Connect with us

NEET EXAM

മത്സരപ്പരീക്ഷ: നയങ്ങള്‍ മാറ്റണം

ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മാത്രമേ കോപ്പിയടി തടയാനാകൂവെന്ന മാനസികാവസ്ഥ തിരുത്താന്‍ സര്‍ക്കാറും അതോറിറ്റിയും സമൂഹവും തയ്യാറാകണം. വിദ്യാര്‍ഥികളെ വിശ്വാസത്തിലെടുത്ത് പരീക്ഷയെഴുതിപ്പിക്കാന്‍ നമുക്കാദ്യം ആത്മവിശ്വാസമുണ്ടാകണം. അതിന്റെ ധാരാളം സാധ്യതകള്‍ നിലനില്‍ക്കുമ്പോള്‍ അതിലൂടെയായിരിക്കണം നമ്മുടെ ചിന്തകള്‍ പോകേണ്ടത്.

Published

|

Last Updated

ജീവിതത്തില്‍ ഒരു വിദ്യാര്‍ഥി ഏറ്റവും കൂടുതല്‍ മാനസിക സംഘര്‍ഷമനുഭവിക്കുന്ന ദിവസങ്ങളിലൊന്ന് മത്സരപ്പരീക്ഷാ ദിവസമായിരിക്കും. ചുറ്റുപാടും പ്രതീക്ഷകളുടെ ധാരാളം കണ്ണുകള്‍, ചോദ്യ ശരങ്ങള്‍, ജീവിതത്തില്‍ ഉന്നതങ്ങള്‍ കീഴടക്കാനുള്ള ആഗ്രഹം, കുടുംബത്തെ രക്ഷപ്പെടുത്താനോ കുടുംബത്തിന്റെ മാനം കാക്കാനോ ഉള്ള ഉത്തരവാദിത്വം, ആവര്‍ത്തിച്ചാവര്‍ത്തിച്ച് എഴുതുന്നതിലുള്ള പ്രയാസങ്ങള്‍, കോച്ചിംഗിനു ചെലവാക്കിയ ലക്ഷങ്ങള്‍- ഇങ്ങനെ നൂറുകൂട്ടം ഘടകങ്ങള്‍ക്ക് നടുവില്‍ നിന്നുകൊണ്ടാണ് ഒരോ വിദ്യാര്‍ഥിയും മത്സര പരീക്ഷക്ക് വേണ്ടി രാവിലെത്തന്നെ വീടുവിട്ടിറങ്ങുന്നത്. നിര്‍ഭാഗ്യവശാല്‍ ഒട്ടുമിക്ക മിടുക്കന്മാരുടെയും/ മിടുക്കികളുടെയും മുഴുവന്‍ ശക്തിയും ചോര്‍ത്തിക്കളയുന്ന പരശ്ശതം നിയമങ്ങളും പോളിസികളും നമ്മുടെ പരീക്ഷാകേന്ദ്രവും ചുറ്റുപാടും ഇന്ന് വളഞ്ഞിരിക്കുന്നു. ഓരോ കുട്ടിയെയും മാനസികമായി പീഡിപ്പിക്കാനും സംഘര്‍ഷത്തിലാക്കാനുമുള്ള എല്ലാവിധ “സൗകര്യങ്ങളും’ പലതിന്റെ പേരിലും സംവിധാനിച്ചിരിക്കുന്നു. മനസ്സൊന്ന് ഫ്രീയാക്കി സന്തോഷത്തോടെ പരീക്ഷ എഴുതണമെന്ന് വിചാരിച്ചാല്‍ ഒരിക്കലും നടക്കാത്ത വിധം അതി സങ്കീര്‍ണവും പുരാതനവും എന്നാല്‍ ദുഃഖകരവുമാണ് എല്ലാ സംവിധാനങ്ങളും!

