Eranakulam
മല്ലു ട്രാവലര്‍ക്കെതിരായ പരാതി; സഊദി യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി
എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടിന് മുമ്പാകെയാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്.
കൊച്ചി| മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന ഷാക്കീര്‍ സുബ്ഹാനെതിരായ പീഡന പരാതിയില്‍ സഊദി യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടിന് മുമ്പാകെയാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നേരത്തെ എറണാകുളം സെന്‍ട്രല്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്നു.
പോലീസ് അന്വേഷണം ശക്തമാണ്. കേസില്‍ പ്രതിസ്ഥാനത്തുള്ള ഷാക്കീര്‍ ഇപ്പോള്‍ വിദേശത്താണുള്ളത്. ഇതുവരെ അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. യുവതി സഊദി എംബസിക്കും, മുംബൈയിലെ കോണ്‍സുലേറ്റിനും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും കേസിന്റെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്.
അതേസമയം, വിദേശത്തുള്ള ഷാക്കീര്‍ സുബ്ഹാന്‍ പരാതി വ്യാജമാണെന്ന വാദവുമായി രംഗത്ത് വന്നിട്ടുണ്ട്. സെപ്തംബര്‍ 13-നാണ് കേസിനാസ്പദമായ സംഭവം. ഇന്റര്‍വ്യൂ ചെയ്യാനാണെന്ന് പറഞ്ഞ്‌കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ഷാക്കീര്‍ പീഡിപ്പിച്ചു എന്നാണ് സഊദി യുവതിയുടെ പരാതി.