Connect with us

From the print

വരുണം, വൈഭവം

സണ്‍റൈസേഴ്‌സിനെ എറിഞ്ഞുവീഴ്ത്തി കൊല്‍ക്കത്ത. വരുണ്‍ ചക്രവര്‍ത്തിക്കും വൈഭവ് അറോറക്കും മൂന്ന് വീതം വിക്കറ്റ്.

Published

|

Last Updated

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന കൊൽക്കത്ത താരങ്ങൾ

കൊല്‍ക്കത്ത | ഐ പി എല്ലില്‍ ഹോം ഗ്രൗണ്ടില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് കിടിലന്‍ ജയം. ഈഡന്‍ ഗാര്‍ഡനില്‍ വിരുന്നെത്തിയ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ 80 റണ്‍സിനാണ് തകര്‍ത്തെറിഞ്ഞത്. ടോസ് നേടിയ സണ്‍ റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് കൊല്‍ക്കത്തയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത 200 റണ്‍സ് തികച്ചു. ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഹൈദരാബാദിന്റെ പോരാട്ടം 16.4 ഓവറില്‍ 120ല്‍ അവസാനിച്ചു.

ബാറ്റിംഗിന്റെ തുടക്കത്തില്‍ ലഭിച്ച ആഘാതത്തിന് അതേ നാണയത്തില്‍ കൊല്‍ക്കത്ത, സണ്‍ റൈസേഴ്സിന് മറുപടി നല്‍കി. ടോപ് ഓര്‍ഡറിലെ മൂന്ന് പ്രധാന ബാറ്റര്‍മാരെയും ആദ്യ മൂന്ന് ഓവറില്‍ കൊല്‍ക്കത്ത പുറത്താക്കി. ഇംപാക്ട് പ്ലയറായി എത്തിയ ട്രാവിസ് ഹെഡ് (നാല്), അഭിഷേക് ശര്‍മ (രണ്ട്), ഇഷാന്‍ കിഷന്‍ (രണ്ട്) എന്നിങ്ങനെ കൂട്ടത്തകര്‍ച്ചയാണ് ഹൈദരാബാദ് നേരിട്ടത്. വൈഭവ് അറോറയുടെയും വരുണ്‍ ചക്രവര്‍ത്തിയുടെയും ബൗളിംഗ് മികവിലാണ് സണ്‍റൈസേഴ്സിന്റെ പതനം കൊല്‍ക്കത്ത വേഗത്തിലാക്കിയത്. ഇരുവരും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. ആന്ദ്രേ റസല്‍ രണ്ടും സുനില്‍ നരെയ്ന്‍, ഹര്‍ഷിത് റാണ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

തുടര്‍ച്ചയായ മൂന്ന് പരാജയത്തോടെ പോയിന്റ് ടേബിളില്‍ ഏറ്റവും അവസാനമാണ് ഹൈദരാബാദ്. തകര്‍ച്ചയോടെ തുടങ്ങിയ കൊല്‍ക്കത്തയെ വെങ്കടേഷ് അയ്യരും റിങ്കു സിംഗും ചേര്‍ന്നാണ് 200ലെത്തിച്ചത്. മൂന്ന് ഓവറിനുള്ളില്‍ ഓപണര്‍മാരെ കൊല്‍ക്കത്തക്ക് നഷ്ടപ്പെട്ടു. മൂന്ന് ഓവറിനുള്ളില്‍ രണ്ട് ഓപണര്‍മാരെയും അവര്‍ക്കു നഷ്ടമായി. ക്വിന്റണ്‍ ഡി കോക്ക് ഒരു റണ്‍സും സുനില്‍ നരെയ്ന്‍ ഏഴ് റണ്‍സുമെടുത്തു മടങ്ങി. രണ്ടാം ഓവറില്‍ ഡി കോക്കും മൂന്നാം ഓവറില്‍ സുനില്‍ നരെയ്നുമാണ് പുറത്തായത്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ 81 റണ്‍സിന്റെ കൂട്ടുകെട്ടുമായി ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും അംഗ്രിഷ് രഘുവംശിയുമാണ് കൊല്‍ക്കത്തക്ക് അടിത്തറ പാകിയത്. 11ാം ഓവറില്‍ സ്പിന്നര്‍ സീഷാന്‍ അന്‍സാരിയാണ് കൂട്ടുകെട്ട് പൊളിച്ചത്. 27 പന്തില്‍ നാല് സിക്‌സും ഒരു ഫോറുമടക്കം 38 റണ്‍സെടുത്ത് നില്‍ക്കവെ രഹാനെ ഹെന്റിച്ച് ക്ലാസ്സന് പിടികൊടുത്തു.

അര്‍ധ സെഞ്ച്വറിയുമായാണ് അംഗ്രിഷ് ക്രീസ് വിട്ടത്. 32 പന്തില്‍ രണ്ട് സിക്സും അഞ്ച് ഫോറുമായി താരം 50 റണ്‍സ് തികച്ചു. മധ്യനിരയില്‍ വെങ്കടേഷ് അയ്യര്‍- റിങ്കു സിംഗ് ജോടി അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചതോടെ സണ്‍റൈസേഴ്സിന്റെ ലക്ഷ്യം 201 ആയി. വെങ്കടേഷ് അയ്യര്‍ 29 പന്തില്‍ മൂന്ന് സിക്‌സറും ഏഴ് ഫോറുകളും അടക്കം 60 റണ്‍സ് നേടി. റിങ്കു സിംഗ് 17 പന്തില്‍ 32 റണ്‍സും നേടി. ഒരു സിക്സും നാല് ഫോറുമടങ്ങുന്നതാണ് റിങ്കുവിന്റെ ഇന്നിംഗ്സ്.