Connect with us

From the print

രണ്ടും കല്‍പ്പിച്ച്; അന്‍വര്‍ 'സമ്പൂര്‍ണ സ്വതന്ത്രന്‍'

രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെല്ലാം ഒറ്റക്കെട്ടെന്ന്.

Published

|

Last Updated

മലപ്പുറം | അന്‍വര്‍ ഇന്നലെ വാര്‍ത്താ സമ്മേളനം നടത്തിയത് രണ്ടും കല്‍പ്പിച്ച്. ഇനി ഇടതുപക്ഷമോ സി പി എമ്മോ അടുപ്പിക്കില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം, നേതൃത്വത്തെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ചതിനൊപ്പം കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും വിമര്‍ശിക്കാനും മറന്നില്ല. ഏറനാട്ടിലെ കോണ്‍ഗ്രസ്സ് നേതാവായിരുന്ന പി വി ഷൗക്കത്തലിയുടെ മകനായ പി വി അന്‍വര്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായാണ് പൊതുരംഗത്തേക്ക് കടന്നുവരുന്നത്. കുറച്ചുകാലം പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനിന്ന് ബിസിനസ്സ് രംഗത്തേക്ക് ചുവടുമാറ്റി. പിന്നീട് പി വി അന്‍വറിനെ കാണുന്നത് 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറനാട് സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ്. സ്വതന്ത്രനായി രംഗത്തെത്തിയ അദ്ദേഹം ആ തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥിയെ പിന്നിലാക്കി മണ്ഡലത്തില്‍ രണ്ടാമതെത്തി. പിന്നീട് 2014ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി വയനാട് മണ്ഡലത്തില്‍ ജനവിധി തേടി. ഒരു മുന്നണിയുടെയും പിന്തുണയില്ലാതെ വലിയ വോട്ട് അന്‍വര്‍ പെട്ടിയിലാക്കി. ഈ രണ്ട് തിരഞ്ഞെടുപ്പുകളിലായി അദ്ദേഹം ഏറനാട്ടിലും നിലമ്പൂരിലും അടിത്തറ പാകപ്പെടുത്തി.

ജനകീയ വിഷയങ്ങളില്‍ ഇടപെട്ടു. സ്വന്തം കീശയിലെ പണമെടുത്ത് ജനസേവനം നടത്തി മുന്നോട്ടുനീങ്ങി. ഇതോടെ അന്‍വര്‍ നാട്ടിലെ താരമായി. നിലമ്പൂര്‍, ഏറനാട് മേഖലകളില്‍ സി പി എമ്മിന് ജനസ്വാധീനമുള്ള നേതാവില്ലാത്ത സാഹചര്യം കൂടി അനുകൂലമായതോടെ നിലമ്പൂരിലെ ആര്യാടന്‍ മേല്‍ക്കോയ്മയെ തകര്‍ക്കാന്‍ കോണ്‍ഗ്രസ്സുകാരനായ അന്‍വറിനെ സി പി എം കൂടെകൂട്ടി. അങ്ങനെ നിലമ്പൂരില്‍ 2016ല്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി ആര്യാടന്‍ ഷൗക്കത്തിനെതിരെ സി പി എം രംഗത്തിറക്കി.

