National
ഏറ്റെടുക്കുന്ന സ്ഥലത്തിന് നഷ്ടപരിഹാരം നല്‍കുന്നത് കാരുണ്യ പ്രവര്‍ത്തനമല്ല; ഉടമയുടെ അവകാശം: സുപ്രീം കോടതി
നഷ്ടപരിഹാരം നല്‍കുമ്പോള്‍ സര്‍ക്കാര്‍ വലിയ കാരുണ്യപ്രവര്‍ത്തനം നടത്തിയെന്ന രീതിയില്‍ ഉയര്‍ത്തിക്കാട്ടേണ്ടതില്ല

ന്യൂഡല്‍ഹി | ഏറ്റെടുക്കുന്ന സ്ഥലത്തിന് നഷ്ടപരിഹാരം ലഭിക്കുകയെന്നത് ഉടമയുടെ അവകാശമാണെന്നും സര്‍ക്കാരിന്റെ കാരുണ്യപ്രവര്‍ത്തനമല്ലെന്നും സുപ്രീംകോടതി. ഇത്തരത്തില്‍ നഷ്ടപരിഹാരം നല്‍കുമ്പോള്‍ സര്‍ക്കാര്‍ വലിയ കാരുണ്യപ്രവര്‍ത്തനം നടത്തിയെന്ന രീതിയില്‍ ഉയര്‍ത്തിക്കാട്ടേണ്ടതില്ലെന്നും ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഭൂമി ഉപയോഗിക്കാനുള്ള അവകാശം 20 വര്‍ഷം നഷ്ടപ്പെടുത്തിയശേഷം നഷ്ടപരിഹാരം നല്‍കിയതിനെ ഉദാരതയായി പറയരുതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. 2002ല്‍ ഏറ്റെടുത്ത ഭൂമിക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കാത്തതുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ഡവലപ്മെന്റ് അതോറിറ്റിയുടെ (ജിഡിഎ) ഉദ്യോഗസ്ഥര്‍ക്കെതിരായ കോടതിയലക്ഷ്യ ഹരജിയിലെ ഉത്തരവിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
കോടതിയലക്ഷ്യ നോട്ടീസ് അയച്ചശേഷം 2023 ഡിസംബറിലാണ് നഷ്ടപരിഹാരം നല്‍കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മനഃപൂര്‍വമുള്ള വീഴ്ചയല്ല സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ ഹരജിയിലെ നടപടികള്‍ സുപ്രീംകോടതി അവസാനിപ്പിച്ചു.