Connect with us

Alappuzha

തൊഴിലാളികളുടെ മാതാപിതാക്കളെ ഹജ്ജിന് അയക്കാൻ ഒരുങ്ങി കമ്പനി ഉടമ ഹരികുമാർ

കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായാൽ തൊഴിലാളികളിൽ നിന്നും ചിലരുടെ മാതാപിതാക്കളെ യു എ ഇയിലേക്ക് കൊണ്ട് വരാനുള്ള ഒരുക്കവും ഹരികുമാർ ആരംഭിച്ചു.

Published

|

Last Updated

അബുദബി | തൊഴിലാളികളുടെ മാതാപിതാക്കളെ ഹജ്ജിന് അയക്കാൻ ഒരുങ്ങി ആർ ഹരികുമാർ. ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനി ഉടമ അമ്പലപ്പുഴ സ്വദേശി ഹരികുമാറാണ് കമ്പനിയിലെ തിരഞ്ഞെടുത്ത  തൊഴിലാളികളുടെ  മാതാപിതാക്കളെ ഹജ്ജിന് അയക്കാൻ ഒരുങ്ങുന്നത്. എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസിന് കീഴിൽ 12 കമ്പനികളിലായി 2,000ലധികം തൊഴിലാളികൾ  ജോലി ചെയ്യുന്നുണ്ട്.

കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായാൽ തൊഴിലാളികളിൽ നിന്നും ചിലരുടെ മാതാപിതാക്കളെ യു എ ഇയിലേക്ക് കൊണ്ട് വരാനുള്ള ഒരുക്കവും ഹരികുമാർ ആരംഭിച്ചു. മക്കളുടെ കൂടെ ഒരാഴച ചെലവഴിക്കുന്ന മാതാപിതാക്കൾ യു എ ഇ സന്ദർശിച്ചു നാട്ടിലേക്ക് തിരിച്ചു പോകും. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വിത്യസ്തനായ ഹരികുമാർ സഹപ്രവർത്തകരെ സ്വന്തം കുടുംബാംഗങ്ങളെ പോലെ പരിഗണിക്കുന്ന മലയാളി ബിസിനസുകാരനാണ്.

കൊവിഡിന്റെ ആരംഭത്തിൽ തന്റെ കമ്പനി ജീവനക്കാർക്ക് നാട്ടിലേക്ക് പോകുന്നതിന് സൗജന്യ ചാർട്ടേർഡ് വിമാനം ഒരുക്കിയും നാട്ടിലെ സ്വന്തം ടൂറിസ്റ്റ് ഹോം കൊവിഡ് ആശുപത്രിയാക്കി മാറ്റിയും അദ്ദേഹം വ്യത്യസ്തനായിരുന്നു. തൊഴിലാളികൾക്കും നാടിനും വേണ്ടി ആവുന്നത് ചെയ്യാൻ കഴിയുന്നതിൽ ചാരിതാർഥ്യമുണ്ടെന്ന് ഹരികുമാർ പറഞ്ഞു. ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തി  നേരത്തേതന്നെ നാടിന് പ്രിയങ്കരനായി മാറിയ വ്യക്തിയാണ് ഹരികുമാർ.

കൊറോണയുടെ ആരംഭ കാലത്ത് വിമാനം പറത്താൻ അനുവദിക്കുകയാണെങ്കിൽ എല്ലാ ചെലവുകളും വഹിച്ച് ജീവനക്കാരെ നാട്ടിലെത്തിക്കാൻ സന്നദ്ധത അറിയിച്ച ആദ്യ വിദേശ ഇന്ത്യൻ വ്യവസായിയായിരുന്നു ഹരികുമാർ. ലോക്ഡൗൺ നീളുകയും ചാർട്ടർ വിമാന അനുമതി വൈകുകയും ചെയ്തപ്പോൾ ജീവനക്കാർക്ക് സർവവിധ സൗകര്യങ്ങളുമൊരുക്കി അവരെ ചേർത്തുപിടിച്ചിരുന്നു.

 

Latest