Editors Pick
വരുന്നു, ഇന്‍സ്റ്റഗ്രാമിന് സുരക്ഷാപ്പൂട്ട്!
ലൈംഗിക ചൂഷണം, ബ്ലാക്മെയിൽ തുടങ്ങിയ ദുരുപയോഗങ്ങൾ തടയാൻ പരിഷ്കാരങ്ങളുമായി ഇൻസ്റ്റഗ്രാം
യുവതലമുറയുടെ പ്രിയപ്പെട്ട സോഷ്യൽ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമിന് ഗുണങ്ങള്‍ക്കൊപ്പം ദോഷങ്ങളുമുണ്ടെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. സ്വയം പ്രകാശിപ്പിക്കാനും പങ്കുവെക്കാനും ചിലര്‍ക്കെങ്കിലും പണം നേടാനും അതുവഴി സിനിമ പോലുള്ള പ്ലാറ്റുഫോമുകളിലേക്ക് കുടിയേറാനും സൗകര്യമൊരുക്കിയ ഇതേ സാമൂഹിക മാധ്യമം ചൂഷണത്തിനും വഞ്ചനയ്ക്കുമായി വലവിരിച്ചിരിക്കുന്ന കുറ്റവാളികളുടേയും ഇഷ്ടതാവളമാണ്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ തന്നെയാണ് ഇവിടെ അധികം ചൂഷണം ചെയ്യപ്പെടുന്നത്. ഒപ്പം കൗമാരക്കാരായ ആണ്‍കുട്ടികളും. അതിനു പുറമേ മാന്യന്മാരെ വീഴ്ത്തി പണം തട്ടുന്ന ഹണിട്രാപ്പുകളും ധാരാളം.
കൂടുതലും പ്രണയം തന്നെയാണ് ഇവിടെ ചൂഷണത്തിന് ആയുധമാക്കപ്പെടുന്നത്. ഒരു കൗമാരക്കാരിയേയോ, കുമാരനെയോ ലക്ഷ്യമിട്ട് സൗഹൃദം സ്ഥാപിക്കുകയും സൗഹൃദം ഇന്‍സ്റ്റഗ്രാമിന് പുറത്തേക്ക് നീട്ടുകയും ചെയ്യുന്നു. വീഡിയോ കോളിലോ നേരിട്ടോ കരസ്ഥമാക്കുന്ന പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ വില്‍ക്കുകയോ, കാണിച്ചു ഭീഷണിപ്പെടുത്തി പണം തട്ടുകയോ ചെയ്യുന്നതാണ് ഇവരുടെ ഒരു രീതി. യു പിയിലെ ഗോരഖ്പൂരില്‍ നിന്ന് ഈയിടെ പിടിയിലായ 17കാരന്‍ താന്‍ 4000ത്തോളം നഗ്ന വീഡിയോകള്‍ ടെലിഗ്രാം വഴി വിറ്റതായി സമ്മതിക്കുന്നു. രാജ് എന്ന ഇടനിലക്കാരന്‍ വഴിയായിരുന്നത്രേ ചിത്രങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് കൈമാറിയിരുന്നത്.
വലിയൊരു നെറ്റ്‌വർക്കായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ക്രിമിനൽ ഗ്രൂപ്പുകളുമായി ഇത്തരം ലൈംഗികാതിക്രമങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഇങ്ങനെ ബ്ലാക്ക്‌മെയിൽ ചെയ്യപ്പെട്ടതിന് ശേഷം നിരവധി കൗമാരപ്രായക്കാർ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇത്തരം പരാതികള്‍ പല രാജ്യങ്ങളില്‍ നിന്ന് ഉയര്‍ന്നതിനാല്‍ സ്വന്തം പ്ലാറ്റ്ഫോമില്‍ ചില പരിഷ്കാരങ്ങള്‍ക്കൊരുങ്ങുകയാണ് ഇന്‍സ്റ്റഗ്രാം അധികൃതർ. പലവിധത്തിലുള്ള ലൈംഗികാതിക്രമം തടയുന്നതിനായി, ഫോട്ടോകളും വീഡിയോകളും സ്‌ക്രീൻഷോട്ട് ചെയ്യുന്നതിൽ നിന്ന് ഉടൻ തന്നെ ഇൻസ്റ്റാഗ്രാം ഉപയോക്താക്കളെ വിലക്കുമെന്നാണറിയുന്നത്. പുതിയ സംവിധാനത്തില്‍ ഇത്തരം വിഡിയോകളും ചിത്രങ്ങളും പകര്‍ത്താനൊരുങ്ങുമ്പോള്‍ അവ മങ്ങലോടെയേ കാണാന്‍പറ്റൂ.
