Connect with us

Career Notification

കേന്ദ്ര ഗവൺമെന്റിൽ വിവിധ ജോലികൾക്ക് കംബൈൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷ; അപേക്ഷക്ക് സമയം മറ്റന്നാൾ കൂടി

ജോലിചെയ്യുന്ന സ്ഥലത്തിൻറെ അടിസ്ഥാനത്തിൽ ഏകദേശം 40,000 രൂപ മുതൽ 90,000 രൂപ വരെ പ്രതിമാസ പ്രാരംഭ ശമ്പളം ലഭ്യമായ തസ്തികകളിലേക്കാണ് ഡിഗ്രി യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷകൾ വിളിച്ചത്

Published

|

Last Updated

സർക്കാർ ജോലി തേടുന്ന ബിരുദധാരികൾക്ക് കേന്ദ്ര ഗവൺമെന്റിന്റെ ജോലി നേടാൻ അടുത്തകാലത്തൊന്നുമില്ലാത്ത വലിയ അവസരമാണ് കൈവന്നിരിക്കുന്നത്. കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷ പാസാക്കുന്നവർക്ക് കേന്ദ്ര ഗവൺമെന്റിന്റെ 4,5,6,7ലെവൽ ശമ്പള സ്കെയിലിലുള്ള തസ്തികകളിലേക്ക് നിയമനം ലഭിക്കും. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 24 .7 2024 രാത്രി 11 മണി വരെയാണ്.

കേന്ദ്ര സർക്കാറിന്റെ വിവിധ വകുപ്പുകളിലെ വ്യത്യസ്‌ത തസ്തികകളിലേക്ക് ഈ റിക്രൂട്ട്മെൻറ് വഴി ജോലി നേടാൻ കഴിയും. സെൻട്രൽ സെക്രട്ടറിയേറ്റ്, ഇൻകം ടാക്‌സ്, ജി എസ് ടി, സി ബി ഐ റെയിൽവേ, പോസ്റ്റൽ ഇന്റലി ജൻറ്സ് ബ്യൂറോ, മറ്റു കേന്ദ്രമന്ത്രാലയങ്ങൾ, എന്നിവിടങ്ങളിലെ ഗ്രൂപ് ബി, ഗ്രൂപ്പ് സി പോസ്റ്റുകളിലേക്കാണ് ഈ പരീക്ഷ വഴി നിയമനം ലഭിക്കുക.

ജോലിചെയ്യുന്ന സ്ഥലത്തിൻറെ അടിസ്ഥാനത്തിൽ ഏകദേശം 40,000 രൂപ മുതൽ 90,000 രൂപ വരെ പ്രതിമാസ പ്രാരംഭ ശമ്പളം ലഭ്യമായ തസ്തികകളാണ് ഇത്. കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള മറ്റു ആനുകൂല്യങ്ങളും ലഭിക്കും. നല്ല പ്രമോഷൻ സാധ്യതകളും ഉണ്ട്. അപേക്ഷ സമർപ്പിക്കുമ്പോൾ വിവിധ തസ്തികകൾക്ക് വ്യത്യസ്ത പ്രായ പരിധി ആണെന്നത് ശ്രദ്ധിക്കേണ്ടതാണ്. തസ്തികളുടെ അടിസ്ഥാനത്തിൽ 18 മുതൽ 32 വയസ്സ് വരെയുള്ള പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ് സി ,എസ് ടി ,ഓ ബി സി, ഭിന്നശേഷി ക്കാർ അടക്കമുള്ള വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭ്യമാണ്. കേന്ദ്രസർക്കാർ നിയമപ്രകാരമുള്ള സംവരണ അനുകൂല്യങ്ങളും ലഭ്യമാണ്.

വിദ്യാഭ്യാസ യോഗ്യത

ഈ തസ്തികൾക്ക് പൊതുവേ യൂണിവേഴ്സിറ്റി ഡിഗ്രിയാണ് യോഗ്യത. ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ തസ്തികക്ക് ഡിഗ്രി യോഗ്യത കൂടാതെ പ്ലസ് ടുവിന് 60 ശതമാനം മാർക്കോടെ ഗണിതശാസ്ത്രം വിജയിച്ചിരിക്കണം. അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി ഡിഗ്രി തലത്തിൽ പഠിച്ചു ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി നേടിയിരിക്കണം. സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ തസ്തികക്ക് ഡിഗ്രി തലത്തിൽ എല്ലാ സെമസ്റ്ററിലും സ്റ്റാറ്റിസ്റ്റിക്സ് വിഷയമായി പഠിച്ചിരിക്കണം.

ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ റിസേർച് അസിസ്റ്റന്റ് പോസ്റ്റിലേക്ക് നിയമനത്തിന് നിയമ ബിരുദമോ ഒരു വർഷത്തെ ഗവേഷണ പരിചയമോ ഉള്ളവർക്ക് മുൻഗണന. ലഭിക്കുന്നതാണ്. 01-08-2024 നു മുമ്പ് ഫലം പുറത്തുവരുമെന്ന് ഉറപ്പുള്ള അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. യുജിസി അംഗീകരിച്ച വിദൂര പഠനം വഴി യോഗ്യത നേടിയവർക്കും അപേക്ഷിക്കാവുന്നതാണ്.

