Connect with us

National

വനിതാ കമ്മീഷന്റെ പരാതി; മഹുവ മൊയ്ത്രക്കെതിരെ കേസെടുത്ത് ഡല്‍ഹി പോലീസ് 

വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മക്കെതിരായ പരാമര്‍ശത്തിലാണ് കേസെടുത്തിരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | പുതിയ ക്രിമിനല്‍ നിയമപ്രകാരം മഹുവ മൊയ്ത്രക്കെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു. വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മക്കെതിരായ പരാമര്‍ശത്തിലാണ് കേസെടുത്തിരിക്കുന്നത്.

വനിതാ കമ്മീഷന്‍ നല്‍കിയ പരാതിയിലാണ് നടപടി. വെള്ളിയാഴ്ചയാണ് വനിത കമ്മീഷന്‍ മഹുവക്കെതിരെ ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ രേഖ ശര്‍മ്മക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്നാണ് പരാതി.

ഹത്രസിലെ ദുരന്തത്തില്‍പെട്ട സ്ത്രീകളെ കാണാനെത്തിയ രേഖാ ശര്‍മ്മയ്ക്ക് കൂടെ ഉണ്ടായിരുന്നയാള്‍ കുടപിടിച്ച് കൊടുക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അവര്‍ തന്റെ മുതലാളിക്ക് പൈജാമ പിടിച്ചു കൊടുക്കുന്ന തിരക്കിലാണെന്ന് മഹുവ സോഷ്യല്‍ മീഡിയയില്‍ പരിഹസിക്കുകയായിരുന്നു.

ഇതിനെതിരെയാണ് മഹുവക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളക്കും വനിതാ കമ്മീഷന്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. ഭാരതീയ ന്യായ് സംഹിതയിലെ 79 ാം വകുപ്പ് പ്രകാരമാണ് ഡല്‍ഹി പോലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം അറസ്റ്റിനെ വെല്ലുവിളിച്ച് മഹുവ മൊയ്ത്ര രംഗത്തെത്തി. മൂന്ന് ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യുമെങ്കില്‍ ബംഗാളിലെ നാദിയയില്‍ താന്‍ ഉണ്ടാകുമെന്ന് മഹുവ പറഞ്ഞു.