Connect with us

Kerala

കെ എസ് യു നേതാവിനെ മദ്യപിച്ചെത്തിയ ജില്ലാ പ്രസിഡൻ്റ് മര്‍ദിച്ചെന്ന് പരാതി

സംസ്ഥാന പ്രസിഡന്റിനും കെ പി സി സി പ്രസിഡന്റിനും പരാതി നല്‍കി

Published

|

Last Updated

കൊച്ചി | മഹാരാജാസ് കോളജില്‍ കെ എസ് യു നേതാവിന് മര്‍ദനമേറ്റു. മലപ്പുറം ജില്ലാ സെക്രട്ടറിയും മഹാരാജാസ് കോളജ് മുന്‍ യൂനിറ്റ് പ്രസിഡന്റുമായ മുഹമ്മദ് നിയാസിനാണ് മര്‍ദനമേറ്റത്. മദ്യപിച്ചെത്തിയ കെ എസ് യു എറണാകുളം ജില്ലാ പ്രസിഡന്റ് കൃഷ്ണലാലിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചെന്നാണ് പരാതി. യൂനിറ്റ് കമ്മിറ്റി തിരഞ്ഞെടുപ്പിലെ തര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദനമെന്നും പരാതിയിലുണ്ട്. സംഭവത്തില്‍ നിയാസ് കെ എസ് യു സംസ്ഥാന പ്രസിഡന്റിനും കെ പി സി സി പ്രസിഡന്റിനും പരാതി നല്‍കി.

മഹാരാജാസ് മുന്‍ യൂനിറ്റ് സെക്രട്ടറിയായ തന്നെ യൂനിറ്റ് സമ്മേളനത്തിന്റെ ഭാഗമായി ക്ഷണിച്ചിരുന്നെന്നും കോളജിലെത്തിയപ്പോള്‍ ഫ്രറ്റേണിറ്റിയുമായി ബന്ധമുള്ള വിദ്യാര്‍ഥിയെ പുതിയ യൂനിറ്റ് പ്രസിഡന്റായി നിയമിക്കാന്‍ ജില്ലാ പ്രസിഡന്റും എറണാകുളം അസംബ്ലി പ്രസിഡന്റും നിര്‍ബന്ധിക്കുന്ന വിവരം അറിഞ്ഞെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ഇത് എതിര്‍ത്ത വിദ്യാര്‍ഥികള്‍ പരിചയസമ്പത്തുള്ള മുതിര്‍ന്ന യൂനിറ്റ് അംഗത്തെ പ്രസിഡന്റാക്കാന്‍ തീരുമാനിച്ചു. ഞാനും ആ തീരുമാനത്തിന്റെ കൂടെ നിന്നു. പിന്നാലെ യൂനിറ്റ് പ്രഖ്യാപനത്തിന് ശേഷം ജില്ലാ പ്രസിഡന്റ് കെ എം കൃഷ്ണലാല്‍, ജില്ലാ വൈസ് പ്രസിഡന്റ് അമര്‍ മിഷാല്‍ പല്ലച്ചി, കെവിന്‍ കെ പൗലോസ്, ജില്ലാ ജനറല്‍ സെക്രട്ടറി ചുമതലയുള്ള സഫ്വാന്‍, ജില്ലാ ജനറല്‍ സെക്രട്ടറിയും എറണാകുളം അസംബ്ലി കമ്മിറ്റി പ്രസിഡന്റുമായ അമല്‍ ടോമി എന്നിവര്‍ യൂനിറ്റ് സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയി. തുടര്‍ന്ന് സമ്മേളനത്തിന് ശേഷം ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന് പറഞ്ഞ് തന്നെ കാറില്‍ വിളിച്ചുകൊണ്ടുപോയി മര്‍ദിക്കുകയായിരുന്നുവെന്നാണ് നിയാസിന്റെ പരാതി. ജില്ലാ പ്രസിഡന്റും സംഘവും മദ്യപിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

Latest