Uae
ട്രാഫിക്കില്‍ നിന്ന് രക്ഷപ്പെടാന്‍ വര്‍ക്ക് ഫ്രം ഹോം, ഫ്‌ളെക്സിബിള്‍ ജോലി അനുവദിച്ച് കമ്പനികള്‍
ട്രാഫിക്ക് തിരക്ക് കുറക്കാന്‍ കാര്‍പൂളിംഗ് തിരഞ്ഞെടുക്കാന്‍ അധികൃതര്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
ദുബൈ| ദുബൈയിലെ പല കമ്പനികളും ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനും ഫ്‌ളെക്സിബിള്‍ ജോലി സമയം തിരഞ്ഞെടുക്കാനും അനുവദിക്കുന്നു. തിരക്കുള്ള സമയങ്ങളിലെ രൂക്ഷമായ ട്രാഫിക്കില്‍ നിന്ന് രക്ഷപ്പെടാനാണ് അവര്‍ക്ക് വഴക്കമുള്ള ജോലി സമയം വാഗ്ദാനം ചെയ്യുന്നത്. ചില സ്വകാര്യ കമ്പനികള്‍ സമയം ലാഭിക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമായി പകല്‍ സമയത്ത് എപ്പോള്‍ വേണമെങ്കിലും എട്ട് മണിക്കൂര്‍ ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ ജീവനക്കാരെ അനുവദിക്കുന്നു.
അതേസമയം, ട്രാഫിക്ക് തിരക്ക് കുറക്കാന്‍ കാര്‍പൂളിംഗ് തിരഞ്ഞെടുക്കാന്‍ അധികൃതര്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഫ്‌ളെക്സിബിള്‍ ജോലി സമയവും വിദൂര ജോലിയും നടപ്പാക്കുന്നത് ദുബൈയിലുടനീളമുള്ള പ്രഭാത യാത്രാ സമയം 30 ശതമാനം കുറക്കാന്‍ സഹായിക്കുമെന്ന് അധികൃതര്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം കൂടുതല്‍ പ്രൊഡക്ടിവിറ്റി ഉണ്ടാക്കുന്നുവെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. വീട്ടില്‍ നിന്ന് വഴക്കത്തോടെ ജോലി ചെയ്യാനുള്ള ഓപ്ഷന്‍ ജോലി-ജീവിത സന്തുലിതാവസ്ഥയെ ഫലപ്രദമാക്കി മാറ്റുന്നതായും വ്യക്തമാവുന്നു. മക്കളോടൊപ്പം സമയം ചിലവഴിക്കാനും അവര്‍ക്ക് സാധിക്കും.
തിരക്കേറിയ റോഡുകളില്‍ സമയം ചിലവഴിക്കുന്നതും ഗതാഗതക്കുരുക്കില്‍ പെടുന്നതും സമ്മര്‍ദത്തിന് കാരണമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ രോഗങ്ങള്‍ക്ക് ഇത് കാരണമാകാം. ഓഫീസുകള്‍ക്ക് സമീപം പാര്‍ക്കിംഗ് കണ്ടെത്താനാവാത്തതിനും ഇത് ഒരു പരിധിവരെ സഹായകമാവുന്നുവെന്നാണ് പറയുന്നത്.