Connect with us

editorial

ജയില്‍ പ്രശ്നങ്ങൾ പഠിക്കാന്‍ പിന്നെയും സമിതി

അടിക്കടി സമിതികളെ നിയോഗിച്ചതു കൊണ്ടായില്ല, അവര്‍ സമര്‍പ്പിക്കുന്ന റിപോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ യഥാവിധി നടപ്പാക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടാകേണ്ടത്. ജയില്‍വാസം ഒരു ശിക്ഷാമുറയാണെങ്കിലും അപ്പേരില്‍ തടവുകാര്‍ മനുഷ്യാവകാശ ലംഘനത്തിന് വിധേയരാകരുത്.

Published

|

Last Updated

ജയിലുകളിലെ അപര്യാപ്തതകളെ കുറിച്ച് പഠിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, ജയില്‍ മേധാവി എന്നിവരടങ്ങുന്ന സമിതിയായിരിക്കും സംസ്ഥാനത്തെ ജയിലുകള്‍ സന്ദര്‍ശിച്ച് റിപോര്‍ട്ട് തയ്യാറാക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സമിതി മൂന്ന് മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണം. ജയിലുകളിലെ തടവുകാരുടെ ബാഹുല്യം കുറക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന സംസ്ഥാനങ്ങളോടുള്ള സുപ്രീം കോടതിയുടെ നിര്‍ദേശാനുസാരമാണ് സമിതി രൂപവത്കരണം. വിയ്യൂരിനും തിരുവനന്തപുരത്തിനുമിടയില്‍ പുതിയൊരു സെന്‍ട്രല്‍ ജയില്‍ സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്ന കാര്യവും സര്‍ക്കാര്‍ പരിഗണനയിലുണ്ട്.

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ പോലെ കേരളവും അനുഭവിക്കുന്ന മുഖ്യപ്രശ്നമാണ് ജയില്‍ തടവുകാരുടെ ബാഹുല്യം. രണ്ട് വര്‍ഷം മുമ്പുള്ള റിപോര്‍ട്ടനുസരിച്ച് ശേഷിയുടെ 30 മുതല്‍ 100 ശതമാനം വരെ തടവുകാര്‍ താമസിക്കുന്നുണ്ട് ബഹുഭൂരിഭാഗം ജയിലുകളിലും. ഇതുമൂലം തടവുകാര്‍ക്ക് സൗകര്യപ്രദമായി പ്രാഥമിക ആവശ്യനിര്‍വഹണം നടത്താന്‍ പറ്റാത്ത സാഹചര്യം പോലുമുണ്ട്. 2019ല്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പ്രശ്നത്തില്‍ ഇടപെടുകയും ഉള്‍ക്കൊള്ളാവുന്നതിലേറെ തടവുകാരെ പാര്‍പ്പിക്കുന്നത് സംബന്ധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്നത്തെ കമ്മീഷന്‍ അധ്യക്ഷന്‍ ആന്റണി ഡൊമിനിക് ജയില്‍ ഡി ജി പിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

തടവുകാരുടെ എണ്ണക്കൂടുതല്‍ കാരണം ജയിലിനകത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കാറുണ്ട് പലപ്പേഴും. പ്രശ്നത്തിന് പരിഹാരം നിര്‍ദേശിക്കാന്‍ നേരത്തേ പല സമിതികളെയും നിയോഗിക്കുകയും അവര്‍ വിശദമായി കാര്യങ്ങള്‍ പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തതാണ്. 2017ല്‍ ജയില്‍ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. അലക്സാണ്ടര്‍ ജേക്കബ് സമര്‍പ്പിച്ച റിപോര്‍ട്ടില്‍, സംസ്ഥാനത്ത് മൂന്ന് സെന്‍ട്രല്‍ ജയിലുകള്‍ കൂടി സ്ഥാപിക്കാന്‍ ശിപാര്‍ശ ചെയ്തിരുന്നു. കോഴിക്കോട് ജില്ലാ ജയിലും സ്പെഷ്യല്‍ ജയിലും ചേര്‍ത്ത് സെന്‍ട്രല്‍ ജയിലാക്കുക, എറണാകുളത്ത് സെന്‍ട്രല്‍ ജയില്‍ സ്ഥാപിക്കുക, തൊടുപുഴ ജില്ലാ കോടതിക്കു സമീപമുള്ള മുട്ടത്തെ ജയില്‍ സെന്‍ട്രല്‍ ജയിലാക്കുക എന്നിവയായിരുന്നു കമ്മീഷന്‍ ശിപാര്‍ശ. ഒരു പ്രക്ഷോഭമോ വന്‍തോതിലുള്ള അറസ്റ്റോ ഉണ്ടായാല്‍ ശരാശരി 10,000 തടവുകാര്‍ വരെ ഉണ്ടായേക്കാം. ഇത് കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ പോലീസ് ഡിവിഷനുകളിലും കുറഞ്ഞത് ഒരു ജയിലെങ്കിലും വേണമെന്നും കമ്മീഷന്റെ ശിപാര്‍ശയിലുണ്ട്. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് കാര്യമായ തുടര്‍ നടപടികളൊന്നുമുണ്ടായില്ല.

