Kerala
കളര്‍കോട് അപകടം: കാറുടമ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയ്ക്ക് മുമ്പില്‍ ഹാജരായി
കാറില്‍ യാത്ര ചെയ്ത വിദ്യാര്‍ഥികളുടെയും മൊഴിയെടുക്കുമെന്നാണ് വിവരം.
ആലപ്പുഴ | ആലപ്പുഴ കളര്‍കോട് അഞ്ച് വിദ്യാര്‍ഥികള്‍ മരിക്കാനിടയായ വാഹനാപകടത്തില്‍ കാറുടമ എന്‍ഫോഴസ്‌മെന്റ് ആര്‍ടിഒയ്ക്ക് മുമ്പില്‍ ഹാജരായി. നോട്ടീസ് നല്‍കിയാണ് കാറുടമ ഷാമില്‍ ഖാനെ വിളിച്ചുവരുത്തിയത്.
കാര്‍ വാടകയ്ക്ക് നല്‍കിയതാണോ എന്ന് എംവിഡി അന്വേഷിക്കുന്നുണ്ട്. ഷാമില്‍ ഖാന് വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന പതിവുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പിന് വിവരം ലഭിച്ചിരുന്നു. കാര്‍ വാടകയ്ക്ക് നല്‍കിയതാണെന്ന് കണ്ടെത്തിയാല്‍ ഷാമില്‍ ഖാനെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. കാറില്‍ യാത്ര ചെയ്ത വിദ്യാര്‍ഥികളുടെയും മൊഴിയെടുക്കുമെന്നാണ് വിവരം.
കാര്‍ നല്‍കിയത് വാടകയ്ക്കല്ലെന്നും പരിചയത്തിന്റെ പേരില്‍ മാത്രമാണെന്നുമാണ് ഷാമില്‍ നേരത്തെ വ്യക്തമാക്കിയത്.തിങ്കളാഴ്ച രാത്രി 9മണിയോടെയാണ് കളര്‍കോട് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസിലേക്ക് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി ഇടിച്ചുകയറി അപകടമുണ്ടായത്. കാറില്‍ 11 പേരാണ് ഉണ്ടായിരുന്നത്. ഒരാള്‍ സംഭവസ്ഥലത്തും നാല് പേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.