Connect with us

Prathivaram

മുഖസ്തുതിയിലെ സായൂജ്യം

മുഖസ്തുതി എന്ന ദുര്‍ഗുണം വ്യക്തിത്വത്തെ ദുഷിപ്പിക്കുന്നതും നരകാവകാശിയാ ക്കിത്തീര്‍ക്കുന്നതുമായ പാപമായാണ് വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്.

Published

|

Last Updated

മനുഷ്യനെ നശിപ്പിക്കുന്ന രണ്ട് പ്രധാന ദുഃസ്വഭാവങ്ങളാണ് മുഖസ്തുതിയും (Flattery) അമിതപ്രശംസയും (Rhapsody). കാര്യം കാണാന്‍ കഴുതക്കാലും പിടിക്കുക എന്നത് ചിരപുരാതനമായ നാട്ടുനടപ്പാണ്. പഴയ രാജാക്കന്മാരും തമ്പുരാക്കന്മാരും അവരുടെ സ്തുതിഗീതം പാടാന്‍ പദ്യകാരന്മാരെ ചെല്ലും ചെലവും കൊടുത്ത് കൊട്ടാരത്തില്‍ പാര്‍പ്പിച്ചിരുന്നു. എന്നാൽ, മുഖസ്തുതി പറയുകയെന്നതും അമിത പ്രശംസ നടത്തുകയെന്നതും സദ്ഗുണത്തിൽ പെട്ടതല്ല. കാരണം, അത് സാത്താനികമാണ്. ആത്മവിശ്വാസം തകരാനും ബന്ധങ്ങൾ വിഛേദിക്കാനും വ്യാജമായത് പ്രചരിക്കാനും അത് ഇട വരുത്തുന്നു. അതിനാൽ തന്നെ ബുദ്ധിശാലികളും പക്വതയുള്ളവരും അത് ഇഷ്ടപ്പെടുന്നില്ല. പുരാതന തത്വചിന്തകരിൽ പ്രമുഖനായ ലൂസിയസ് അനിയസ് സെനെക്കയുടെ വാക്കുകളിൽ ഇങ്ങനെ കാണാം : “മുഖസ്തുതിയിൽ മുഴുകുന്നതിനേക്കാൾ നല്ലത് സത്യത്തെ ശല്യപ്പെടുത്തലാണ്’.
മുഖസ്തുതി പറയുന്നയാൾ ഒരു ശത്രുവിനെപ്പോലെയാണ്. കാരണം, അയാൾ പറയുന്ന കാര്യങ്ങളിൽ ആത്മാർഥതയില്ല. അടുത്തുള്ള സ്ഥലത്ത് നിന്ന് വന്നയാളെപ്പോലും “വളരെ ത്യാഗം സഹിച്ചു കൃത്യസമയത്തു തന്നെ എത്തി’ എന്നെല്ലാം പറഞ്ഞ് മൊഞ്ചാക്കി പരിചയപ്പെടുത്തുന്നവരുണ്ട്. യഥാർഥത്തിൽ അത്തരം വാക്കുകൾ പ്രയോഗിക്കുന്നത് പറയപ്പെടുന്ന വ്യക്തിയിൽ അഹന്തയും ദുരഭിമാനവും വളരാൻ ഇടയാക്കുകയും നാശത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. അതോടൊപ്പം അയാളിലെ ജാഗ്രതയും കർമകുശലതയും കെടുത്തിക്കളയുകയും ചെയ്യുന്നു. ഒരാളിൽ ഉള്ള കാര്യങ്ങൾ തന്നെ പറയുന്നതിലൂടെ നാശമുണ്ടാകുമെന്ന് ഭയക്കുമ്പോൾ അവ പറയരുത്. ഇല്ലാത്ത കാര്യങ്ങൾ അയാളുടെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും പറയൽ അനുവദനീയമല്ല.

