National
അഞ്ച് വയസുകാരിയെ ഏഴ് വയസുകാരൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി
പോക്സോ വകുപ്പ് പ്രകാരം ഏഴ് വയസ്സുകാരന് എതിരെ കേസെടുത്തു
കാൺപൂർ | കാൺപൂരിലെ ദേഹത്ത് ജില്ലയിൽ അയൽവാസിയായ അഞ്ച് വയസുകാരിയെ ഏഴ് വയസുകാരൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ ഐപിസി സെക്ഷൻ 376, പോക്സോ നിയമത്തിലെ സെക്ഷൻ 5/6 എന്നിവ പ്രകാരം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഞായറാഴ്ച രാത്രിയാണ് അക്ബർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിൽ സംഭവം നടന്നത്.
മകൾ കളിക്കാൻ പുറത്തുപോയ സമയത്താണ് സംഭവം നടന്നതെന്ന് പെൺകുട്ടിയുടെ മാതാവ് പറഞ്ഞു. രണ്ട് കുട്ടികളെയും ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയരാക്കി. മെഡിക്കൽ റിപ്പോർട്ടിൽ പീഡനം നടന്നതായി സ്ഥിരീകരിച്ചുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പൊലീസ് ഈ കേസിനെ ജാഗ്രതയോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് അക്ബർപൂർ കോട്വാലി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സതീഷ് സിംഗ് പറഞ്ഞു.
“ഏഴ് വയസ്സിന് താഴെയുള്ള ഒരു കുട്ടി കുറ്റകൃത്യം ചെയ്താൽ, അത് കുറ്റകൃത്യത്തിന്റെ വിഭാഗത്തിൽ വരില്ല. എന്നിരുന്നാലും നിയമോപദേശം തേടിയ ശേഷമേ ഈ കേസിൽ തുടർനടപടി സ്വീകരിക്കൂ. ചൊവ്വാഴ്ചയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്” – അദ്ദേഹം പറഞ്ഞു.