Connect with us

onam

മനസ്സില്‍ മാനവികതയുടെ വര്‍ണപ്പൂക്കളങ്ങള്‍; മലയാളികള്‍ ഓണ നിറവില്‍

വര്‍ണ വസ്ത്രങ്ങളണിഞ്ഞും വൈവിധ്യങ്ങള്‍ക്കുമുകളില്‍ ഒരുമയുടെ കൈകള്‍ കോര്‍ത്തും മലയാളികള്‍ ആഘോഷങ്ങളില്‍ മാനവികതയുടെ പുതിയ പൂക്കളങ്ങള്‍ തീര്‍ക്കുന്നു.

Published

|

Last Updated

കോഴിക്കോട് | കേരളക്കരയെങ്ങും ഓണത്തിന്റെ നിറവില്‍. തിരുവോണ സമൃദ്ധിയൊരുക്കാനുള്ള ഉത്രാടപ്പാച്ചിലാണെങ്ങും.
മലയാളികള്‍ ലോകത്തെവിടെയാണെങ്കിലും ഓണത്തിന്റെ ആഹ്ലാദം നുകരുന്നു. അത്തം മുതല്‍ പൂക്കളമൊരുക്കി സമൃദ്ധിയുടേയും സന്തോഷത്തിന്റേയും ദിനങ്ങളെ വരവേല്‍ക്കുകയാണു മലയാളികള്‍.
കള്ളക്കര്‍ക്കടകത്തിന്റെ ദൈന്യങ്ങള്‍ കടന്നാണ് ഓണവെയിലും ഓണനിലാവും മനസ്സുകളില്‍ ആഹ്ലാദത്തിന്റെ വെളിച്ചം വിതറന്നുത്. ഇക്കുറി മഴയും കാലവര്‍ഷക്കെടുതികളും കുറവായിരുന്നു. മുന്‍വര്‍ഷങ്ങളെ കരയിച്ച തിന്‍മകളെയെല്ലാം മറന്നാണ് ഇത്തവണത്തെ ആഹ്ലാദം.

മാനുഷരെല്ലാരുമൊന്നുപോലെ വാണ നല്ലനാളിന്റെ സ്മരണയിലാണ് ഓണക്കാലം കടന്നെത്തുന്നത്. കള്ളവും ചതിയുമില്ലാത്ത, പൊളിവചനങ്ങള്‍ എള്ളോളമില്ലാത്ത, രോഗപീഡയും ബാലമരണങ്ങളുമില്ലാത്ത, കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത… സമത്വ സുന്ദരമായ മാവേലി നാടിനെക്കുറിച്ചുള്ളതാണ് ഓണത്തിന്റെ സന്ദേശം.

കാലം മാറിയപ്പോള്‍ ഓണത്തിന്റെ പഴയ ചേലുകള്‍ മാറിയെങ്കിലും ചിങ്ങത്തില്‍ കടന്നെത്തുന്ന ഓണത്തിന്റെ ആഹ്ലാദത്തിന് ഒട്ടും കുറവില്ല.

കഴുത്തില്‍ ഞാത്തിയ പൂക്കൂടകളുമായി വെലിപ്പടര്‍പ്പുകളും പറമ്പും പാടങ്ങളും മലവാരങ്ങളും കയറി തുമ്പയുംതെച്ചിയും അരിപ്പൂവും കാക്കപ്പൂവും കോളാമ്പിപ്പൂവും നുള്ളിയെടുത്തു പൂവിളികള്‍ കൊണ്ട് അന്തരീക്ഷം മുഖരിതമാക്കിയിരുന്ന ബാല്യ കൗമാരങ്ങള്‍ കടന്നു പോയിരിക്കുന്നു. അവര്‍ പാടിയ ഓണപ്പാട്ടുകള്‍ മറവി മൂടിയിരിക്കുന്നു:

കറ്റകറ്റക്കയറിട്ടു…
കയറാലഞ്ചു മടക്കിട്ടു…
നെറ്റിപ്പട്ടം പൊട്ടിട്ടു…
കൂടേ ഞാനും പൂവിട്ടു…
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ…
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ…

അനേകം ഓണപ്പാട്ടുകള്‍ മുഴങ്ങിയ ഓര്‍മകളും മാഞ്ഞുപോയിരിക്കുന്നു.

