Kerala
വര്‍ഗീയ പ്രസംഗം: പ്രതിരോധത്തിലായി വെള്ളാപ്പള്ളി നടേശൻ; പോലീസിൽ പരാതി
നടേശനെതിരെ വിവിധ രാഷ്ട്രീയ നേതാക്കൾ

മലപ്പുറം | മലപ്പുറം ജില്ലക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ രംഗത്ത്. നടേശനെതിരെ യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യു എ റസാഖ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. പി ഡി പി നേതാവ് അശ്‌റഫ് വാഴക്കാലയും പരാതി നല്‍കിയിട്ടുണ്ട്.
കേരളത്തിലെ വിഷജന്തുക്കളുടെ അപ്പോസ്തലനാണ് വെള്ളാപ്പള്ളി നടേശണെന്ന് യൂത്ത് കോണ്‍ഗ്രസ്സ്് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂര്‍ വിമര്‍ശിച്ചു. മതവും ജാതിയും പറഞ്ഞ് മനുഷ്യമനസ്സുകളില്‍ വിഷം നിറക്കുന്ന നടേശനെതിരെ നമ്മള്‍ മറ്റെല്ലാം മറന്ന് ഒന്നിക്കണം. വെള്ളാപ്പള്ളി ഈ വിഷം ചീറ്റല്‍ തുടര്‍ന്നാല്‍ യൂത്ത് കോണ്‍ഗ്രസ്സ് വേണ്ട രീതിയില്‍ കൈകാര്യം ചെയ്തുവിടുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
വെള്ളാപ്പള്ളി നടേശന്‍ മലപ്പുറത്തെക്കുറിച്ച് പറഞ്ഞത് മോശമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. അദ്ദേഹത്തെ പോലൊരാള്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് കോണ്‍ഗ്രസ്സ് രാഷ്ട്രീയകാര്യ സമിതി അംഗം എ പി അനില്‍ കുമാര്‍ എം എല്‍ എ പറഞ്ഞു.
മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസംഗം. ചുങ്കത്തറയില്‍ നടന്ന എസ് എന്‍ ഡി പി യോഗം നിലമ്പൂര്‍ യൂനിയന്‍ കണ്‍വെന്‍ഷനിലാണ് വിദ്വേഷ പ്രസംഗം നടത്തിയത്.