2024 ഡിസംബറില്‍ ജയില്‍ വകുപ്പ് ഉപദേശക സമിതി യോഗത്തില്‍ സംസാരിക്കവെ, തടവുകാരുടെ ബാഹുല്യം, ജയില്‍ ജീവനക്കാരുടെ അപര്യാപ്തത, അമിതജോലി ഭാരം, പുതിയ ജയിലുകള്‍ സ്ഥാപിക്കല്‍ തുടങ്ങി ജയിലുകളിലെ പ്രശ്നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ജില്ലാതല വിസിറ്റിംഗ് ബോര്‍ഡുകള്‍ ജയിലുകള്‍ സന്ദര്‍ശിച്ച് സര്‍ക്കാറിനും ജയില്‍ വകുപ്പിനും അടിയന്തര റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തു. പ്രസ്തുത റിപോര്‍ട്ട് ലഭിച്ചാലുടന്‍ അനുകൂല തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി ദീപാ ശിവദാസ് ഉറപ്പും നല്‍കി. ഇത്തരം റിപോര്‍ട്ടുകളെല്ലാം ശീതീകരണിയില്‍ വിശ്രമിക്കുമ്പോഴാണ് സര്‍ക്കാര്‍ വീണ്ടും ഒരു ഉന്നതതല സമിതിയെ നിയോഗിക്കുന്നത്.

അടിക്കടി സമിതികളെ നിയോഗിച്ചതു കൊണ്ടായില്ല, അവര്‍ സമര്‍പ്പിക്കുന്ന റിപോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ യഥാവിധി നടപ്പാക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടാകേണ്ടത്. ജയില്‍വാസം ഒരു ശിക്ഷാമുറയാണെങ്കിലും അപ്പേരില്‍ തടവുകാര്‍ മനുഷ്യാവകാശ ലംഘനത്തിന് വിധേയരാകരുത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥ തടവുകാര്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നല്‍കുകയും അവരുടെ മൗലികാവകാശങ്ങളുടെ പ്രാധാന്യം പല തവണ ഊന്നിപ്പറയുകയും ചെയ്തിട്ടുണ്ട്. തടവുകാരും മനുഷ്യരാണ്. അവരെ മൃഗസമാനമായി ജയിലില്‍ പാര്‍പ്പിക്കുന്നത് മോശം നടപടിയും അംഗീകരിക്കാനാകാത്ത കാര്യവുമാണെന്നാണ് 2018ല്‍ ജസ്റ്റിസ് എം ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബഞ്ച് അഭിപ്രായപ്പെട്ടത്. തടവുകാര്‍ക്ക് അനുയോജ്യമായ താമസ സ്ഥലം നല്‍കാന്‍ സാധിക്കില്ലെങ്കില്‍ അവരെ മോചിപ്പിക്കുന്നതാണ് കരണീയമെന്നും കോടതി ചൂണ്ടിക്കാട്ടി.

രാജ്യത്തെ 1,300 ജയിലുകളിലെ തടവുകാരുടെ എണ്ണം ഉള്‍ക്കൊള്ളാവുന്നതില്‍ കൂടുതലാണെന്ന മാധ്യമ റിപോര്‍ട്ടുകളോട് പ്രതികരിക്കവെയാണ് ഡിവിഷന്‍ ബഞ്ച് ഈ നിരീക്ഷണം നടത്തിയത്. താമസ സൗകര്യത്തോടൊപ്പം മതിയായ ചികിത്സാ സഹായം, നല്ല ആഹാരം, വിദ്യാഭ്യാസം, കൗണ്‍സലിംഗ് തുടങ്ങിയവയും തടവുകാര്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങളാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ നിയമജ്ഞരിലൊരാളും ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് വി കൃഷ്ണയ്യര്‍ 1978ല്‍ പഞ്ചാബ് ജയില്‍ സന്ദര്‍ശിക്കാനിടയായി. ജയില്‍ ചട്ടങ്ങള്‍ വിവരിക്കുന്ന ഗ്രന്ഥങ്ങള്‍ തടവുകാര്‍ക്ക് ലഭിക്കുന്നില്ലെന്നും ബഹുഭൂരിപക്ഷവും ഇക്കാര്യത്തില്‍ അജ്ഞരാണെന്നും സന്ദര്‍ശന വേളയില്‍ അദ്ദേഹത്തിന് ബോധ്യപ്പെട്ടു. തുടര്‍ന്ന് ഓരോ തടവുകാരനും നിയമ പുസ്തകം ലഭ്യമാക്കാനും ഇംഗ്ലീഷ് അറിയാത്തവര്‍ക്ക് പുസ്തകം പ്രാദേശിക ഭാഷയില്‍ അച്ചടിച്ചു വിതരണം ചെയ്യാനും അദ്ദേഹം ഉത്തരവിട്ടു.

ഏതാനും വര്‍ഷം മുമ്പ് ആംനസ്റ്റി ഇന്റര്‍ നാഷനല്‍ പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ വിചാരണാ തടവുകാരുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തും ആഗോളാടിസ്ഥാനത്തില്‍ പതിനെട്ടാം സ്ഥാനത്തുമാണ് ഇന്ത്യ. ജയില്‍ ചട്ടപ്രകാരം ഒരു തടവുകാരന് 3.72 ചതുരശ്ര മീറ്റര്‍ സ്ഥലം വേണം. നിലവില്‍ പല ജയിലുകളിലും ഒരു ചതുരശ്ര മീറ്റര്‍ പോലും ഇല്ലാത്ത അവസ്ഥയാണ്.

Latest