ലോകത്ത് ഒരു വിദ്യാര്‍ഥിയും അനുഭവിക്കാത്ത കിരാതമായ പെരുമാറ്റ രീതികളും ചെയ്തികളുമാണ് മത്സരപ്പരീക്ഷകളില്‍ പലതിലും, പ്രത്യേകിച്ചും നീറ്റ് പരീക്ഷയില്‍ ഉത്തരവാദപ്പെട്ടവര്‍ ഇന്ത്യയില്‍ നടപ്പാക്കിയിരിക്കുന്നത്. ചോദ്യം ചെയ്യപ്പെടാന്‍ പറ്റാത്ത വിധം അതി ഭീകരവും അതിലപ്പുറം ഒറ്റ വിദ്യാര്‍ഥിയെയും ഇന്ത്യയിലെ വിദ്യാര്‍ഥി സമൂഹത്തെയും വിശ്വാസത്തിലെടുക്കാന്‍ പറ്റില്ലെന്ന സന്ദേശവും ഒളിഞ്ഞും തെളിഞ്ഞും ഈ നിയമങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. ജീവിതത്തെ വേണ്ടത്ര മനസ്സിലാക്കാന്‍ കഴിയാത്ത പ്രായത്തില്‍, ജീവിച്ചു ശീലമില്ലാത്ത പ്രായത്തില്‍, കൃത്യമായിപ്പറഞ്ഞാല്‍ പതിനേഴാം വയസ്സിലാണ് ഈ മാനസിക പീഡനമെന്നത് ഇതിന്റെ ആഴം കൂടുതല്‍ വ്യക്തമാക്കുന്നതാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ സംരക്ഷിക്കാന്‍ ഓരോ ദിവസവും നിയമങ്ങള്‍ നെയ്യുന്ന നമ്മുടെ നാട്ടിലെ പട്ടാപ്പകല്‍ പീഡനങ്ങളാണ് ഇവയെന്ന് പ്രത്യേകം പറയേണ്ടി വരില്ല; പരീക്ഷയുടെ പേരിലാകുമ്പോള്‍ ചോദ്യം ചെയ്യാനവകാശമില്ലാത്ത പീഡനം എന്ന് പറയാം. നീണ്ട ജീവിതത്തില്‍ പലതും നേടിയെടുക്കാനുള്ള ഒരു വിദ്യാര്‍ഥിയുടെ എല്ലാ ആവേശവും ത്വരയും ഒറ്റയടിക്ക് കാറ്റില്‍ പറത്താന്‍ ഇതിലപ്പുറം ഒന്നും ആവശ്യമായി വരികയുമില്ല.

നീറ്റ് എഴുതുന്ന ഓരോ കുട്ടിയുടെ മനസ്സും ഓരോ വിധമായിരിക്കും. ചിലര്‍ പെട്ടെന്ന് വിഷമത്തിലാകും. ചിലര്‍ പെട്ടെന്ന് വിയര്‍ക്കും. ചിലര്‍ക്ക് പെട്ടെന്ന് മറവി വരും- എല്ലാത്തിനും ചെറിയൊരു പ്രശ്‌നമുണ്ടായാല്‍ മതി. നാളിതുവരെ കാണാത്ത നൂറുകണക്കിന് ക്യാമറകളും അതിലപ്പുറം സെക്യൂരിറ്റിയും പോലീസും ചെക്കിംഗും എല്ലാം കൂടിയാകുമ്പോള്‍ ഇതിന്റെ തീക്ഷ്ണത അളക്കാനാകുന്നതിലും അപ്പുറമായിരിക്കും. ഒരിക്കല്‍ പോലും കൂര്‍ത്തവാക്കുകള്‍ കേള്‍ക്കാത്ത, പോലീസ് ഭാഷ്യം അറിയാത്ത പാവപ്പെട്ട കുട്ടികള്‍ക്ക് ഒരു കൂര്‍ത്ത നോട്ടം തന്നെ കടുത്ത വിഷമമായിരിക്കും സമ്മാനിക്കുക. ഇതൊന്നും മനസ്സിലാക്കാന്‍ തയ്യാറില്ലാത്ത അതോറിറ്റിയാണ് പരീക്ഷ നടത്തുന്നതെന്നത് ഖേദകരം എന്നേ പറയാനൊക്കൂ. ഇതൊന്നും ചോദ്യം ചെയ്യാനോ ഇതിനെതിരെ സമരം ചെയ്യാനോ ഒരാള്‍ പോലുമില്ലാത്ത വിധം പ്രത്യേകതരം പരീക്ഷ മാനിയ സമൂഹത്തില്‍ സൃഷ്ടിച്ചെടുത്തത് അതിലേറെ ഭയാനകരവും.

ഇതിനര്‍ഥം കുട്ടികളെ കോപ്പിയടിക്കാന്‍ സമ്മതിക്കണമെന്നല്ല. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മാത്രമേ കോപ്പിയടി തടയാനാകൂവെന്ന മാനസികാവസ്ഥ തിരുത്താന്‍ സര്‍ക്കാറും അതോറിറ്റിയും സമൂഹവും തയ്യാറാകണം. വിദ്യാര്‍ഥികളെ വിശ്വാസത്തിലെടുത്ത് പരീക്ഷയെഴുതിപ്പിക്കാന്‍ നമുക്കാദ്യം ആത്മവിശ്വാസമുണ്ടാകണം. അതിന്റെ ധാരാളം സാധ്യതകള്‍ നിലനില്‍ക്കുമ്പോള്‍ അതിലൂടെയായിരിക്കണം നമ്മുടെ ചിന്തകള്‍ പോകേണ്ടത്. പ്രാകൃതമായ ശൈലിയിലൂടെ ആയിരിക്കരുത്.

