Kerala
വര്‍ണാഭമായി തൃപ്പുണ്ണിത്തുറ അത്തച്ചമയ ഘോഷയാത്ര
തൃപ്പൂണിത്തുറയിലെ അത്തം നഗറില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.
കൊച്ചി | പത്തുനാള്‍ നീണ്ടു നില്‍ക്കുന്ന ഓണാഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് തൃപ്പൂണിത്തുറയില്‍ നടന്ന അത്തച്ചമയ ഘോഷയാത്ര വര്‍ണാഭമായി. നാടന്‍ കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും അണിനിരന്ന ഘോഷയാത്രയാണ് തൃപ്പൂണിത്തുറയില്‍ നടന്നത്.
തൃപ്പൂണിത്തുറയിലെ അത്തം നഗറില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഫ്രാന്‍സിസ് ജോര്‍ജ് എം പി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുത്തു. അത്തം നഗറില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പതാക ഉയര്‍ന്നതോടെ സംസ്ഥാനത്തെ ഔദ്യോഗിക ഓണാഘോഷ പരിപാടികള്‍ക്കും തുടക്കമായി. ലോക പ്രശസ്തമായ തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങളോടെ കേരള നാട് ഓണാവേശത്തിലേക്ക് കടക്കുകയാണ്.
എള്ളോളമില്ല പൊളിവചനം എന്നു പറയാന്‍ ഇന്ന് മലയാളിക്ക് കഴിയില്ലെന്ന് ഉദ്ഘാടന ചടങ്ങില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. പരസ്പരം പഴിചാരാതെയും കുറ്റപ്പെടുത്താതെയും മുന്നോട്ടു പോകാന്‍ മലയാളിക്ക് കഴിയണം. മത വര്‍ഗീയ ചിന്തകള്‍ ഇല്ലാത്ത നാടാണ് കേരളമെന്നും എ എന്‍ ഷംസീര്‍ പറഞ്ഞു. ബാന്‍ഡ് മേളത്തിന്റെയും ചെണ്ടമേളത്തിന്റെയും ശിങ്കാരി മേളത്തിന്റെയും അകമ്പടിയോടെയാണ് വര്‍ണാഭമായ ഘോഷയാത്ര നടക്കുന്നത്.സാംസ്‌കാരിക കലാരൂപങ്ങള്‍, വര്‍ണക്കുടകള്‍, പുലിക്കളി, കാവടിയാട്ടം, കരകാട്ടം എന്നിവയെല്ലാം ഘോഷയാത്രയ്ക്ക് നിറം പകര്‍ന്നു. ആയിരകണക്കിന് പേരാണ് തൃപ്പൂണിത്തുറയില്‍ അത്തച്ചമയ ഘോഷയാത്രയില്‍ പങ്കെടുത്തത്.



