First Gear
എത്തി മക്കളേ; ഹോണ്ട ആക്‌ടീവ ഇവി വിപണിയിൽ
ജനപ്രിയ ഐസിഇ സ്കൂട്ടറിൻ്റെ പേരും പെരുമയും പരമാവധി ഉപയോഗിക്കുക എന്ന ലക്ഷ്യത്തിലാണ് ഹോണ്ട ആക്ടിവ ഇ വരുന്നത്
ഇരുചക്ര വാഹനപ്രേമികൾ കാത്തിരുന്ന ഹോണ്ടയുടെ ഇലക്‌ട്രിക് സ്‌കൂട്ടർ ഒടുവിൽ വിപണിയിൽ എത്തി.ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടറുകളായ ആക്‌ടീവ ഇ (Activa e), ക്യുസിവൺ (QC1) എന്നിവ വിപണിയിൽ അവതരിപ്പിച്ചു. ഊരിമാറ്റാവുന്ന ബാറ്ററിയുമായാണ് ആക്‌ടീവ ഇ എത്തിയിരിക്കുന്നത്. അതേസമയം ക്യുസിവണ്ണിൽ ബാറ്ററി ഇൻബിൽഡാണ്. ആഗോളതലത്തിൽ 30 ഇവികൾ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ജാപ്പനീസ് കമ്പനിയായ ഹോണ്ട രണ്ട് ഇലക്‌ട്രിക് സ്‌കൂട്ടറുകൾ പുറത്തിറക്കിയിരിക്കുന്നത്. പുതിയ ഇലക്ട്രിക് സ്കൂട്ടറുകളുടെ വിശദാംശങ്ങൾ ഇതാ.
ഹോണ്ട ആക്ടിവ ഇ
ജനപ്രിയ ഐസിഇ സ്കൂട്ടറിൻ്റെ പേരും പെരുമയും പരമാവധി ഉപയോഗിക്കുക എന്ന ലക്ഷ്യത്തിലാണ് ഹോണ്ട ആക്ടിവ ഇ വരുന്നത്. പേര് മാത്രമല്ല, ആക്‌ടീവയുടെ ബോഡിയും ഫ്രെയിമും ഇവർ കടംകൊണ്ടിട്ടുണ്ട്. എന്നാലും, ഇവിയുടെ സ്‌റ്റൈലിംഗ് തികച്ചും വ്യത്യസ്തമാണ്. മിനിമലിസ്റ്റിക് രീതിയലാണ് രൂപകൽപ്പന. ഇരുവശത്തും ടേൺ ഇൻഡിക്കേറ്ററുകളുള്ള എൽഇഡി ഹെഡ്‌ലാമ്പ് അൽപ്പം വ്യത്യസ്തമാണ്. വാഹനത്തിൻ്റെ ഹെഡിൽ എൽഇഡി ഡിആർഎൽ ബ്രാൻഡ് ചേർത്തിട്ടുണ്ട്.
സീറ്റിനടിയിൽ ഊരി എടുക്കാവുന്ന തരത്തിൽ രണ്ട് ബാറ്ററികൾക്കുള്ള സ്‌പേസ് ഉണ്ട്. 4.2 kW (5.6 bhp) പവർ ഔട്ട്പുട്ടാണ് ബാറ്ററിക്കുള്ളത്. ഒറ്റ ചാർജിൽ 102 കിലോമീറ്റർ റേഞ്ചാണ് വാഗ്‌ദാനം ചെയ്യുന്നത്. സ്റ്റാൻഡേർഡ്, സ്‌പോർട്ട്, ഇക്കോ എന്നീ മൂന്ന് റൈഡിംഗ് മോഡുകളും ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നു.
ക്യുസിവൺ അൽപ്പം വൈകിയേ വിപണിയിൽ എത്തൂ. 1.5 kWh ബാറ്ററി പാക്കിലാണ് ക്യുസിവൺ വരുന്നത്. 80 കിലോമീറ്റർ റേഞ്ചാണ് ഇതിൽ വാഗ്‌ദാനം ചെയ്യുന്നത്. 5 ഇഞ്ച് LCD ഇൻസ്ട്രുമെൻ്റ് പാനൽ സ്‌കൂട്ടറുമായി സംവദിക്കാൻ റൈഡറെ സഹായിക്കുന്നു. 80000 രൂപയിലാണ് എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. ടോപ്പ് മോഡലിന് 1.20 ലക്ഷം ആകും. ബുക്കിങ് ജനുവരിയിൽ ആരംഭിക്കുമെന്നാണ് വിവരം.