Kerala
കോഴിക്കോട് കോര്‍പ്പറേഷനിലെ കൂട്ടത്തല്ല്; 37 പേര്‍ക്കെതിരെ കേസ്
25 എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും 12 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് ടൗണ്‍ പോലീസ് കേസെടുത്തത്
കോഴിക്കോട് | പഞ്ചാബ് നേഷണല്‍ ബേങ്ക് അക്കൗണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിലുണ്ടായ സംഘര്‍ഷത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. 25 എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും 12 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് ടൗണ്‍ പോലീസ് കേസെടുത്തത്.
പി എന്‍ ബി തട്ടിപ്പുമായി ബന്ധപ്പെട്ട് കൗണ്‍സില്‍ യോഗത്തിലുണ്ടായ പ്രതിഷേധത്തിനു പിന്നാലെയായിരുന്നു കോര്‍പ്പറേഷനില്‍ സംഘര്‍ഷമുണ്ടായത്. എല്‍ഡിഎഫ് – യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് നഗരസഭാ മന്ദിരത്തിനുള്ളില്‍ ഏറ്റുമുട്ടിയത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും കയ്യേറ്റമുണ്ടായി. കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധിച്ച പതിനഞ്ച് യുഡിഎഫ് കൗണ്‍സിലര്‍മാരെ മേയര്‍ സസ്‌പെന്റ് ചെയ്തിരുന്നു. പിഎന്‍ബി അക്കൗണ്ട് തട്ടിപ്പിനെ ചൊല്ലി കോഴിക്കോട് നഗരസഭയില്‍ യുഡിഎഫും ബിജെപിയും പ്രതിഷേധം നടത്തിയിരുന്നു. ഇതിന് ശേഷമാണ് നഗരസഭാ മന്ദരിത്തിന് അകത്ത് കൂട്ടത്തല്ലുണ്ടായത്.