From the print
വരൂ, കാലൂന്നി നിൽക്കാം
സുനിതയുടെ മടക്കം ചരിത്രമെഴുതി

വാഷിംഗ്ടൺ | ഒമ്പത് മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് അറുതി. ചരിത്രമെഴുതി അവർ മടങ്ങി. നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും വഹിച്ചുകൊണ്ടുള്ള സ്‌പേസ് എക്‌സ് ഫ്രീഡം ഡ്രാഗൺ കാപ്സ്യൂൾ ഇന്ന് പുലർച്ചെ 3.30 ഓടെയാണ് ഭൂമിയിലിറങ്ങുക. ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലിലാണ് ഡ്രാഗൺ പേടകത്തിന്റെ ഇറക്കം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഇന്നലെ രാവിലെ ഇന്ത്യൻ സമയം 10.35ന് പുറപ്പെട്ട സംഘത്തിൽ സുനിതക്കും ബുച്ചിനും പുറമെ നിക് ഹേഗ്, അലക്‌സാണ്ടർ ഗോർബനോവ് എന്നിവരുമുണ്ട്.
എട്ട് ദിവസത്തെ ദൗത്യവുമായി കഴിഞ്ഞ വർഷം ജൂണിലാണ് സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിലെത്തിയത്. ബോയിംഗ് സ്റ്റാർലൈനർ പേടകത്തിന് സാങ്കേതിക പ്രശ്‌നം നേരിട്ടതോടെയാണ് മടക്കയാത്ര പ്രതിസന്ധിയിലായത്. ഇരുവരെയും മടക്കിക്കൊണ്ടുവരാൻ പലതവണ നാസ ശ്രമിച്ചിരുന്നു. എന്നാൽ, സ്റ്റാർലൈനറിലെ ത്രസ്റ്ററുകൾക്കുള്ള തകരാറും ഹീലിയം ചോർച്ചയും തടസ്സമായി. മടക്കയാത്രയുടെ തീയതി പലപ്പോഴായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും നീണ്ടുപോകുകയായിരുന്നു. ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിതയെന്ന നേട്ടം സ്വന്തമാക്കിയാണ് സുനിത വില്യംസ് മടങ്ങിയെത്തുന്നത്.
ആദ്യം വൈദ്യപരിശോധന
സുനിതയെയും ബുച്ചിനെയും ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോൺസൺ സ്‌പേസ് സെന്ററിലെത്തിച്ച് വൈദ്യപരിശോധനക്ക് വിധേയരാക്കും. ബഹിരാകാശത്ത് ഗുരുത്വാകർഷണമില്ലാതെ ഇത്രനാൾ കഴിഞ്ഞ ഇരുവർക്കും ഭൂമിയിലെ ഗുരുത്വാകർഷണവുമായി വീണ്ടും താദാത്മ്യം പ്രാപിക്കാനുള്ള സഹായങ്ങൾ നൽകും.