ഡിജിറ്റല്‍ പേനകള്‍, ഡിജിറ്റല്‍ കാല്‍കുലേറ്ററുകള്‍, ഡിജിറ്റല്‍ വാച്ചുകള്‍ തുടങ്ങിയവയൊക്കെ ഒഴിവാക്കേണ്ടതാണെന്ന നിര്‍ദേശം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരായി ആരും ഉണ്ടാകില്ല. ലോകത്ത് ഇവയൊന്നും ഒരു പരീക്ഷയിലും ആരും സമ്മതിക്കുകയും ചെയ്യില്ല. പക്ഷേ, ഇളം നിറമുള്ള വസ്ത്രങ്ങള്‍ മാത്രം ധരിക്കുക, അതും പകുതി സ്ലീവുകള്‍ മാത്രം, മുഖമോ മറ്റു പ്രധാന അവയവങ്ങളോ മറക്കാന്‍ പാടില്ല തുടങ്ങിയ നിയമങ്ങളുടെ പ്രസക്തിയാണിപ്പോഴും ബാക്കിയിരിക്കുന്നത്. ഒരു വിദ്യാര്‍ഥിനിയെ ഏറ്റവും കൂടുതല്‍ ബാധിക്കുക തനിക്കിഷ്ടമില്ലാത്ത ഡ്രസ്സിംഗിന് നിര്‍ബന്ധിക്കുമ്പോഴാണെന്ന് ആര്‍ക്കാണ് മനസ്സിലാകാത്തത്? അടിവസ്ത്രം അഴിപ്പിച്ചത് ഗുരുതരമായ തെറ്റ് തന്നെ. പക്ഷേ അടിവസ്ത്രത്തില്‍ മാത്രമേ തെറ്റ് കിടക്കുന്നുള്ളൂവെന്ന വിചാരം ഇപ്പോഴും പലരെയും പിടികൂടിയത് ഒരു പ്രശ്‌നം തന്നെയല്ലേ? മുഖത്ത് മറ്റാളുകള്‍ കാണാന്‍ ലജ്ജിക്കുന്ന വിധം വല്ലതുമുള്ള ഒരു പെണ്‍കുട്ടിയുടെ മാനസികാവസ്ഥ ചിന്തിച്ചുനോക്കൂ. തലയില്‍ വേണ്ടത്ര മുടിയില്ലാതെ വിഷമിക്കുന്ന അനേകായിരങ്ങളുടെ സ്ഥിതി ഒന്നാലോചിച്ചു നോക്കൂ. പരീക്ഷാ ദിവസമെങ്കിലും, തനിക്ക് ജീവിതത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഡ്രസ്സ് മാന്യമായി ധരിച്ചു വരുന്നതില്‍ എന്തിനാണ് നാം ഇപ്പോഴും അസ്വസ്ഥതപ്പെടുന്നത്-പ്രത്യേകിച്ചും സാങ്കേതിക വിദ്യ ഇത്രമാത്രം വികസിച്ച കാലത്ത്. ഇന്ത്യയില്‍ ഏറ്റവും സുരക്ഷയുള്ളവരെപ്പോലും കാണാന്‍ ലക്ഷങ്ങള്‍ തടിച്ചുകൂടുമ്പോള്‍ ഇഷ്ടമുള്ള ഡ്രസ്സ് ധരിക്കാമെങ്കിലും പ്രായപൂര്‍ത്തി പോലും ആകാത്ത നമ്മുടെ മക്കള്‍ക്ക് പരീക്ഷ എഴുതാന്‍ അത് പറ്റില്ലത്രെ; അതും സുരക്ഷയുടെയും പരീക്ഷയുടെ സുതാര്യതയുടെയും പേരില്‍.

