common wealth games
കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും വെള്ളി; സ്‌ക്വാഷില്‍ വെങ്കലം
വനിതാ ജൂഡോയില്‍ തൂലിക മാന്‍ ആണ് വെള്ളി നേടിയത്.
ബിര്‍മിംഗ്ഹാം | കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ പട്ടിക വിപുലപ്പെടുത്തി ഇന്ത്യ. ജൂഡോയിൽ വെള്ളിയും പുരുഷന്മാരുടെ സിംഗിള്‍സ് സ്‌ക്വാഷില്‍ വെങ്കലവും നേടി. വനിതാ ജൂഡോയില്‍ തൂലിക മാന്‍ ആണ് വെള്ളി നേടിയത്. സ്ക്വാഷിൽ സൗരവ് ഘോഷാല്‍ ആണ് വെങ്കല മെഡല്‍ നേടിയത്.
78 കിലോ ജൂഡോ ഫൈനലില്‍ സ്‌കോട്ട്‌ലാന്‍ഡിന്റെ സാറ അദ്‌ലിംഗ്ടണിനെയാണ് തൂലിക നേരിട്ടത്. സ്വർണം പ്രതീക്ഷിച്ചെങ്കിലും തൂലികക്ക് ചുവടുപിഴക്കുകയായിരുന്നു. സ്ക്വാഷിൽ ഇംഗ്ലണ്ടിന്റെ ജെയിംസ് വില്‍സ്‌ട്രോപിനെയാണ് സൗരവ് പരാജയപ്പെടുത്തിയത്. കോമണ്‍വെല്‍ത്തില്‍ സ്‌ക്വാഷ് സിംഗിള്‍സില്‍ സൗരവിന്റെ ആദ്യ മെഡലാണിത്. ഇതോടെ ചരിത്ര മെഡല്‍ കൂടിയാണ് അദ്ദേഹം നേടിയത്.
ഇന്ന് വനിതാ ഹോക്കിയില്‍ ഇന്ത്യ സെമിയില്‍ പ്രവേശിച്ചിരുന്നു. ഗ്രൂപ്പ് എ യിലെ നാലാമത്തെയും അവസാനത്തെയും മത്സരത്തില്‍ കാനഡയെ രണ്ടിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സെമി പ്രവേശം. ഇന്നുതന്നെ ഭാരോദ്വഹനത്തില്‍ ലോവ്പ്രീത് സിങ് ഇന്ത്യക്ക് വേണ്ടി വെങ്കലം നേടിയിരുന്നു. 109 കിലോഗ്രാം പുരുഷ വിഭാഗത്തിലാണ് മെഡല്‍ ലഭിച്ചത്. ഇതോടെ ഇന്ത്യ 16 മെഡലുകൾ നേടി. അഞ്ച് വീതം സ്വർണം, വെങ്കലവും ആറ് വെള്ളി മെഡലുകളാണ് നേടിയത്.