Connect with us

dr kt jaleel

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു മുസ്ലിം പെണ്‍കുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല: ഡോ. കെ ടി ജലീല്‍

ചിലരുടെ വ്യക്തിപരമായ അഭിപ്രായം പാര്‍ട്ടിയുടേതാക്കി അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണക്ക് ഇടവരുത്തും

Published

|

Last Updated

കോഴിക്കോട് | തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമാണെന്ന തരത്തില്‍ ഒരു വേദിയില്‍ അഡ്വ. അനില്‍കുമാര്‍ നടത്തിയ പരാമര്‍ശം സി പി എമ്മിന്റെ അഭിപ്രായമാണെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് ഡോ. കെ ടി ജലീല്‍.

ചിലരുടെ വ്യക്തിപരമായ അഭിപ്രായം പാര്‍ട്ടിയുടേതാക്കി അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണക്ക് ഇടവരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമേ അല്ലെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ഒരു മുസ്ലിം പെണ്‍കുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പര്‍ദ്ദയിട്ട മുസ്ലിം സഹോദരിയെ വര്‍ഷങ്ങളായി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കൗണ്‍സിലറാക്കിയ പാര്‍ട്ടിയാണ് സി പി എം എന്നും സ്വതന്ത്രചിന്ത എന്നാല്‍ തട്ടമിടാതിരിക്കലാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചതിനെ പഴിചാരി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണ രൂപം:

വ്യക്തിപരമായ അഭിപ്രായം പാര്‍ട്ടിയുടേതാക്കി അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണക്ക് ഇടവരുത്തും.
തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമേ അല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ഒരു മുസ്ലിം പെണ്‍കുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല. പര്‍ദ്ദയിട്ട മുസ്ലിം സഹോദരിയെ വര്‍ഷങ്ങളായി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കൗണ്‍സിലറാക്കിയ പാര്‍ട്ടിയാണ് സി പി എം. സ്വതന്ത്രചിന്ത എന്നാല്‍ തട്ടമിടാതിരിക്കലാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചതിനെ പഴിചാരി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കാന്‍ ആരും ശ്രമിക്കേണ്ട.

ഒരു വ്യക്തിയുടെ അബദ്ധം ഒരു പാര്‍ട്ടിയുടെ തീരുമാനമാക്കി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് തികഞ്ഞ വിവരക്കേടാണ്. കാളപെറ്റു എന്ന് കേള്‍ക്കുമ്പോഴേക്ക് കയറെടുക്കുന്ന പ്രവണത ശരിയല്ല. ലീഗ് നേതാവ് അബ്ദുറഹിമാന്‍ കല്ലായി മന്ത്രി റിയാസിനെ കുറിച്ച് ആക്രോശിച്ച ജല്‍പ്പനങ്ങള്‍ മുസ്ലിംലീഗിന്റെ നിലാപാടല്ലാത്തത് പോലെ, മന്ത്രി വീണാ ജോര്‍ജിനെതിരെ കെ എം ഷാജി ഉപയോഗിച്ച സംസ്‌കാരശൂന്യ വാക്കുകള്‍ ലീഗിന്റെ നയമല്ലാത്തത് പോലെ, അഡ്വ. അനില്‍കുമാറിന്റെ അഭിപ്രായം സി പി എമ്മിന്റേതുമല്ലെന്നു തിരിച്ചറിയാന്‍ വിവേകമുള്ളവര്‍ക്കാവണം.

കേരളത്തിലെ 26% വരുന്ന മുസ്ലിം സമൂഹത്തെ കുറിച്ച് അത്യാവശ്യത്തിനു പോലുമുള്ള അറിവ് വലിയൊരു ശതമാനം പൊതുപ്രവര്‍ത്തകര്‍ക്കും സാഹിത്യ-കലാ -സാംസ്‌കാരിക നായകര്‍ക്കും പത്രമാധ്യമ പ്രവര്‍ത്തകര്‍ക്കും മത-സാമുദായിക നേതാക്കള്‍ക്കുമില്ലെന്നത് ഒരു വസ്തുതയാണ്. അതുകൊണ്ടാണ് ഇത്തരത്തിലുള്ള പിശകുകള്‍ പലപ്പോഴും സംഭവിക്കുന്നത്. അവര്‍ ഏതു രാഷ്ട്രീയ ചേരിയില്‍ പെട്ടവരാണെങ്കിലും ശരി.