ഈ കഴിഞ്ഞ വർഷം ലൈംഗികചൂഷണത്തിൻ്റെ ദ്രുതഗതിയിലുള്ള വർധനയുണ്ടായിട്ടുണ്ടെന്ന് ഇന്‍സ്റ്റഗ്രാം അധികൃതരും സമ്മതിക്കുന്നു. കൗമാരപ്രായക്കാരെ പണത്തിനായി ബ്ലാക്ക് മെയിൽ ചെയ്യുന്ന ക്രിമിനലുകളെ കുടുക്കാനും ലൈംഗികചൂഷണം തടയുന്നതിനുമായി ക്യാമ്പയിൻ നടത്താൻ ഒരുങ്ങുകയാണ് ഇൻസ്റ്റഗ്രാം. ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് കൗമാരക്കാരെയും രക്ഷിതാക്കളെയും ബോധവൽക്കരിക്കുന്നതോടൊപ്പം ലൈംഗിക ചൂഷണത്തിന് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത് പരമാവധി തടയുകയെന്നതാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളെ ലൈംഗിക ദുരുപയോഗത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള സാങ്കേതികവിദ്യ നിർമ്മിക്കുന്നതിനായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സംഘടനയായ നാഷണൽ സെൻ്റർ ഫോർ മിസ്സിംഗ് ആൻഡ് എക്‌സ്‌പ്ലോയിറ്റഡ് ചിൽഡ്രൻ ആൻ്റ് തോൺ എന്ന സംഘടനയിൽ നിന്നുള്ള സഹായവും പിന്തുണയും ഇന്‍സ്റ്റഗ്രാമിന് ലഭിക്കും.
ലൈംഗികാതിക്രമവും കുട്ടികളുടെയും കൗമാരക്കാരുടേയും സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്യുന്ന ഇരകൾക്ക് ക്രൈസിസ് ടെക്‌സ്‌റ്റ് ലൈനുമായി കണക്റ്റുചെയ്ത് പരാതിപ്പെടാനും പരിഹാരം തേടാനുമുള്ള ഒരു ഓപ്‌ഷനും പുതിയ പരിഷ്കാരങ്ങളിലുണ്ട്. ഇതിലൂടെ അവര്‍ക്ക് സൗജന്യ ക്രൈസിസ് കൗൺസിലിംഗും ലഭിക്കും. ഈ സുരക്ഷ ക്രമീകരണങ്ങളെയെല്ലാം മറികടക്കാന്‍ സൈബര്‍ കുറ്റവാളികള്‍ പുതിയ വഴികള്‍ കണ്ടെത്തിയേക്കാം.എങ്കിലും അല്‍പം ആശ്വാസം തരുന്നതാണ് പുതിയ സുരക്ഷ സംവിധാനങ്ങള്‍.
ഇന്ത്യയിലെപോലുള്ള രാജ്യങ്ങളില്‍ ഒട്ടേറെ രക്ഷിതാക്കള്‍ക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെക്കുറിച്ച് അറിവും അവബോധവുമില്ലെന്നത് ഒരു പ്രധാന പ്രതിസന്ധി തന്നെയാണ്. മൊത്തം ജനസംഖ്യയില്‍ നാല്പത് വയസ്സുകഴിഞ്ഞ എത്ര പേര്‍ക്ക് സ്മാര്‍ട്ട് ഫോണുണ്ടെന്ന ചോദ്യത്തിന് ഇപ്പോഴും അമ്പത് ശതമാനത്തില്‍ താഴെയെന്നാണ് ഉത്തരം. ഇതാണ് ആശങ്കകളെ കൂടുതൽ ഗൗരവമുള്ളതാക്കുന്നത്. ഈ പ്രവര്‍ത്തനങ്ങളില്‍ ഭരണകൂടങ്ങളുടേയും പങ്കാളിത്തം ആവശ്യപ്പെടുന്നതാണ് ഇന്നത്തെ സാഹചര്യം.