അപേക്ഷ എങ്ങനെ സമർപ്പിക്കാം?

ssc.gov.in എന്ന പുതിയ വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. പഴയ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവർ വീണ്ടും പുതിയ വെബ്സൈറ്റിൽ വൺ ടൈം രജിസ്ട്രേഷൻ ചെയ്യണം. രജിസ്റ്റർ ചെയ്താൽ ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പർ പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്‌താണ്‌ ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകന്റെ ഫോട്ടോ വെബ്സൈറ്റിൽ ലഭ്യമായ കാപ്ച്വർ സൗകര്യം ഉപയോഗപ്പെടുത്തിയാണ് അപ്‌ലോഡ് ചെയ്യേണ്ടത്.

കൃത്യമായ അളവിലുള്ള ഫോട്ടോയും അപേക്ഷകന്റെ ഒപ്പും അപ്‌ലോഡ് ചെയ്യണം. 100 രൂപയാണ് അപേക്ഷ ഫീസ്. വനിതകൾ, പട്ടികവർഗ്ഗ പട്ടികജാതി പട്ടികവർഗ്ഗക്കാർ, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് ഫീസ് ഇല്ല. പ്രത്യേക ഫീസടച്ച് അപേക്ഷയിലെ വിവരങ്ങൾ തിരുത്താൻ ഓഗസ്റ്റ് 10, 11 തീയതികളിൽ അവസരമുണ്ട്.

പരീക്ഷ

രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന നടക്കുന്ന TIER1, TIER2 കമ്പ്യൂട്ടർ അധിഷ്ഠിത ഒബ്ജെക്റ്റീവ് ടൈപ്പ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം ലഭിക്കുക. ചില തസ്തികകൾക്ക് നിർദിഷ്‌ട ശാരീരിക യോഗ്യതകളും വേണം. TIER 1 പരീക്ഷയിൽ ജനറൽ ഇൻറലിയൻസ് ആൻഡ് റീസണിങ് , ജനറൽ അവെയർനെസ്സ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ്, ഇംഗ്ലീഷ് കോംപ്രിഹെൻഷൻ എന്നീ വിഭാഗങ്ങളിലായി നൂറു ചോദ്യം ഉണ്ടാവും. തെറ്റായ ഉത്തരങ്ങൾക്ക് 0.5 മാർക്ക് കുറയും. ഈ പരീക്ഷയുടെ ദൈർഘ്യം ഒരു മണിക്കൂറാണ്.

TIER 1ലെ എല്ലാ സെക്ഷനും നിശ്ചിത മാർക്ക് വാങ്ങി വിജയിക്കുന്നവർ മാത്രമേ TIER 2 പരീക്ഷ എഴുതാൻ അർഹരാവുകയുള്ളു .TIER 2 പരീക്ഷയിൽ പേപ്പർ 1 എല്ലാ അപേക്ഷകരും എഴുതണം PAPER 2 സ്റ്റാറ്റിറ്റിക്‌സ് വിഭാഗത്തിൽ പെട്ടവർ മാത്രം എഴുതിയാൽ മതി. TIER 2 പേപ്പർ 1 സെഷൻ I ൽ മാത്തമാറ്റിക്കൽ എബിലിറ്റീസ്, റീസണിങ് ആൻഡ് ജനറൽ ഇൻറലിജൻസ് ,ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻഷൻ, ജനറൽ അവയർനസ്, കമ്പ്യൂട്ടർ നോളജ് മൊഡ്യൂൾ എന്നിവയുണ്ടാവും. രണ്ട് മണിക്കൂർ 15മിനിറ്റ് ദൈർഘ്യമുള്ള ഈ പരീക്ഷയിൽ മൊത്തം 450 മാർക്കിനുള്ള ചോദ്യങ്ങളാണ് ഉണ്ടാവുക .തെറ്റായ ഉത്തരങ്ങൾക്ക് ഒരു മാർക്ക് വെച്ച് കുറയും . ഇതിന് പുറമേ പേപ്പർ 1 സെഷൻ II ലെ 15 മിനിറ്റ് ദൈർഘ്യമുള്ള ഡാറ്റാ എൻട്രി ടെസ്റ്റിൽ വിജയിക്കാനുള്ള മാർക്ക് കിട്ടിയാൽ മതി.

സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽപ്പെട്ട തസ്തികകളിലേക്ക് അപേക്ഷിച്ചവർ പേപ്പർ 2 എഴുതണം അതിൽ 100 ചോദ്യങ്ങളും ഓരോ ചോദ്യത്തിനും രണ്ടു മാർക്ക് വീതം 200 മാർക്കും ഉണ്ടാവും. തെറ്റായ ഉത്തരങ്ങൾക്ക് 0.5 മാർക്ക് കുറയും.

കേരളത്തിലുള്ള വർക്ക്‌ കർണാടക കേരള റീജിയണലിലുള്ള കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം, മംഗലാപുരം, ബാംഗ്ലൂർ, മൈസൂർ അടക്കം 14 കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാൻ കഴിയും. ഓരോരുത്തരും സൗകര്യപ്രദമായ 3പരീക്ഷ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കണം.

അപേക്ഷിക്കാനുള്ള അവസാന തിയ്യതി കാത്ത് നില്കാതെ ഉടനെ അപേക്ഷിക്കുക. ഓവർലോഡ് കാരണം വെബ്സൈറ്റ് പ്രവർത്തന രഹിതമായേക്കാം. കൂടുതൽ വിവരങ്ങൾക്ക് സ്റ്റാഫ് സെക്ഷൻ കമ്മീഷന്റെ ssc.gov.in എന്ന വെബ്സൈറ്റിലെ നോട്ടിഫിക്കേഷൻ വായിക്കുക.

 

കരിയർ വിദഗ്ദ്ധൻ

---- facebook comment plugin here -----

Latest