ആര്യാടന്‍ മുഹമ്മദ് കൈവശം വെച്ചിരുന്ന മണ്ഡലത്തില്‍ അന്‍വര്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. അന്‍വര്‍ ഇടത് സ്വതന്ത്രനായി തിളങ്ങിനില്‍ക്കുന്ന സമയം. 2019ല്‍ ലോക്സഭയിലേക്ക് പൊന്നാനി പിടിക്കാന്‍ സി പി എം അന്‍വറിനെ ചുമതലപ്പെടുത്തി. പരാജയപ്പെട്ടുവെങ്കിലും അന്‍വറെന്ന ഇടത് സ്വതന്ത്രനെ നിലമ്പൂരില്‍ വീണ്ടും സി പി എം രംഗത്തിറക്കി. 2021ല്‍ കടുത്ത മത്സരം നടന്ന നിലമ്പൂരില്‍ വി വി പ്രകാശിനെ പരാജയപ്പെടുത്തി അന്‍വര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് അന്‍വറിലൂടെ നിലമ്പൂരില്‍ സി പി എമ്മിന്റെ സുവര്‍ണകാലം. ലീഗിന്റെ തണലില്‍ യു ഡി എഫിന്റെ കോട്ടയായ മലപ്പുറം ജില്ലയില്‍ സി പി എമ്മിന് വേരോട്ടമുണ്ടാക്കുന്നതില്‍ ഇടത് സ്വതന്ത്രരായ കെ ടി ജലീലും മന്ത്രി അബ്ദുര്‍റഹ്മാനും പി വി അന്‍വറും നിര്‍ണായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി തന്നെ സമ്മതിക്കുന്ന കാര്യമാണ്. അതില്‍പ്പെട്ട അന്‍വറാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്കും സി പി എം നേതാക്കള്‍ക്കെതിരെയും രംഗത്ത് വന്നിരിക്കുന്നത്. ഇടത് എം എല്‍ എ എന്ന നിലയില്‍ ഏത് പ്രതിസന്ധി ഘട്ടങ്ങളിലും പാര്‍ട്ടിയെയും മുഖ്യമന്ത്രിയെയും അന്‍വര്‍ ശക്തമായി തന്നെ പിന്തുണച്ചുപോന്നിരുന്നു. പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും വേണ്ടിസാമൂഹിക മാധ്യമങ്ങളില്‍ തുറന്ന പോര് തന്നെ നടത്തി. സി പി എം സൈബര്‍ പോരാളികളുടെ നേതാവ് എന്നും ‘കടന്നല്‍ കൂട്ടങ്ങളുടെ രാജ’ എന്നെല്ലാം അന്‍വറിനെ സൈബറിടങ്ങളില്‍ വിശേഷിപ്പിച്ചു.

രാഷ്ട്രീയ വിഷയങ്ങളില്‍ നിയമസഭയിലടക്കം പ്രതിപക്ഷത്തിനെതിരെ കടുത്ത വിമര്‍ശവുമായി രംഗത്ത് വരാറുള്ള അന്‍വര്‍ ഇടത് പ്രവര്‍ത്തകരുടെ കൈയടി ആവോളം നേടി. അങ്ങനെ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും ‘സല്‍ പുത്രനായിരുന്ന’ അന്‍വറാണ് ഇപ്പോള്‍ തുറന്ന പോരിനിറങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രിയെ പിതാവിന്റെ സ്ഥാനത്താണ് കാണുന്നതെന്ന് ഇടക്കിടെ അദ്ദേഹം പറയാറുണ്ട്. ആ മുഖ്യമന്ത്രിയെയാണ് പരാജയമാണെന്ന് അന്‍വര്‍ ഇപ്പോള്‍ പറയുന്നത്.

കഴിഞ്ഞ കുറച്ചുകാലങ്ങളായിട്ട് അന്‍വറിന് സര്‍ക്കാറില്‍ നിന്ന് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടയിലേക്കാണ് അന്‍വര്‍ കേരള രാഷ്ട്രീയത്തില്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ആരോപണങ്ങളുമായി രംഗത്തെത്തുന്നത്. മലപ്പുറം എസ് പിയെ വേദിയിലിരുത്തി പോലീസ് അസ്സോസിയേഷന്‍ സമ്മേളനത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശം നടത്തിയാണ് വിവാദങ്ങള്‍ക്ക് തുടക്കമിടുന്നത്. തന്റെ പാര്‍ക്കിലെ റോപ്പ് മോഷണം പോയിട്ട് പരാതി നല്‍കിയെങ്കിലും എസ് പി നടപടി എടുക്കുന്നില്ലെന്നും ഒരു ജനപ്രതിനിധിയുടെ അവസ്ഥ ഇങ്ങനെയാണെങ്കില്‍ സാധാരണ ജനങ്ങളുടെ പരാതി എങ്ങനെയായിരിക്കുമെന്നും ചോദിച്ചാണ് അന്‍വര്‍ പോലീസിനെതിരെ രംഗത്തുവന്നത്.

