Kerala
പിടിഎ ഫണ്ട് എന്ന പേരില്‍ വന്‍ തുക ഈടാക്കുന്നത് അനുവദിക്കില്ല; വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി
കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും
തിരുവനന്തപുരം | സംസ്ഥാനത്ത് സ്‌കൂളുകളില്‍ പിടിഎ ഫണ്ടിന്റെ പേരില്‍ വന്‍ തുക ഈടാക്കുന്നത് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പിടിഎയെ സ്‌കൂള്‍ ഭരണസമിതിയായി കാണരുതെന്നും ജനാധിപത്യപരമായി വേണം പിടിഎകള്‍ പ്രവര്‍ത്തിക്കാനെന്നും മന്ത്രി പറഞ്ഞു.
നിര്‍ബന്ധ പൂര്‍വ്വം വിദ്യാര്‍ഥികളില്‍ നിന്ന് വന്‍ പിരിവ് പാടില്ല. കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേനത്തിനു വലിയ തുക വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ഏകീകൃത ഫീസ് ഘടന ഇതുവരെ ഇല്ല. അത് രൂപീകരിക്കേണ്ട സമയമായി. എകീകൃത ഫീസ് ഘടനയാണെങ്കില്‍ എയ്ഡഡ് മേഖലകളില്‍ വാങ്ങുന്ന വലിയ തുകകള്‍ ഒരുപരിധി വരെ കുറക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം മൂന്ന് ലക്ഷത്തോളം നവാഗതര്‍ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ പ്രതീക്ഷയെന്ന് മന്ത്രി വ്യക്തമാക്കി. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്ന്,മൂന്ന് ,അഞ്ച് ,ഏഴ് ,ഒമ്പത് ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചെന്നും മാറ്റമില്ലാത്ത പുസ്തകങ്ങള്‍ ഇതിനോടകം കുട്ടികളിലേക്കെത്തിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.