Kerala
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രോഗികളെ ചുമന്നിറക്കുന്നതായി പരാതി: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ വരെ ജീവനക്കാർ ചുമന്ന് താഴെയിറക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

പത്തനംതിട്ട | പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് തകരാറിയതിനെ തുടർന്ന് രോഗികളെ ജീവനക്കാർ ചുമന്ന് താഴെയിറക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഒരാഴ്ചയ്ക്ക് മുമ്പാണ് ലിഫ്റ്റ് തകരാറിലായതെന്ന് മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു.
ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ വരെ ജീവനക്കാർ ചുമന്ന് താഴെയിറക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആശുപത്രിയിൽ റാംപ് സൗകര്യമില്ലെന്ന് പറയുന്നു. തടിയിൽ കോർത്ത് കെട്ടിയ തുണിയിൽ കിടത്തിയാണ് രോഗികളെ താഴെയെത്തിക്കുന്നത്. മൂന്നാം നിലയിലുള്ള ഓപ്പറേഷൻ തീയേറ്ററിലേക്ക് രോഗികളെ എത്തിക്കുന്നതും തിരികെ കൊണ്ടുപോകുന്നതും ഇങ്ങനെയാണെന്ന് വാർത്തകളിൽ പറയുന്നു.