VRATHA VISHUDDHI
കൈയബദ്ധം; മാഷിന്റെ തലയിൽ വീണത് നാല് ചാക്ക് അരി
ദേഹോപദ്രവം ചെയ്യലും ശാരീരികമായി പ്രയാസപ്പെടുത്തലും വാക്കുകൾ കൊണ്ട് മുറിപ്പെടുത്തലും മാത്രമല്ല ബുദ്ധിമുട്ടിക്കലിന്റെ ഗണത്തിൽ വരുന്നത്.

“പ്രിയപ്പെട്ട നാട്ടുകാരേ, എല്ലാവർഷത്തെയും പോലെ ഇത്തവണയും നമ്മുടെ പരിപാടി വളരെ വിപുലമായി നടത്താൻ തീരുമാനിച്ച വിവരം സന്തോഷപൂർവം നിങ്ങളെ അറിയിക്കുകയാണ്. പ്രധാനപ്പെട്ട മറ്റൊരു കാര്യം പറയാനുള്ളത് പരിപാടിക്ക് ഭീമമായ തുക ചെലവ് വരുമെന്ന് എല്ലാവർക്കും അറിയാമല്ലോ. നല്ലവരായ നമ്മുടെ നാട്ടുകാർ തന്നെയാണ് അതിലേക്കാവശ്യമായ സംഖ്യകൾ നൽകി സഹായിക്കാറുള്ളത്. ഇത്തവണയും നിങ്ങളുടെ സഹകരണങ്ങൾ പ്രതീക്ഷിക്കുകയാണ്. ആദ്യമായി പരിപാടിയിലേക്ക് ആവശ്യമായ അരി ഈ സദസ്സിൽ നിന്ന് ഏറ്റെടുക്കാൻ കഴിയുന്നവർ അറിയിച്ചാൽ വലിയ സൗകര്യമായിരുന്നു…’
സദസ്സിൽ നിന്നൊരാൾ കൈ പൊക്കി.
സംസാരിച്ച് കൊണ്ടിരുന്നയാൾ തുടർന്നു: “നമ്മുടെ പ്രിയങ്കരനായ ഫൈസൽ മാഷ് അഞ്ച് ചാക്ക് അരി ഏറ്റെടുത്തിരിക്കുന്നു…’ അയാൾ ഫൈസൽ മാഷിനുള്ള പ്രൗഢമായ പ്രാർഥനാ വചനങ്ങൾ ഉരുവിടാൻ തുടങ്ങി. അതിനിടെ ഫൈസൽ മാഷ് ഒന്ന്… ഒന്ന്… ഒരുചാക്ക്… എന്ന് പറയുന്നുണ്ടായിരുന്നു. അത് പിരിവെടുക്കുന്നയാൾ ഗൗനിച്ചതേയില്ല. ഒരു ചാക്കാണത്രെ എന്ന് ആരോ അയാളെ ധരിപ്പിച്ചുവെങ്കിലും മാഷ് അഞ്ചാണ് ഏറ്റെടുത്തതെന്നും മാഷിന് അഞ്ചും പത്തും ചാക്ക് അരിയൊന്നും ഒരു പ്രശ്നമല്ലന്നും പരിപാടി നടക്കുമ്പോഴേക്ക് പണം എത്തിച്ചാൽ മതി എന്നും അയാൾ മൈക്കിലൂടെ തന്നെ ഉഗ്രപ്രസ്താവം നടത്തി. പിരിവ് പുസ്തകത്തിൽ ഫൈസൽ മാഷ് അഞ്ച് ചാക്ക് അരി എന്ന് രേഖപ്പെടുത്തി.
മാഷിന്റെ അടുത്തും തെറ്റുണ്ട്. അരി ഏറ്റെടുത്തത് അറിയിക്കാനായി കൈ ഉയർത്തിയപ്പോൾ കൈപ്പത്തിയിലെ അഞ്ച് വിരലുകൾ ഉയർന്ന് നിൽക്കുകയായിരുന്നു. അതിൽ നാലെണ്ണം മടക്കേണ്ടതായിന്നു. ഈ കൈയബദ്ധത്തിന് നാല് ചാക്ക് അരിയുടെ അധിക ബാധ്യത ഏറ്റെടുക്കേണ്ടി വന്നു…
പൊതുജന പങ്കാളിത്തത്തോടെ നടക്കുന്ന പരിപാടിയിലേക്കല്ലേ. ആണ്. നാട്ടുകാർക്ക് കഴിക്കാനുള്ള ഭക്ഷണത്തിലേക്ക് അല്ലേ നൽകുന്നത്. അതേ. എന്നാലും അതിൽ ചില പ്രശ്നങ്ങളുണ്ട്; പറയാം.
ഒരാൾ മനപ്പൊരുത്തത്തോടെയും സംതൃപ്തിയോടു കൂടിയും നൽകേണ്ടതാണ് ദാനം. ഇതിന് ആളുകളെ പ്രേരിപ്പിക്കാം. കൊടുക്കുന്നതിന്റെ മഹത്വങ്ങൾ പറഞ്ഞ് ഉദ്ബുദ്ധരാക്കുകയും ചെയ്യാം.
എന്നാൽ, നിശ്ചിത സംഖ്യ നിങ്ങൾ തന്നേമതിയാകൂവെന്ന് പറഞ്ഞ് നിർബന്ധിപ്പിച്ചുകൂടാ. നൽകാൻ പ്രയാസമുള്ള സംഖ്യ എഴുതി റസീറ്റ് മുറിച്ച് നൽകുകയും ആൾക്കൂട്ടത്തിനിടയിൽ നിങ്ങൾ ഇത്ര നൽകണം എന്ന് പറഞ്ഞ് കഴിയാത്തത് ഏറ്റെടുപ്പിക്കുകയും ചെയ്യരുത്. ഇതെല്ലാം മനുഷ്യരെ പ്രയാസപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ്. അത് നിഷിദ്ധമാണ്. സംഭാവനകൾ സ്വീകരിക്കാൻ പോകുന്പോൾ എല്ലാവരോടും കഴിയുന്നത് നൽകാൻ പറയുക. തരുന്നത് സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്യുക. ആരെയും ബുദ്ധിമുട്ടിക്കരുത്.
ദേഹോപദ്രവം ചെയ്യലും ശാരീരികമായി പ്രയാസപ്പെടുത്തലും വാക്കുകൾ കൊണ്ട് മുറിപ്പെടുത്തലും മാത്രമല്ല ബുദ്ധിമുട്ടിക്കലിന്റെ ഗണത്തിൽ വരുന്നത്. മറ്റൊരാളെ മാനസികമായി തളർത്തലും കഷ്ടപ്പെടുത്തലും പീഡിപ്പിക്കലുമെല്ലാം അത്പോലെ തന്നെയാണ്.
ആരെയും പ്രയാസപ്പെടുത്താതിരിക്കുന്നതിന്റെ മഹത്വം നബി (സ) പറഞ്ഞത് നോക്കൂ. നിന്റെ ഭാഗത്തു നിന്ന് ജനങ്ങൾക്കുള്ള ബുദ്ധിമുട്ടുകൾ നീ തടഞ്ഞുവെക്കുന്നുവെങ്കിൽ അത് നീ നിന്റെമേൽ നിർവഹിക്കുന്ന ദാനമാണ്, അഥവാ നാം സ്വന്തത്തോട് നിർവഹിക്കേണ്ട കടമയാണ്.