National
വർഗീയ സംഘർഷം: നൂഹിൽ സന്ദർശനത്തിന് എത്തിയ സിപിഐ പ്രതിനിധി സംഘത്തെ പോലീസ് തടഞ്ഞു
സിപിഐ രാജ്യസഭാ എം പി ബിനോയ് വിശ്വം, സിപിഐ ജനറൽ സെക്രട്ടറി അമർജിത് കൗർ, പാർട്ടി എംപി സന്തോഷ് കുമാർ പി, പാർട്ടി നേതാവ് ദര്യവ് സിംഗ് കശ്യപ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
നൂഹ് | വർഗീയ സംഘർഷം തുടരുന്ന ഹരിയാനയിലെ നൂഹ് ജില്ലയിൽ സന്ദർശനത്തിന് എത്തിയ സിപിഐ പ്രതിനിധി സംഘത്തെ പോലിസ് തടഞ്ഞു. സുരക്ഷാ കാരണങ്ങളും പ്രദേശത്ത് 144 പ്രഖ്യാപിച്ചതും ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി.
സിപിഐ രാജ്യസഭാ എം പി ബിനോയ് വിശ്വം, സിപിഐ ജനറൽ സെക്രട്ടറി അമർജിത് കൗർ, പാർട്ടി എംപി സന്തോഷ് കുമാർ പി, പാർട്ടി നേതാവ് ദര്യവ് സിംഗ് കശ്യപ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
ഗുണ്ടകൾക്കും അക്രമികൾക്കും യഥേഷ്ടം പോകാം, എന്നാൽ സമാധാനം സ്ഥാപിക്കാൻ ഇവിടെയെത്തിയ ജനാധിപത്യ വിശ്വാസികളെ തടഞ്ഞുനിർത്തുന്നുവെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു. ഏറ്റുമുട്ടൽ ഉദ്ദേശിക്കാത്തിനാൽ തങ്ങൾ തിരികെ പോരാൻ തീരുമാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂലൈ 31 ന് ഹരിയാനയിലെ നുഹ് ജില്ലയിൽ വിശ്വഹിന്ദു പരിഷത്ത് ഘോഷയാത്ര തടയാൻ ശ്രമിച്ചതിനെച്ചൊല്ലിയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. തുടർന്നുണ്ടായ സംഘർഷത്തിൽ ആറ് പേർ മരിച്ചു. അക്രമം ഗുരുഗ്രാമിലേക്കും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും അതിവേഗം വ്യാപിച്ചു. ഇതുവരെ 200 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 80 ഓളം പേരെ പ്രതിരോധ തടങ്കലിൽ പാർപ്പിച്ചു.
നുഹ് ജില്ലയിൽ മുസ്‍ലിം ഭൂരിപക്ഷ പ്രദേശത്ത് അനധികൃത കുടിയേറ്റം ആരോപിച്ച് നിരവധി കുടിലുകൾ തകർക്കുകയും ഒരു ഹോട്ടൽ കം-റെസ്റ്റോറന്റ് ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ പൊളിക്കുകയും ചെയ്ത സംഭവവും പിന്നീടുണ്ടായി. നുഹിലെ മൊബൈൽ ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾ ഓഗസ്റ്റ് എട്ട് വരെ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.