Connect with us

From the print

മദ്യനയത്തിൽ ഇളവിന് പണപ്പിരിവ്; ക്രൈം ബ്രാഞ്ച് സംഘം ഇന്ന് ഇടുക്കിയിൽ

ബാറുടമകളുടെ യോഗത്തിന്റെ മിനുട്ട്‌സും സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് മദ്യനയത്തിൽ ഇളവ് വരുത്താൻ ബാർ ഉടമകളിൽ നിന്ന് പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണം അന്വേഷിക്കാൻ പ്രത്യേക ക്രൈം ബ്രാഞ്ച് സംഘം ഇന്ന് ഇടുക്കിയിലെത്തും. വിവാദത്തിലെ ഗൂഢാലോചനാ പരാതി അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം പ്രാഥമിക അന്വേഷണത്തിനായാണ് എത്തുന്നത്. മദ്യനയത്തിലെ ഇളവുകൾക്ക് വേണ്ടി പണപ്പിരിവ് നടത്തണമെന്ന് ആവശ്യപ്പെട്ട ബാറുടമകളുടെ സംഘടനയുടെ ഇടുക്കിയിലെ ഭാരവാഹി അനിമോന്റേതുൾപ്പെടെ മൊഴി സംഘം രേഖപ്പെടുത്തും. കേസെടുത്തുള്ള അന്വേഷണം ആയിരിക്കില്ല എന്നതിനാൽ പ്രാഥമിക അന്വേഷണത്തിൽ മൊഴിയെടുപ്പ് പൂർത്തിയാക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം. പണപ്പിരിവ് നടന്നോയെന്നും പണം ആർക്കെങ്കിലും കൈമാറിയോ എന്നും അന്വേഷിക്കും. ശബ്ദസന്ദേശത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നും പരിശോധിക്കും.

ബാറുടമകളുടെ സംഘടനയിലെ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ പക്കൽ നിന്നുള്ള വിശദാശംങ്ങളും അന്വേഷണ സംഘം ശേഖരിക്കും. വിവാദ സന്ദേശം പുറത്തുവന്ന സമയത്ത് ചേർന്ന സംഘടനയുടെ യോഗത്തിന്റെ വിശദാംശങ്ങൾ ശേഖരിക്കുന്നതിനായി യോഗത്തിന്റെ മിനുട്ട്‌സും സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കും. സംസ്ഥാനത്തെ മദ്യനയത്തിൽ ഇളവ് പ്രഖ്യാപിക്കണമെങ്കിൽ ബാറുടമകൾ കോഴ നൽകണമെന്ന അസ്സോസിയേഷൻ ഇടുക്കി ജില്ലാ ഭാരവാഹി അനിമോന്റെ ശബ്ദ സന്ദേശമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
സംഭവത്തിൽ രൂക്ഷ വിമർശവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിനും എക്‌സൈസ് മന്ത്രി എം ബി രാജേഷിനും പങ്കുണ്ടെന്നും അതിനാൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

വിവാദത്തിൽ സർക്കാറിന് പങ്കില്ലെന്നും മദ്യനയവുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ചകൾ പോലും നടന്നിട്ടില്ലെന്നും സർക്കാറും എക്‌സൈസ് മന്ത്രിയും വ്യക്തമാക്കിയിരുന്നു. എന്നാൽ, വിഷയം ചർച്ച ചെയ്യുന്നതിനായി മെയ് 21ന് ടൂറിസം വകുപ്പ് വിളിച്ചു ചേർത്ത ഓൺലൈൻ യോഗത്തിൽ ബാർ ഉടമകളും പങ്കെടുത്തതിന്റെ ലിങ്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പുറത്തുവിട്ടു.
അതേസമയം, ടൂറിസം മന്ത്രിയുടെ നിർദേശ പ്രകാരമല്ല യോഗം നടന്നതെന്ന് വ്യക്തമാക്കി ടൂറിസം ഡയറക്ടർ ശിഖാ സുരേന്ദ്രൻ പത്രക്കുറിപ്പിറക്കിയിരുന്നു. ടൂറിസം ഡയറക്ടർ വിളിച്ചു ചേർത്ത യോഗം മദ്യനയവുമായി ബന്ധപ്പെട്ടതോ ബാർ ഉടമകളുടേത് മാത്രമായുള്ളതോ അല്ലെന്നും ഈ വിഷയങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ശിപാർശകളോ അഭിപ്രായങ്ങളോ തീരുമാനങ്ങളോ ടൂറിസം ഡയറക്ടറേറ്റിൽ നിന്ന് സർക്കാറിലേക്ക് നൽകിയിട്ടില്ലെന്നും ഡയറക്ടർ വ്യക്തമാക്കി. വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി കേരളത്തെ ഉയർത്തുന്നതിന് നേരിടുന്ന തടസ്സങ്ങൾ, ദീർഘകാലമായി ടൂറിസം വ്യവസായം നേരിടുന്ന പ്രശ്‌നങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് യോഗത്തിൽ പങ്കെടുത്ത ടൂറിസം മേഖലയിലെ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിലുള്ളവർ ഉന്നയിച്ചതെന്നും ഡയറക്ടർ വിശദീകരിക്കുന്നു.

യോഗത്തിൽ മദ്യനയം ചർച്ചയായിട്ടില്ലെന്ന് ഡയറക്ടർ വിശദീകരിക്കുമ്പോഴും ഈ യോഗമാണ് ഡ്രൈഡേ പിൻവലിക്കുമെന്നും ബാറുകളുടെ പ്രവർത്തന സമയം കൂട്ടുമെന്നും ബാറുടമകൾക്ക് ഉറപ്പ് നൽകിയതെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷം.

Latest