Connect with us

kodiyeri Balakrishnan

കോണ്‍ഗ്രസ് കടുംബത്തില്‍ നിന്നുയര്‍ന്ന് വന്ന കമ്മ്യൂണിസ്റ്റ്

അമ്മക്കും ചെറുപ്പത്തിലെ മരിച്ച അച്ഛനുമൊന്നും കമ്മ്യൂണിസത്തോട് ആഭിമുഖ്യമില്ലായിരുന്നു. ജന്മനാട്ടിലെ മിക്കവരും കോണ്‍ഗ്രസുകാരായിരുന്ന സാഹചര്യത്തില്‍ നിന്നാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് കോടിയേരി ഉയരുന്നത്.

Published

|

Last Updated

തിരുവനന്തപുരം | കോണ്‍ഗ്രസ് കുടുംബത്തിലാണ് കോടിയേരിയെന്ന കമ്മ്യൂണിസ്റ്റ് നേതാവ് ഉദയം കൊള്ളുന്നത്. കോടിയേരിയുടെ തറവാടായ മുട്ടേമ്മല്‍ തറവാട് കോണ്‍ഗ്രസ് തറവാടായിരുന്നു. അമ്മക്കും ചെറുപ്പത്തിലെ മരിച്ച അച്ഛനുമൊന്നും കമ്മ്യൂണിസത്തോട് ആഭിമുഖ്യമില്ലായിരുന്നു. ജന്മനാട്ടിലെ മിക്കവരും കോണ്‍ഗ്രസുകാരായിരുന്ന സാഹചര്യത്തില്‍ നിന്നാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് കോടിയേരി ഉയരുന്നത്.

അമ്മയുടെ സഹോദരനായ നാണു നമ്പ്യാരില്‍ നിന്ന് കമ്മ്യൂണിസ്റ്റ് ചിന്തയുടെ ജ്വാലകള്‍ കോടിയേരിയില്‍ നിറയുന്നത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കെ എസ് എഫ്(കേരള സ്റ്റുഡന്‍സ് യൂനിയന്‍) സംഘടനയിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

അധ്യാപകനായിരുന്ന പിതാവ് കുഞ്ഞുണ്ണിക്കുറപ്പിനെ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ നഷ്ടപ്പെട്ട കോടിയേരിയെ അമ്മ നാരായണിയമ്മ കൃഷിപ്പണിചെയ്തും പശുക്കളെ വളര്‍ത്തിയുമാണ് നോക്കിയത്. നാലു സഹോദരിമാരുടെ ഇളയ സഹോദരനായതിനാല്‍ ഏറെ വാത്സല്യം കിട്ടി. മണി എന്നാണ് അമ്മയും ബന്ധുക്കളും വിളിച്ചിരുന്നത്. ചെറുപ്പത്തില്‍ തന്നെ പ്രസംഗത്തില്‍ തത്പരനായിരുന്നു. അഞ്ചാം ക്ലാസുമുതല്‍ സ്‌കൂളുകളില്‍ പ്രസംഗ മത്സരങ്ങളില്‍ പങ്കെടുത്തു. കോടിയേരി ദേശീയ വായനശാലയാണ് വായനാശീലം വളര്‍ത്തിയത്. ആ വായനാശാലയിലാണ് കെ എസ് എഫ് യോഗം ചേര്‍ന്ന് കോടിയേരിയെ സെക്രട്ടറിയായി തിരഞ്ഞെടുത്തതും.

സ്‌കൂളില്‍ കെ എസ് എഫ് രൂപവത്കിരക്കാനായി അന്ന് എത്തിയത് സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ്. പിണറായി അന്ന് കോളജിലാണ് പഠിക്കുന്നത്. പിണറായി സ്‌കൂളിലെത്തുന്നുവെന്നു പ്രചാരം നല്‍കിയാണ് സംഘടനയിലേക്ക് കുട്ടികളെ സംഘടിപ്പിച്ചത്. വൈക്കം വിശ്വനായിരുന്നു സംസ്ഥാന പ്രസിഡന്റ്. സ്‌കൂളിലെ പഠനം അവസാനിക്കുമ്പോള്‍ കോടിയേരിക്കു പ്രദേശിക തലത്തില്‍ വിദ്യാര്‍ഥി നേതാവെന്ന പേര് ലഭിച്ചിരുന്നു. വിദ്യാര്‍ഥി ക്യാംപില്‍ ഓണിയന്‍ ഹൈസ്‌കൂളിനെ പ്രതിനിധീകരിച്ചു മൂഴിക്കരയിലെ ബാലകൃഷ്ണനും മുളിയില്‍നടയില്‍ ബാലകൃഷ്ണനും പങ്കെടുത്തിരുന്നു. റജിസ്‌ട്രേഷന്‍ സമയത്ത് മൂഴിക്കരയിലെ ബാലകൃഷ്ണന്‍ നിര്‍ദേശിച്ച പേരാണ് മൊട്ടേമ്മല്‍ ബാലകൃഷ്ണന് കോടിയേരി എന്നത്. ആ പേരാണ് രാജ്യം മുഴുവന്‍ ശ്രദ്ധിക്കുന്ന പേരായി വളര്‍ന്നത്.

കോടിയേരി മാഹി കോളജില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ 1970ലാണ് എസ് എഫ് ഐ രൂപവത്കരിക്കുന്നത്. കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ ആദ്യത്തെ ചെയര്‍മാനായി. കോടിയേരി എസ് എഫ് ഐ ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ ജില്ലാ പ്രസിഡന്റായിരുന്നത് ഇന്നത്തെ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനാണ്. എസ് എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലാണ് തുടര്‍ പഠനം നടത്തിയത്. ഇരുപതാം വയസില്‍ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയായി. ജി സുധാകരനായിരുന്നു അന്ന് സംസ്ഥാന പ്രസിഡന്റ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ മിസ നിയമപ്രകാരം വിദ്യാര്‍ഥി നേതാക്കള്‍ അറസ്റ്റിലായി.

എം എ ബേബി, ജി സുധാകരന്‍, എം വിജയകുമാര്‍ തുടങ്ങിയവരും പിണറായി വിജയനുമെല്ലാം ജയിലില്‍ സഹതടവുകാരായി. വൈകുന്നേരമായാല്‍ തടവുകാര്‍ കളികളിലേര്‍പ്പെടും. ഫുട്ബാളും ബാഡ്മിന്റണുമായിരുന്നു പ്രധാന കളികള്‍. കോടിയേരിയും പിണറായിയും ഒ ഭരതനുമെല്ലാം നന്നായി ബാഡ്മിന്റണ്‍ കളിക്കുമായിരുന്നെന്ന് സഹതടവുകാര്‍ ഓര്‍ക്കുന്നു. വൈകുന്നേരം ലോക്കപ്പ് ചെയ്തു കഴിഞ്ഞാല്‍ വായനക്കുള്ള സമയമാണ്. സി പി എം തടവുകാര്‍ ഒറ്റ ബ്ലോക്കായതിനാല്‍ പുസ്തകങ്ങള്‍ മാറി മാറി വായിക്കും. ബ്ലോക്കില്‍ വൃത്തിയില്ലാത്ത ഒരു ശുചിമുറി മാത്രമാണ് ഉണ്ടായിരുന്നത്. അതായിരുന്നു പ്രധാന പ്രശ്‌നവും. ഒന്നരവര്‍ഷത്തിനുശേഷമായിരുന്നു മോചനം. 1980വരെ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയായി തുടര്‍ന്നു.

Latest