Connect with us

Ongoing News

തിരിച്ചുവരവ് എളുപ്പമല്ല; കോണ്‍ഗ്രസിനകത്ത് വലിയ മാറ്റങ്ങള്‍ അനിവാര്യം:ശശി തരൂര്‍ എം പി

കോണ്‍ഗ്രസ് ഭരണം തിരുച്ചുവരണമെന്നത് ഇന്ത്യയിലെ സാധാരണക്കാരന്റെ ആഗ്രഹമാണ്

Published

|

Last Updated

അബുദബി| അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് അത്ര എളുപ്പമല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അകത്ത് വലിയ മാറ്റങ്ങള്‍ അനിവാര്യമാണ്. കോണ്‍ഗ്രസ് ഭരണം തിരുച്ചുവരണമെന്നത് ഇന്ത്യയിലെ സാധാരണക്കാരന്റെ ആഗ്രഹമാണ്. അത് അനിവാര്യമായിരിക്കുകയാണ്. മോദിയുടെ ഭരണത്തില്‍ തൊഴിലില്ലായ്മ അനുദിനം വര്‍ധിക്കുന്നത് പോലെ പെട്രോളിന്റെയും ഭക്ഷ്യ സാധനങ്ങളുടെയും വില ദിവസവും കൂടിവരികയാണ്. രാജ്യത്തിന് വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിന് നടത്താനുണ്ട്. നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ കഴിയും. അബുദബി അന്തരാഷ്ട്ര പുസ്തക മേളയില്‍ സിറാജിനോട് സംസാരിക്കുകയായിരുന്നു ശശി തരൂര്‍.

കോണ്‍ഗ്രസിന്റെ ഉദയപ്പൂര്‍ സമ്മേളനം വലിയ പ്രതീക്ഷയാണ് ലോകത്തിന് നല്‍കുന്നത്. കോണ്‍ഗ്രസിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. പാര്‍ട്ടി നന്നാവണമെന്ന് പൊതു സമൂഹത്തിനുള്ളത് പോലെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരുടെയും ആഗ്രഹം. അടുത്ത രണ്ട് വര്‍ഷം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ കഴിയും. കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി സ്ഥാനാത്ഥികളെ മുന്‍ കൂട്ടി പ്രഖ്യാപിക്കാറില്ല. ബി ജെ പി സര്‍ക്കാര്‍ ഇന്ത്യയെ സമസ്ത മേഖലയിലും തകര്‍ത്ത് കഴിഞ്ഞു. മതേതര ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ ഭയത്തിലാണ് ജീവിക്കുന്നത് . ഇന്ത്യയെ ഐ ടി മേഖലയില്‍ ഏറ്റവും മുന്‍ പന്തിയിലെത്തിച്ചത് കോണ്‍ഗ്രസ് സര്‍ക്കാറുകളാണ് -തരൂര്‍ വ്യക്തമാക്കി.

സ്പെഷ്യൽ റിപ്പോർട്ടർ, സിറാജ്, അബൂദബി