From the print
സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് കമ്മീഷന്‍
ആദ്യ സെമിനാര്‍ ഫെബ്രുവരി മൂന്നിന്.
കൊച്ചി | കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ അധിവസിക്കുന്ന സൂക്ഷ്മ ന്യൂനപക്ഷങ്ങളായ ബുദ്ധ, ജൈന, സിഖ്, പാഴ്‌സി വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍. ആദ്യമായി ഇവരുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് ഫെബ്രുവരി മൂന്നിന് സെമിനാര്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ എ റഷീദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എറണാകുളം ഗവ. ഗസ്റ്റ് ഹൗസിലെ ബാംക്വിറ്റ് ഹാളില്‍ നടക്കുന്ന സെമിനാര്‍ ന്യൂനപക്ഷ ക്ഷേമ മന്ത്രി വി അബ്ദുര്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ വിവിധ സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള 100 അംഗങ്ങളാണ് സെമിനാറില്‍ പങ്കെടുക്കുക.
സൂക്ഷ്മ ന്യൂനപക്ഷ വിഭാഗക്കാരെ മുഖ്യധാരയിലെത്തിക്കാനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുമാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. നിലവില്‍ സൂക്ഷ്മ ന്യൂനപക്ഷത്തിന്റെ വിവരശേഖരമില്ല. ഈ വിഭാഗങ്ങള്‍ക്ക് നിരവധി അവകാശങ്ങളും സ്‌കോളര്‍ഷിപ്പുകളും സാമ്പത്തിക സഹായവുമുണ്ടെങ്കിലും അവയെ കുറിച്ച് പലര്‍ക്കും അറിയില്ല.
വാര്‍ത്താ സമ്മേളനത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ സൈഫുദ്ദീന്‍ ഹാജി, സെമിനാര്‍ സംഘാടക സമിതി ഭാരവാഹികളായ വി എച്ച് അലി ദാരിമി, സി എ ഹൈദ്രോസ് ഹാജി, കെ എം ലിയാക്കത്ത് അലിമാന്‍, പാസ്റ്റര്‍ പി ഡി ഡില്‍ഫന്‍, ഫാദര്‍ ബേസില്‍ അബ്രഹാം എന്നിവരും പങ്കെടുത്തു.