പരീക്ഷാ ഹാളില്‍ ഇന്‍വിജിലേറ്റര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, സി സി ക്യാമറകള്‍, ഇതിലപ്പുറം അനിതരസാധാരണമായ ചോദ്യങ്ങള്‍ ഇതെല്ലാമുണ്ടാകുമ്പോള്‍ പുറത്തൊരു വമ്പന്‍ ചെക്കിംഗ് നടക്കുന്നുവെന്നതാണ് ദുഃഖകരം. ആ ചെക്കിംഗ് ഓരോ കുട്ടിയെയും പീഡിപ്പിക്കുന്നുവെന്നതും സത്യമാണ്. പരീക്ഷ കഴിഞ്ഞിറങ്ങുന്ന ഒരാള്‍ പോലും ഈ ചെക്കിംഗിന്റെ ഗുണം പറയില്ല. പറന്നുയരാന്‍ പോകുന്ന വിമാനത്തിലേക്കുള്ള ചെക്കിംഗ് പോലും ഇത്ര കണിശമല്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു; എന്നാലോ എവിടെയും വേണ്ടത്ര സൗകര്യങ്ങളും ഒരുക്കിയിട്ടില്ല താനും. മുന്നിലും പിന്നിലും തന്നെ നിരീക്ഷിക്കുന്ന നൂറുകണക്കിന് മുഖങ്ങള്‍ക്കിടയിലാണ് ഈ പരിശോധന. ഇന്ത്യയില്‍ നൂറുകണക്കിന് മത്സരപ്പരീക്ഷകള്‍ നടക്കുന്നുവെങ്കിലും ഇത്രയും ജാഡയോടെ നടത്തുന്നത് നീറ്റ് മാത്രമാണെന്നത് ഇങ്ങനെയെല്ലാം വേണോ എന്ന ചോദ്യം വീണ്ടും ഉയര്‍ത്തുന്നു. സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്കോ ലക്ഷങ്ങള്‍ എഴുതുന്ന നെറ്റ്-ജെ ആര്‍ എഫ് പരീക്ഷകള്‍ക്കോ മറ്റോ ഇല്ലാത്ത ഈ സംവിധാനം എന്തിനാണ്? സിവില്‍ സര്‍വീസ് തുടങ്ങിയ ഒട്ടുമിക്ക മത്സരപ്പരീക്ഷകളും പ്രായപൂര്‍ത്തിയെത്തിയ മത്സരാര്‍ഥികള്‍ക്കുള്ളതാണ്. നീറ്റാണെങ്കില്‍ ഒട്ടുമിക്ക പേരും പ്രായപൂര്‍ത്തി എത്താത്തവരുമാണ്. എന്നിട്ടും ഈ പീഡിത വിദ്യാര്‍ഥി സമൂഹത്തിനു വേണ്ടി ശബ്ദിക്കാന്‍ സമൂഹം വേണ്ടത്ര തയ്യാറാകുന്നില്ലെന്നത് വളരെ ലജ്ജാകരം തന്നെ.

ഈ വഴിവിട്ട പീഡനങ്ങള്‍ ഒഴിവാക്കിയാല്‍ വളരെ സാമര്‍ഥ്യമുള്ള വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ സമൂഹത്തിനു ലഭിക്കുമായിരുന്നുവെന്ന ബോധം എല്ലാവര്‍ക്കും വേണം. ഒരു മത്സരപ്പരീക്ഷയുടെ മറവില്‍ എല്ലാവരെയും കള്ളന്മാരാക്കുന്ന പ്രവണത ഒഴിവാക്കണം. മക്കളെ വളര്‍ത്താന്‍ രക്ഷിതാക്കള്‍ക്ക് ഒരായിരം നിര്‍ദേശങ്ങള്‍ നല്‍കുന്നവര്‍ ഇന്ത്യയിലെ പരകോടി വിദ്യാര്‍ഥികളുടെ മനസ്സിനെ ഒറ്റയടിക്ക് നോവിച്ചു മാത്രമേ പരീക്ഷ നടത്തൂവെന്ന വാശി ഒഴിവാക്കണം. സാങ്കേതികവിദ്യ ഏറ്റവും പാരമ്യത്തില്‍ നില്‍ക്കുന്ന ഒരു സമൂഹത്തില്‍ ഈ പുരാതന ശൈലികള്‍ മാത്രമേ നീറ്റ് പരീക്ഷയില്‍ അനുവദിക്കൂവെന്ന ചിന്തയും വെടിയണം. അഥവാ ലോകം വികസിക്കുന്നതിനനുസരിച്ച് നാം വിശാലമാകുകയും വികസിക്കുകയും വേണം. നമ്മുടെ കുട്ടികള്‍ക്ക് മാന്യതയും ആത്മവിശ്വാസവും സംതൃപ്തിയും പ്രദാനം ചെയ്ത് അവരെ സമൂഹത്തിലേക്ക് എത്തിക്കുന്ന വിധമുള്ള നൂതന പരീക്ഷാ രീതികള്‍ വരട്ടെ. അതിനുവേണ്ടി പ്രതികരിക്കുന്ന ഒരു സമൂഹമായി നമ്മുടെ സമൂഹവും മാറട്ടെ.

Latest