Connect with us

Kerala

പ്രകൃതിവിരുദ്ധ പീഡന പരാതി; സംവിധായകന്‍ രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം

കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവാണ് രഞ്ജിത്തിനെതിരെ പരാതി നല്‍കിയത്.

Published

|

Last Updated

കോഴിക്കോട് | യുവാവ് നല്‍കിയ പീഡന പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനൊപ്പം 30 ദിവസത്തേക്ക് രഞ്ജിത്തിന്റെ അറസ്റ്റ് തടയുകയും ചെയ്തു. അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്.

കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവാണ് രഞ്ജിത്തിനെതിരെ പരാതി നല്‍കിയത്. യുവാവിന്റെ പരാതിയില്‍ കോഴിക്കോട് കസബ പോലീസാണ് രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ കുറ്റം ചുമത്തി കേസെടുത്തത്. നേരത്തെ ബംഗാളി നടിയുടെ പരാതിയില്‍ രഞ്ജിത്തിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് രണ്ടാമത്തെ ലൈംഗിക പീഡന കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ 2012 ല്‍ ബെംഗളൂരുവില്‍ വച്ച് സംവിധായകന്‍ രഞ്ജിത്ത് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതി. പരാതി നല്‍കിയശേഷം സിനിമ മേഖലയിലെ പരാതികള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക പോലീസ് സംഘത്തിന് യുവാവ് മൊഴി നല്‍കിയിരുന്നു.

കോഴിക്കോട് സിനിമാ ഷൂട്ടിങിനിടയിലാണ് സംവിധായകനെ പരിചയപ്പെട്ടതെന്ന് യുവാവ് പറയുന്നു.അവസരം തേടി ഹോട്ടല്‍ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറില്‍ ഫോണ്‍ നമ്പര്‍ കുറിച്ചു തന്നുവെന്നും അതില്‍ സന്ദേശം അയക്കാനും ആവശ്യപ്പെട്ടുവെന്നാണ് യുവാവ് പറയുന്നത്. ബെംഗളൂരു താജ് ഹോട്ടലില്‍ രണ്ട് ദിവസത്തിന് ശേഷം എത്താന്‍ ആവശ്യപ്പെട്ടു. രാത്രി 10 മണിയോടെ ഹോട്ടലില്‍ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താന്‍ സംവിധായകന്‍ നിര്‍ദ്ദേശിച്ചു. മുറിയിലെത്തിയപ്പോള്‍ മദ്യം കുടിക്കാന്‍ നിര്‍ബന്ധിച്ചു. പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നുമാണ് യുവാവ് നല്‍കിയ പരാതി.

നേരത്തെ ബംഗാളി നടിയുടെ പരാതിയില്‍ രഞ്ജിത്തിനെതിരായ കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. ജാമ്യം ലഭിക്കാവുന്ന കേസാണ് ചുമത്തിയത് എന്നതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ലെന്നും കൂടുതല്‍ വകുപ്പുകള്‍ ഇക്കാര്യത്തില്‍ രഞ്ജിത്തിനെതിരെ ചുമത്തിയിട്ടില്ലെന്നും ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കോടതി മുന്‍കൂര്‍ജാമ്യാപേക്ഷ തീര്‍പ്പാക്കിയത്.

 

Latest