വിശ്വാസികൾ മുഖസ്തുതി പാടകരിൽ നിന്നും ബഹുദൂരം അകന്നുനില്‍ക്കണമെന്നാണ് മതത്തിന്റെ ശാസന. വർത്തമാനകാലത്ത് പലരെയും ഗ്രസിച്ചുകൊണ്ടിരിക്കുന്ന ഒരു മഹാവ്യാധിയാണിത്. അത്തരം ദുഃസ്വഭാവങ്ങളെ തിരുനബി(സ) വെറുക്കുകയും തടയുകയും ചെയ്തിരുന്നു. പ്രശംസയും പരിഗണനയും സ്തുതി കീർത്തനവും അര്‍ഹിക്കുന്നവിധം പ്രകടിപ്പിക്കുന്നത് പ്രോത്സാഹജനകവും നന്മ ചെയ്യാനുള്ള പ്രേരകവുമാണ്. മാതാപിതാക്കൾ മക്കളെയും അധ്യാപകർ ശിഷ്യരെയും നേതാക്കൾ അനുയായികളെയും സുഹൃത്തുക്കൾ തമ്മിലും പുകഴ്ത്തിപ്പറയുന്നതും അഭിനന്ദിക്കുന്നതും ആക്ഷേപാർഹമല്ല. ആവശ്യമായ കാര്യങ്ങളിലും സന്ദര്‍ഭങ്ങളിലും അത് ആകാവുന്നതാണ്. കാരണം, അത് അവരിൽ ആത്മവിശ്വാസം വർധിപ്പിക്കാനും ശ്രോതാക്കളിൽ താത്പര്യം ജനിപ്പിക്കാനും ഇടയാക്കും. ഇസ്‌ലാമികാശ്ലേഷണം നടത്തിയ ശേഷം തിരുനബി(സ)യുടെ സന്നിധിയിലെത്തിയ റബീഅ ഗോത്രത്തിലെ അബ്ദുൽ ഖൈസിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ “നിങ്ങൾ നിന്ദിതരോ ദുഃഖിതരോ അല്ലെന്നും അത്തരം ഒരു സാഹചര്യം നിങ്ങൾക്കുണ്ടാകില്ലെന്നും’ അവിടുന്ന് പ്രശംസിച്ചത് സ്വഹീഹുൽ ബുഖാരിയിലുണ്ട്.

എന്നാല്‍ പ്രീണനത്തിനും സ്ഥാനമാനങ്ങൾക്കും സ്വാർഥ താത്പര്യങ്ങൾക്കും വേണ്ടി അനാവശ്യമായ വര്‍ണനകളും അനൗചിത്യമായ പ്രയോഗങ്ങളും നടത്തി അസത്യം കൂട്ടിച്ചേർത്ത് പൊലിപ്പിച്ചും പെരുപ്പിച്ചും പറയുന്നതും അതുകേട്ട് ആനന്ദ നിര്‍വൃതിയടയുന്നതും വിശ്വാസികള്‍ക്ക് ഭൂഷണമല്ല. നബി(സ)യുടെ സാന്നിധ്യത്തില്‍ ഒരാള്‍ മറ്റൊരാളെ വാഴ്ത്തിപ്പറയുന്നത് അവിടുന്ന് കേട്ടപ്പോള്‍ ഇങ്ങനെ പറഞ്ഞു: “നിന്റെ സ്‌നേഹിതന്റെ പിരടി നീ മുറിച്ചുകളഞ്ഞു’. മൂന്ന് പ്രാവശ്യം ഇത് നബി (സ) ആവര്‍ത്തിച്ചു. (അബൂദാവൂദ്).
മുഖസ്തുതി എന്ന ദുര്‍ഗുണം വ്യക്തിത്വത്തെ ദുഷിപ്പിക്കുന്നതും നരകാവകാശിയാക്കിത്തീര്‍ക്കുന്നതുമായ പാപമായാണ് വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്.

