Connect with us

Educational News

ലക്ഷദ്വീപിലെ കോളജുകള്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ നിന്ന് പോണ്ടിച്ചേരിയിലേക്ക് മാറ്റി

കോഴ്‌സുകള്‍ പോണ്ടിച്ചേരിയിലേക്ക് മാറ്റുന്നത് ദ്വീപിലെ വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കും

Published

|

Last Updated

കൊച്ചി | ലക്ഷദ്വീപ് നിവാസികള്‍ക്ക് കേരളവുമായുള്ള വിദ്യാഭ്യാസ പരമായ ബന്ധങ്ങള്‍ക്കും കൂച്ചുവിലങ്ങിട്ട് ഭരണകൂടം. ദ്വീപിലെ കോളജുകള്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് മാറ്റി പോണ്ടിച്ചേരി സര്‍വ്വകലാശാലയ്ക്ക് കൈമാറി. അടുത്ത മാര്‍ച്ച് മുതല്‍ കോഴ്‌സുകള്‍ പോണ്ടിച്ചേരി സര്‍വ്വകലാശാലയുടെ കീഴിലാകും.

ലക്ഷദ്വീപിലെ ഉന്നതവിദ്യാഭ്യാസ ഉദ്യോഗസ്ഥന്‍ ഇതുസംബന്ധമായ ഫയലുകള്‍ കാലിക്കറ്റ് സര്‍വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച ഉത്തരവ് കാലിക്കറ്റ് സര്‍വകലാശാലക്ക് ലഭിച്ചു. 18 വര്‍ഷമായി കാലിക്കറ്റ് സര്‍വ്വകലാശാലയാണ് ലക്ഷദ്വീപിലെ കോളജുകളില്‍ കോഴ്‌സുകള്‍ നടത്തുന്നത്. അടുത്ത വര്‍ഷത്തേക്കുള്ള കോഴ്‌സ് നടത്തിപ്പുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ സജീവമായി നടക്കുന്നതിനിടെയാണ് കാലിക്കറ്റ് സര്‍വകലാശാലയെ മാറ്റി ഉത്തരവിറങ്ങിയത്.

കേരള – ലക്ഷദ്വീപ് ബന്ധം പൂര്‍ണമായും അറുത്തുമാറ്റുകയെന്ന ഗൂഢലക്ഷ്യമാണ ദ്വിപ് ഭരണകൂടത്തിന്റെ നീക്കത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. നേരത്തെ ലക്ഷദ്വീപില്‍ നിന്നുള്ള ചരക്കുനീക്കം ബേപ്പൂരില്‍ നിന്ന് മംഗലാപുരത്തേക്ക് മാറ്റിയിരുന്നു. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനവിരുദ്ധ നീക്കങ്ങള്‍ക്ക് എതിരെ ദ്വീപ് ജനത നടത്തിയ പ്രതിഷേധങ്ങള്‍ക്ക് കേരളത്തില്‍ നിന്ന് ശക്തമായ പിന്തുണ ലഭിച്ചിരുന്നു. ഭരണകൂടത്തിന്റെ നടപടികള്‍ക്ക് എതിരെ കേരള നിയമസഭ പ്രമേയം പാസ്സാക്കുകയും ചെയ്തു. ഇതെല്ലാം ദ്വീപ് ഭരണകൂടത്തെ ചൊടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദ്വീപ് ജനതക്ക് കേരളവുമായുള്ള എല്ലാ ബന്ധങ്ങളും അറുത്തുമാറ്റാന്‍ ഭരണകൂടം തുടര്‍ച്ചയായ ഇടപെടല്‍ നടത്തുന്നത്.

കോഴ്‌സുകള്‍ പോണ്ടിച്ചേരിയിലേക്ക് മാറ്റുന്നത് ദ്വീപിലെ വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കും. ദ്വീപില്‍ നിന്ന് പോണ്ടിച്ചേരിയിലേക്ക് എത്താന്‍ തന്നെ രണ്ടോ മൂന്നോ ദിവസങ്ങളെടുക്കും. ഇതൊന്നും കണക്കിലെടുക്കാതെയാണ് ദ്വീപ് ഭരണകൂടത്തിന്റെ ഏകപക്ഷീയ നടപടി.

അതിനിടെ, പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് 4 കോടിയോളം രൂപ ലക്ഷദ്വീപ് ഭരണകൂടം കാലിക്കറ്റ് സര്‍വ്വകലാശാലക്ക് നല്‍കാനുണ്ട്. അക്കാര്യത്തില്‍ ഒരു മറുപടിയും നല്‍കിയിട്ടില്ല. അതുകൊണ്ട് ഈ ഫയലുകള്‍ തല്‍ക്കാലം നല്‍കില്ല എന്ന തീരുമാനത്തിലാണ് കാലിക്കറ്റ് സര്‍വ്വകലാശാല അധികൃതര്‍ എന്നാണ് അറിയുന്നത്.

പുതുച്ചേരിയിലെ ഒരു കേന്ദ്ര സര്‍വ്വകലാശാലയാണ് പോണ്ടിച്ചേരി സര്‍വ്വകലാശാല. ഏകദേശം നൂറിനടുത്ത് കോളേജുകള്‍ സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. അഫിലിയേറ്റഡ് കോളേജകളിലായി 51,000 ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.

Latest