From the print
ലഹരിക്കെതിരെ മത നേതൃത്വങ്ങളുടെ കൂട്ടായ ശ്രമം വേണം: കാന്തപുരം
ബുദ്ധി നശിച്ചാല്‍ സൗഹൃദാന്തരീക്ഷമുണ്ടാവുകയില്ല. നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവും നഷ്ടപ്പെടും. അതുകൊണ്ടാണ് ലഹരി ഉപയോഗിക്കാന്‍ പാടില്ലെന്ന് ഇസ്‌ലാം കര്‍ശന നിലപാട് സ്വീകരിച്ചത്.

കോഴിക്കോട് | സമൂഹത്തില്‍ മാരക വിപത്തായ ലഹരിക്കെതിരെ മത നേതൃത്വങ്ങളുടെ കൂട്ടായ പരിശ്രമം വേണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ലഹരിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെയും കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്കെതിരെയും ദയാ ദാക്ഷിണ്യമില്ലാത്ത നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മര്‍കസ് നോളജ് സിറ്റിയില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ നടക്കുന്ന ഗ്രാന്‍ഡ് ഇഫ്ത്വാറിനോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ നീച നികൃഷ്ട പ്രവര്‍ത്തനങ്ങളുടെയും ഉത്ഭവമാണ് ലഹരി. മനുഷ്യനെ നിയന്ത്രിക്കുന്ന ബുദ്ധിയെ അത് തകരാറിലാക്കും. ബുദ്ധി നശിച്ചാല്‍ സൗഹൃദാന്തരീക്ഷമുണ്ടാവുകയില്ല. നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവും നഷ്ടപ്പെടും. അതുകൊണ്ടാണ് ലഹരി ഉപയോഗിക്കാന്‍ പാടില്ലെന്ന് ഇസ്‌ലാം കര്‍ശന നിലപാട് സ്വീകരിച്ചത്. വിദ്യാഭ്യാസം ഇല്ലാത്തതു കൊണ്ടാണ് കുഴപ്പങ്ങള്‍ ഉണ്ടാകുന്നത് എന്നായിരുന്നു മുന്‍കാലങ്ങളില്‍ പറയാറുണ്ടായിരുന്നത്.
എന്നാല്‍ ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസം ഉള്ളവര്‍ പോലും വലിയ കുഴപ്പങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതാണ് കാണുന്നത്. ആത്മാവിനെ ശുദ്ധീകരിക്കുന്ന വിദ്യാഭ്യാസം ഉണ്ടായാല്‍ മാത്രമേ സമാധാനം ഉണ്ടാവുകയുള്ളൂ എന്നും കാന്തപുരം പറഞ്ഞു. മദ്യ, മയക്കുമരുന്ന് പദാര്‍ഥങ്ങള്‍ നിരോധിക്കുകയും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ദയ കാണിക്കാതെയുള്ള നടപടി സ്വീകരിക്കുകയും വേണം. ലഹരിക്കെതിരെ മത നേതാക്കളുടെ നേതൃത്വത്തില്‍ കൂട്ടായ ശ്രമങ്ങള്‍ ആവശ്യമാണെന്നും കാന്തപുരം പറഞ്ഞു. മനുഷ്യന്റെ ബുദ്ധിയെ തകരാറിലാക്കുന്ന ലഹരിവസ്തുക്കള്‍ നിര്‍മാര്‍ജനം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, ഫാദര്‍ ജോര്‍ജ് കളത്തൂര്‍, ഫാദര്‍ പ്രസാദ്, സ്വാമി തച്ചോലത്ത് ഗോപാലന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.