റോപ്പ് മോഷണം പോയതിലെ അരിശം തീര്‍ത്തതാകാം അന്‍വര്‍ എന്ന് പറഞ്ഞ് ആ വിവാദത്തെ ആരും കാര്യമാക്കിയില്ല. പക്ഷേ, അന്‍വര്‍ അടുത്ത ദിവസം തന്നെ വീണ്ടും രംഗത്തെത്തി. മലപ്പുറം എസ് പി ക്യാമ്പ് ഓഫീസിലെ മരം മുറി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുറിച്ച മരത്തിന്റെ കുറ്റി തിരഞ്ഞ് അദ്ദേഹം എസ് പി ഓഫീസിലെത്തി. വിവാദം പോലീസിനെ പ്രതിസന്ധിയിലാക്കി. പിന്നീട് അന്‍വര്‍ തുടരെത്തുടരെ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തി പുതിയ പുതിയ ആരോപണങ്ങളുടെ കെട്ടഴിച്ചു.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്, എടവണ്ണ റിദാന്‍ ബാസില്‍ കൊലപാതകം, കോഴിക്കോട്ടെ വ്യാപാരി താമി വധക്കേസ്, എ ഡി ജി പിയുടെ ആര്‍ എസ് എസ് നേതാവുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ ആരോപണ വാര്‍ത്തകളില്‍ അന്‍വര്‍ തിളങ്ങി. ഇത് ഒടുവില്‍ എത്തിയതാകട്ടെ, എ ഡി ജി പിയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുമായുള്ള ‘അവിഹിത ബന്ധ’ത്തിലേക്കും. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസും വിവാദത്തിലകപ്പെട്ടു.

അതിനിടെ, മലപ്പുറം മുന്‍ എസ് പി സുജിത് ദാസിന് സസ്‌പെന്‍ഷനും മലപ്പുറം എസ് പിക്ക് സ്ഥലംമാറ്റവും ലഭിച്ചു. അന്‍വറിന്റെ ആരോപണങ്ങളില്‍ അന്വേഷണത്തിന് ഉത്തരവിടുകയും അദ്ദേഹത്തിന് താര പരിവേഷം ലഭിക്കുകയും ചെയ്തു.

എന്നാല്‍ അജിത് കുമാറിനെയും ശശിയെയും സംരക്ഷിക്കുന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിക്കുകയും, അന്‍വറിനെ പാര്‍ട്ടിയും പിണറായിയും തള്ളിപ്പറയുകയും ചെയ്തതോടെയാണ് ആരോപണ ബോംബ് പൊട്ടിച്ചത്. സി പി എം നേതാക്കളെ തള്ളിയ അന്‍വറാകട്ടെ, കോണ്‍ഗ്രസ്സിനെയോ ലീഗിനെയോ വെള്ള പൂശാനും മുതിര്‍ന്നില്ല.കോണ്‍ഗ്രസ്സ്- ലീഗ് പാര്‍ട്ടികളെ വിമര്‍ശിച്ച അദ്ദേഹം, ഇവരെ വിശ്വസിക്കുന്ന ജനങ്ങള്‍ വിഡ്ഢികളാണെന്നും പറഞ്ഞുവെച്ചു. ഒരു പാര്‍ട്ടിയുടെയും ഭാഗമാകാതെ പൊതുപ്രവര്‍ത്തന രംഗത്തുണ്ടാകുമെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്. അതിനുള്ള അടിത്തറ അന്‍വര്‍ നേരത്തേ തന്നെ പാകപ്പെടുത്തിയിട്ടുണ്ട്. ഏറനാട്ടിലെയും നിലമ്പൂരിലെയും താഴെത്തട്ടിലെ ജനങ്ങള്‍ തനിക്കൊപ്പമുണ്ടെന്നാണ് അന്‍വറിന്റെ വിശ്വാസം. ആ വിശ്വാസത്തിന്റെ കരുത്തിലാണ് അന്‍വറിന്റെ ഇപ്പോഴത്തെ നീക്കവും.

 

റിപ്പോർട്ടർ, മലപ്പുറം ബ്യൂറോ

Latest