Connect with us

Kerala

ടൂറിസ്റ്റ് ബസുകളിലെ കളര്‍ കോഡ്; സാവകാശം വേണമെന്ന ബസുടമകളുടെ ആവശ്യം മന്ത്രി തള്ളി

കളര്‍ കോഡ് ലംഘിക്കുന്ന ബസുകള്‍ക്കെതിരെ ഇന്ന് മുതല്‍ നടപടി സ്വീകരിക്കും. ഏകീകൃത നിറം നടപ്പാക്കാത്ത ബസുകള്‍ പിടിച്ചെടുക്കും.

Published

|

Last Updated

തിരുവനന്തപുരം | ടൂറിസ്റ്റ് ബസുകളിലെ കളര്‍ കോഡ് വിഷയത്തില്‍ സാവകാശം വേണമെന്ന ബസുടമകളുടെ ആവശ്യം മന്ത്രി തള്ളി. അടുത്ത ടെസ്റ്റ് വരെ സമയം വേണമെന്ന ആവശ്യമാണ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു തള്ളിയത്. ബസുടമകള്‍ കൂടിക്കാഴ്ച നടത്തിയപ്പോഴാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

കളര്‍ കോഡ് ലംഘിക്കുന്ന ബസുകള്‍ക്കെതിരെ ഇന്ന് മുതല്‍ നടപടി സ്വീകരിക്കും. ഏകീകൃത നിറം നടപ്പാക്കാത്ത ബസുകള്‍ പിടിച്ചെടുക്കും. അനധികൃതമായി ബസില്‍ രൂപ മാറ്റങ്ങള്‍ വരുത്തിയാല്‍ ബസുടമക്ക് പുറമെ വാഹന ഡീലര്‍, വര്‍ക്ക്ഷോപ്പ് എന്നിവര്‍ക്കെതിരെയും നടപടിയുണ്ടാകും. ഓരോ രൂപമാറ്റത്തിനും 10,000 രൂപ വീതമാണ് പിഴ ഈടാക്കുക. ടൂറിസ്റ്റ് ബസുകള്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ച് സര്‍വീസ് നടത്തുന്നതിനെതിരെ കര്‍ക്കശ നടപടികള്‍ കൈക്കൊള്ളാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
ആര്‍ ടി ഓഫീസുകളിലെ ഓരോ ഉദ്യോഗസ്ഥനും നിശ്ചിത എണ്ണം വാഹനങ്ങളുടെ പരിശോധനാ ചുമതല നല്‍കും. വാഹനങ്ങളുടെ ക്രമക്കേടുകള്‍ക്ക് ഇനി മുതല്‍ ഉദ്യോഗസ്ഥരും ഉത്തരവാദികളാകും. ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ എക്സൈസ് വകുപ്പുമായി ചേര്‍ന്ന് പരിശോധന ആരംഭിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

 

Latest