വെലിപ്പടര്‍പ്പിലും കുറ്റിക്കാട്ടിലും തലനീട്ടിയിരുന്ന നാടന്‍ വര്‍ണപ്പൂക്കള്‍ക്കു പകരം വിളയിച്ചെടുത്ത ചെണ്ടുമല്ലിയും ചേമന്തിയും പൂക്കളങ്ങള്‍ക്കായി ഒരുങ്ങിയെത്തുന്നു.

ഓണപ്പുടവകള്‍ക്കും ഓണസദ്യക്കും വൈവിധ്യങ്ങള്‍ ഏറെവന്നിരിക്കുന്നു. ഓണമുണ്ണാന്‍ കാണം വില്‍ക്കേണ്ടിവന്നവരുടെ ഭൂതകാലങ്ങളില്‍ നിന്ന് ഓണം ഏറെ സഞ്ചരിച്ചിരിക്കുന്നു. കമ്പോളങ്ങള്‍ ഓണത്തെ വരവേല്‍ക്കാന്‍ വളരെ നേരത്തെ തന്നെ അണിഞ്ഞൊരുകുന്നു. ഊഞ്ഞാലാട്ടവും ഓണപ്പാട്ടും ഓണക്കളികളും സ്വീകരണ മുറിയില്‍ ആരവം തീര്‍ക്കുന്നു.

കാര്‍ഷിക ജീവിതത്തിന്റെ പൂര്‍വ കാലങ്ങളില്‍ ചെളിപുരണ്ട ജീവിതങ്ങള്‍ക്ക് എന്നും ഓണം ശുഭ പ്രതീക്ഷയുടെ പൊന്നൊളിയായിരുന്നു.
വൈലോപ്പിള്ളിയുടെ ഓണപ്പാട്ടുകാര്‍ പാടിയത് ഇങ്ങനെയായിരുന്നു:

അരിമയിലോണപ്പാട്ടുകള്‍ പാടിപ്പെരുവഴി താണ്ടും കേവല,എപ്പൊഴു-മരവയര്‍ പട്ടിണിപെട്ടവര്‍, കീറി-പ്പഴകിയ കൂറ പുതച്ചവര്‍ ഞങ്ങള്‍;
നരയുടെ മഞ്ഞുകള്‍ ചിന്നിയ ഞങ്ങടെ തലകളില്‍ മങ്ങിയൊതുങ്ങിയിരിപ്പൂ നിരവധി
പുരുഷായുസ്സിന്നപ്പുറ-
മാളിയൊരോണപ്പൊന്‍കിരണങ്ങള്‍…

പാടങ്ങള്‍ കൊയ്തുകൂട്ടി പത്തായങ്ങള്‍ നിറച്ചുവച്ചവരുടെ ഓണത്തേക്കാള്‍ അഴകുണ്ടായിരുന്നു പാടത്തു വിയര്‍പ്പു വിതച്ചു വിളവൊരുക്കിയവരുടെ അരവയര്‍ പട്ടിണിയായിരുന്ന ഓണത്തിന്.

വിദ്യാലയങ്ങള്‍, തൊഴിലിടങ്ങള്‍, നാട്ടുകൂട്ടങ്ങള്‍…എവിടെയും ഓണാഘോഷത്തിന്റെ നിറവിലാണിപ്പോള്‍. വര്‍ണ വസ്ത്രങ്ങളണിഞ്ഞും വൈവിധ്യങ്ങള്‍ക്കുമുകളില്‍ ഒരുമയുടെ കൈകള്‍ കോര്‍ത്തും മലയാളികള്‍ ആഘോഷങ്ങളില്‍ മാനവികതയുടെ പുതിയ പൂക്കളങ്ങള്‍ തീര്‍ക്കുന്നു.

 

 

 

 

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

---- facebook comment plugin here -----

Latest