാനത്താവള ടെര്‍മിനലുകളുടെ മേല്‍ക്കൂര തകര്‍ച്ചയും ബിഹാറില്‍ മാത്രമല്ല, രാജ്യത്തിന്റെ മറ്റു ഭാഗത്ത് നിന്നും റിപോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ജൂണ്‍ അവസാനത്തിലാണ് ഡല്‍ഹി, ജബല്‍പൂര്‍ വിമാനത്താവള ടെര്‍മിനലുകളുടെ മേല്‍ക്കൂര തകര്‍ന്നത്. അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ അയോധ്യ രാമക്ഷേത്രത്തില്‍ ചോര്‍ച്ച അനുഭവപ്പെടുന്നതായി പ്രധാന പൂജാരി സത്യേന്ദ്ര ദാസ് പറയുന്നു. പുനര്‍ നിര്‍മാണം പൂര്‍ത്തിയാക്കി 2022 സെപ്തംബര്‍ 26ന് ഗതാഗതത്തിനു തുറന്നു കൊടുത്ത ഗുജറാത്ത് മോര്‍ബിയിലെ തൂക്കുപാലം അഞ്ച് ദിവസത്തിനകം തകര്‍ന്നു. സംഭവത്തില്‍ 140ഓളം പേരാണ് മരണപ്പെട്ടത്. പാലത്തിന്റെ കരാര്‍ ഏറ്റെടുത്ത ഒറോവ കമ്പനി, തൂക്കുപാല നിര്‍മാണത്തില്‍ അത്ര പരിചയമില്ലാത്ത മറ്റൊരു കമ്പനിക്ക് ഉപകരാര്‍ കൊടുത്തതാണ് തകര്‍ച്ചക്കു കാരണമായി പറയപ്പെടുന്നത്. പാലത്തിന്റെ ഉറപ്പിനെക്കുറിച്ച് പരിശോധന നടത്താതെ അധികൃതര്‍ അത് തുറന്നു കൊടുക്കുകയും ചെയ്തു.

പാലങ്ങളുടെയും റോഡുകളുടെയും തകര്‍ച്ചക്ക് കരാറുകാരെയാണ് പൊതുവില്‍ കുറ്റപ്പെടുത്താറുള്ളത്. എന്നാല്‍ അവര്‍ക്ക് മാത്രമല്ല ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമുണ്ട് ഇതില്‍ പങ്ക്. കരാറുകാർക്കും എന്‍ജിനീയര്‍മാർക്കും രാഷ്ട്രീയ നേതൃത്വങ്ങളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടും സര്‍ക്കാര്‍ നിര്‍മാണ മേഖലയിലെ അലിഖിത കമ്മീഷന്‍ വ്യവസ്ഥയും പരസ്യമായ രഹസ്യമാണ്. ഒരു ലക്ഷം രൂപയുടെ കരാറില്‍ 15-25 ശതമാനം അഥവാ 15,000-25,000 രൂപ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും നല്‍കേണ്ടി വരുന്നുണ്ടെന്ന് ബിഹാറിലെ പാലം തകര്‍ച്ചയുമായി ബന്ധപ്പെട്ട് ഒരു കരാറുകാരന്‍ വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ബാക്കി വരുന്ന തുകയില്‍ കരാറുകാരന്‍ ലാഭത്തിന്റെ പങ്ക് കൈപറ്റുമ്പോള്‍ അവശേഷിക്കുന്ന തുക കൊണ്ട് സാമഗ്രികള്‍ മതിയായ അളവില്‍ ഉപയോഗിക്കാനോ, അവയുടെ നിലവാരം ഉറപ്പ് വരുത്താനോ സാധിച്ചെന്നു വരില്ല. ഈ അവിശുദ്ധ കൂട്ടുകെട്ട് നിലനില്‍ക്കുന്ന കാലത്തോളം പാലങ്ങളുടെയും റോഡുകളുടെയും നിലവാരക്കുറവ് തുടരുക തന്നെ ചെയ്യും.

Latest