ഒരു ജനവിഭാഗത്തിന്റെ വൈകാരിക പ്രശ്‌നങ്ങളിലും ശരിയായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലല്ലാതെ രാഷ്ട്രീയ നേതാക്കളും പൊതുപ്രവര്‍ത്തകരും പ്രതികരിക്കരുത്. സ്വന്തം അഭിപ്രായങ്ങള്‍ പറയുന്നതില്‍ യാതൊരു തെറ്റുമില്ല. എന്നാല്‍ തന്റെ നിരീക്ഷണങ്ങള്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടേതാണെന്നു വ്യംഗ്യമായിപ്പോലും സൂചിപ്പിക്കുന്ന അഭിപ്രായ പ്രകടനങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കണം. അല്ലെങ്കില്‍ വര്‍ഗീയ മനോഭാവമുള്ളവരും രാഷ്ടീയ വൈരികളും അത് വ്യാപകമായി ദുരുപയോഗം ചെയ്യും.

എന്റെ സുഹൃത്തും സി പി എം ആലപ്പുഴ ജില്ലാകമ്മിറ്റി അംഗവുമായ എ എം ആരിഫ് എം പിയുടെ വന്ദ്യ മാതാവ് ഒരാഴ്ച മുമ്പാണ് മരണപ്പെട്ടത്. ഞാന്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. തന്റെ ഉമ്മയുടെ മയ്യത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത് ആരിഫാണ്. മതാചാരപ്രകാരം ജീവിക്കുന്ന ലക്ഷക്കണക്കിനു സഖാക്കള്‍ ഉള്ള നാടാണ് കേരളം, ബഹുജന പാര്‍ട്ടിയാണ് സി പി എം.
അതു മറന്ന് ചില തല്‍പരകക്ഷികള്‍ അഡ്വ. അനില്‍കുമാറിന്റെ വ്യക്തിപരമായ നിരീക്ഷണം സി പി എമ്മിന്റേതാണെന്നു വരുത്തിത്തീര്‍ത്തു വിശ്വാസികളായ മുസ്ലിം വിഭാഗത്തിനിടയില്‍ പ്രചരിപ്പിക്കുന്നത് മാന്യതക്കു ചേര്‍ന്നതല്ല.

ഞങ്ങളുടെ മകള്‍ സുമയ്യ ബീഗം എം ബി ബി എസ് പൂര്‍ത്തിയാക്കി ഡോക്ടറായി. അന്തമാനിലെ പോര്‍ട്ട്ബ്ലയറിലെ കേന്ദ്രസര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ് അവള്‍ പഠിച്ചത്. നല്ല മാര്‍ക്കോടെ വിജയിച്ചു. ഞാനും ഭാര്യയും സുമയ്യയെ കൂട്ടാനും, 2017 ബാച്ചിന്റെ ‘ഫെയര്‍വെല്‍ സെറിമണി’യിലും പങ്കെടുക്കാന്‍ ഇവിടെ എത്തി. ചടങ്ങില്‍ സ്വാഗതം പറഞ്ഞത് സുമയ്യയാണ്. തട്ടമിട്ട അവള്‍ പുരോഗമന ചിന്തയില്‍ ഒട്ടും പിന്നിലല്ല. വിദ്യാഭ്യാസമുള്ള തട്ടമിട്ട തലമുറയാണ് മലപ്പുറത്തെ പുരോഗമന പ്രസ്ഥാനത്തിന്റെ കരുത്ത്.

 

 

 

 

---- facebook comment plugin here -----

Latest