Kerala
വര്‍ഗീയതയേയും വിഘടന വാദത്തേയും മനുഷ്യസ്‌നേഹം ഉയര്‍ത്തിപ്പിടിച്ച് നേരിടണം: മന്ത്രി ഡോ. ആര്‍ ബിന്ദു
സമത്വത്തിലും തുല്യതയിലും ഊന്നിയ സമൂഹം കെട്ടിപ്പടുക്കുന്നതിന് ഒന്നിച്ച് കൈകോര്‍ക്കേണ്ടത് അനിവാര്യതയാണ്.
തൃശൂര്‍ | സമഭാവനയില്‍ അധിഷ്ഠിതമായ നവഭാരത നിര്‍മിതിക്കായി ഓരോ ഇന്ത്യന്‍ പൗരനും ശ്രമിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു. തൃശൂര്‍ തേക്കിന്‍ക്കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വിജ്ഞാന വിസ്‌ഫോടനത്തിന്റെ കാലത്ത് അന്ധവിശ്വാസങ്ങളും കാലഹരണപ്പെട്ട ആചാരങ്ങളും തിരിച്ചുകൊണ്ടുവന്ന് പ്രതിഷ്ഠിക്കുന്നതിലുപരി ശാസ്ത്രീയചിന്തയോടെയും യുക്തി ബോധത്തോടെയും വൈജ്ഞാനിക അന്വേഷണങ്ങളുടെ വേഗത വര്‍ധിപ്പിച്ച് സമത്വത്തിലും തുല്യതയിലും ഊന്നിയ സമൂഹം കെട്ടിപ്പടുക്കുന്നതിന് ഒന്നിച്ച് കൈകോര്‍ക്കേണ്ടത് അനിവാര്യതയാണ്.
വര്‍ഗീയതയുടെയും വിഘടന വാദത്തിന്റെയും വംശീയതയുടെയും വിത്തുകള്‍ വിതച്ചുകൊണ്ട് ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിക്കുന്ന പ്രവണതകള്‍ക്കെതിരെ മനുഷ്യസ്‌നേഹം ഉയര്‍ത്തിപ്പിടിച്ച് നേരിടണമെന്നും മന്ത്രി വ്യക്തമാക്കി.