Educational News
കോളജ് സമയം രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി
കരിക്കുലം ഫ്രെയിം വർക്ക് അന്തിമഘട്ടത്തിൽ • വിദേശ പഠനം തടയാനാകില്ല
തിരുവനന്തപുരം | സംസ്ഥനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം രാവിലെ എട്ട് മുതൽ വൈകിട്ട് എട്ട് വരെയാക്കി ക്രമീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. എന്നാൽ, ക്ലാസ്സുകളുടെ സമയ ക്രമത്തിൽ മാറ്റമുണ്ടാകില്ല.
ലൈബ്രറി, ലബോറട്ടറി, ഇൻകുബേഷൻ, ഇന്നൊവേഷൻ സെൻ്ററുകൾ എന്നിവ ഉപയേഗിക്കാൻ വിദ്യാർഥികൾക്ക് കൂടുതൽ അവസരമൊരുക്കുകയാണ് ലക്ഷ്യം. സ്വയം പഠനത്തിന് പ്രാമുഖ്യം നൽകിയാണ് ഉന്നത വിദ്യാഭ്യാസ മേഖലയെ പരിവർത്തിപ്പിക്കുന്നതെന്നും നിയമസഭയിൽ മഞ്ഞളാംകുഴി അലിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.
പഠനത്തോടൊപ്പം പണിയെടുക്കാൻ കഴിയുന്ന ഏൺ വൈൽ യു ലേൺ, കണക്ട് കരിയർ ടു ക്യാമ്പസ്, ഇൻഡസ്ട്രി ഓൺ ക്യാമ്പസ് എന്നീ പദ്ധതികൾ തുടങ്ങിയിട്ടുണ്ട്. ഇതിനെല്ലാം ഈ സമയക്രമം സഹായകമാകും. ഇതെല്ലാമുൾപ്പെട്ട കേരള സ്റ്റേറ്റ് ഹയർ എജ്യുക്കേഷൻ കരിക്കുലം ഫ്രെയിം വർക്ക് തയ്യാറാകുകയാണെന്നും മന്ത്രി അറിയിച്ചു.
കേരളത്തെ ആഗോള വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. അറിവിൻ്റെ ഉത്പാദനം, അറിവിനെ സമൂഹത്തിന് ഉപയോഗിക്കാവുന്ന ഉത്പന്നങ്ങളാക്കാൻ ട്രാൻസ്‌ലേഷനൽ റിസർച്ച് ലബോറട്ടറികൾ, ഈ ആശയങ്ങളെ വ്യവസായ അടിസ്ഥാനത്തിൽ പരിവർത്തിപ്പിക്കുന്ന ഇൻക്യൂബേഷൻ കേന്ദ്രങ്ങൾ, ഇവയെ ഉത്പാദിപ്പിക്കുന്നതിന് സ്റ്റാർട്ടപ് കേന്ദ്രങ്ങൾ എന്നിവയൊക്കെ ചേർന്ന ഹബ്ബായി ഓരോ വിദ്യാഭ്യാസ സ്ഥാപനത്തെയും മാറ്റിയെടുക്കാൻ ആവശ്യമായ നടപടികളാണ് ആരംഭിച്ചത്.
രാജ്യത്ത് ഏറ്റവും അധികം കോളജുകളുള്ള പത്ത് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഒരുലക്ഷം വിദ്യാർഥികൾക്ക് 50 കോളജ് എന്ന അനുപാതത്തിൽ സ്ഥാപനങ്ങളുണ്ട്. ദേശീയ ശരാശരി ഒരു ലക്ഷം വിദ്യാർഥികൾക്ക് 31 കോളജാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്‌കരണത്തിനായി നിയമിച്ച മൂന്ന് കമ്മീഷനുകളുടെയും റിപോർട്ടുകളിലെ നിർദേശങ്ങൾ നടപ്പാക്കി തുടങ്ങുകയാണെന്നും മന്ത്രി അറിയിച്ചു.
രണ്ട് വർഷത്തിനുള്ളിൽ കിഫ്ബി, റൂസ, പ്ലാൻ ഫണ്ട് എന്നിവ ഉപയോഗിച്ച് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണത്തിനായി ആയിരം കോടിയിൽപ്പരം രൂപ ചെലവാക്കി. വിദേശരാജ്യങ്ങളിൽ ലഭിക്കുന്നുവെന്ന് കരുതപ്പെടുന്ന എല്ലാ സൗകര്യങ്ങളും ഇവിടെത്തന്നെ ഒരുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
തുടർപഠനത്തിനും തൊഴിലിനുമായി വിദ്യാർഥികൾ കുടിയേറുന്നത് എല്ലാ സംസ്ഥാനങ്ങളിലും പ്രകടമാണ്. കേന്ദ്രസർക്കാർ പാർലിമെൻ്റിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം നവംബർ വരെ കഴിഞ്ഞ വർഷം 6,46,206 വിദ്യാർഥികൾ ഇന്ത്യയിൽ നിന്ന് ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോയിട്ടുണ്ട്. ഇതിൽ 12 ശതമാനം ആന്ധ്രയിൽ നിന്നും 12 ശതമാനം പഞ്ചാബിൽ നിന്നും 11 ശതമാനം മഹാരാഷ്ട്രയിൽ നിന്നുമാണെന്നാണ് ഓക്‌സ്‌ഫോർഡ് ഇൻ്റർനാഷനൽ എന്ന സ്ഥാപനം നടത്തിയ പഠനം സൂചിപ്പിക്കുന്നത്. ഇതിൽ നാല് ശതമാനം വിദ്യാർഥികൾ മാത്രമാണ് കേരളത്തിൽ നിന്ന് പോയതെന്നും മന്ത്രി വിശദീകരിച്ചു.