Kerala
കളര്‍കോട് വാഹനാപകടം; മരിച്ച വിദ്യാര്‍ഥികള്‍ക്ക് യാത്രാമൊഴി നല്‍കി കലാലയം
പ്രിയപ്പെട്ടവര്‍ക്ക് വണ്ടാനം മെഡിക്കല്‍ കോളേജ് വിടനല്‍കുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു.
ആലപ്പുഴ | കളര്‍കോട് വാഹനാപകടത്തില്‍ മരിച്ച മെഡിക്കള്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാമൊഴി നല്‍കി സഹപാഠികളും അധ്യാപകരും. ഏറെ പ്രതീക്ഷയോടെ ഒരുമാസം മുന്‍പ് വണ്ടാനം മെഡിക്കല്‍ കോളജിലെത്തിയവരാണ് ഇന്ന് ചേതനയറ്റ് ക്യാമ്പസിലേക്ക് അവസാനമായി എത്തിയത്. പ്രിയപ്പെട്ടവര്‍ക്ക് വണ്ടാനം മെഡിക്കല്‍ കോളേജ് വിടനല്‍കുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു.കോളജ് കാമ്പസില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹങ്ങള്‍ കാണാന്‍ നിരവധിയാളുകളാണ് തടിച്ചുകൂടിയത്.
ഇബ്രാഹിം, ദേവാനന്ദ്, ആയുഷ് രാജ്, ശ്രീദീപ്, മുഹമ്മദ് ജബ്ബാര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ ക്യാമ്പസിലെത്തിച്ചത്.മെഡിക്കല്‍ കോളേജിലെ സെന്‍ട്രല്‍ ലൈബ്രറി ഹാളിലാണ് പൊതുദര്‍ശനം.ആരോഗ്യമന്ത്രി വീണാ ജേര്‍ജ്, മന്ത്രിമാരായ സജി ചെറിയാന്‍, പി പ്രസാദ്, എംഎല്‍എ ചിത്തരഞ്ജന്‍ തുടങ്ങിയവര്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആശുപത്രിയിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചിച്ചിരുന്നു.
പൊതുദര്‍ശനത്തിന് ശേഷം മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ അവരവരുടെ വീടുകളില്‍ എത്തിക്കും. പാലാ മറ്റക്കരയിലെ വീട്ടില്‍ നാളെ ഉച്ചയ്ക്ക് ആയിരിക്കും ദേവാനന്ദിന്റെ സംസ്‌കാരം.ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിമിന്റെ ഖബറടക്കം എറണാകുളം ടൗണ്‍ ജുമാ മസ്ജിദില്‍ നടക്കും. കോട്ടയം പൂഞ്ഞാര്‍ സ്വദേശി ആയുഷിന്റെ സംസ്‌കാരം കുടുംബ വീടായ ആലപ്പുഴ കാവാലത്ത് നാളെ രാവിലെ 10ന് നടത്തും.
ഇന്നലെ രാത്രി 9മണിയോടെയാണ് കളര്‍കോട് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസിലേക്ക് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി ഇടിച്ചുകയറി അപകടമുണ്ടായത്. കാറില്‍ 11 പേരാണ് ഉണ്ടായിരുന്നത്. ഒരാള്‍ സംഭവസ്ഥലത്തും നാല് പേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.
അപകടമുണ്ടായ കാറിന് ആന്റിലോക്ക് ബ്രേക്കിങ് സംവിധാനമില്ലായിരുന്നെന്നും 14 വര്‍ഷം പഴക്കം ചെന്ന വാഹനമായിരുന്നെന്നും ആലപ്പുഴ ആര്‍ടിഒ പ്രതികരിച്ചിരുന്നു.
എന്തോ കണ്ട് വാഹനം വലത്തോട്ടേക്ക് തിരിച്ചെന്നാണ് കാറോടിച്ച വിദ്യാര്‍ഥി പറഞ്ഞിരുന്നത്. എന്നാല്‍ പ്രത്യേകിച്ച് ഒന്നും തടസ്സമായി നിന്നതായി കാണുന്നില്ല. സിസിടിവി ദൃശ്യങ്ങള്‍ കൂടുതല്‍ പരിശോധിക്കും. മഴ പെയ്തതുകൊണ്ട് റോഡില്‍ രൂപപ്പെട്ട ജലപാളികളും വാഹനത്തിന്റെ പഴക്കവും തന്നെയായിരിക്കും അപകടകാരണമെന്നും ആര്‍ ടി ഒ പറഞ്ഞു.