അല്ലാഹു പറയുന്നു: “തങ്ങള്‍ ചെയ്തതില്‍ സന്തോഷം കൊള്ളുകയും ചെയ്തിട്ടില്ലാത്ത കാര്യത്തിന്റെ പേരില്‍ പ്രശംസിക്കപ്പെടാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്ന ആ വിഭാഗത്തെപ്പറ്റി അവര്‍ ശിക്ഷയില്‍ നിന്ന് മുക്തമായ അവസ്ഥയിലാണെന്ന് താങ്കൾ വിചാരിക്കരുത്. അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്. (ആലു ഇംറാൻ : 188). ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇമാം ഇബ്‌നു കസീർ(റ) പറയുന്നു: “കൊള്ളരുതാത്ത കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയും അതില്‍ സന്തോഷം കൊള്ളുകയും ചെയ്യുക, അല്ലെങ്കില്‍ വേണ്ടപ്പെട്ട കാര്യം ചെയ്തശേഷം അതില്‍ ദുരഭിമാനം കൊള്ളുക, പ്രവര്‍ത്തനത്തില്‍ കൊണ്ടുവന്നിട്ടില്ലാത്ത കാര്യത്തിന്റെ പേരില്‍ സൽപ്പേര് ലഭിക്കണമെന്ന് ആഗ്രഹിക്കുകയും അതിന് ശ്രമം നടത്തുകയും ചെയ്യുക തുടങ്ങിയ സ്വഭാവങ്ങളെല്ലാം ആക്ഷേപാർഹമാണ്’. (തഫ്സീറുബ്നു കസീർ)
ഭരണകര്‍ത്താക്കളെയും രാഷ്ട്രീയ നേതാക്കളെയും സമ്പന്നന്മാരെയുമെല്ലാം പരിധിവിട്ട് പ്രശംസ നടത്തിയും മുഖസ്തുതി പാടിയും അവരുടെ പ്രീണനവും കാര്യലാഭവും നേടുന്ന പ്രവണത ഇന്ന് സാര്‍വത്രികമാണ്. അതിനു വേണ്ടി കൂലിത്തൊഴിലാളികളെ വരെ നിശ്ചയിക്കുന്നവരുണ്ട്. സ്വന്തത്തെ കുറിച്ചുള്ള മേന്മ പറച്ചിലിൽ അവർ സായൂജ്യമടയുകയും അറിഞ്ഞോ അറിയാതെയോ അഹങ്കാരികളും അധികാര മോഹികളുമായി മാറുകയും ചെയ്യുന്നു. അത് അനീതി നടപ്പാക്കാനും നന്മകളെ അപ്രത്യക്ഷമാക്കാനും ഇടവരുത്തും. തിരിച്ചറിവില്ലായ്മയാണ് ഇത്തരക്കാരുടെ അസുഖം. തിരിച്ചറിവില്ലാത്ത അറിവ് അപക്വവും അപകടകരവുമാണ്.

മുഖസ്തുതിയെ കാപട്യമായിട്ടാണ് സാത്വികർ വിലയിരുത്തിയത്. ആയതിനാൽ വിനയവും എളിമയും ജീവിതത്തില്‍ കാത്തുസൂക്ഷിക്കുന്നവർക്ക് അമിത പ്രശംസ അരോചകമായി മാറുന്നു. അത്തരം ഘട്ടങ്ങളിൽ പാപമോചനത്തിനു വേണ്ടി അവർ പ്രാർഥന നടത്തുന്നു.എന്നാൽ, മറ്റുള്ളവര്‍ക്ക് വ്യക്തിയെ മനസ്സിലാക്കാനും നന്മയില്‍ അവർ പിന്തുടരപ്പെടാനും വേണ്ടി അമിതമല്ലാത്ത വിധത്തിലുള്ള പ്രശംസ അനുവദിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, അത് സത്യത്തിനും യാഥാര്‍ഥ്യത്തിനും മാന്യതക്കും നിരക്കുന്നതായിരിക്കണം.