Kerala
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിനുള്ളില്‍ പഞ്ഞിയും തുണിയും വെച്ചുകെട്ടിയെന്ന് പരാതി; പോലീസ് കേസെടുത്തു
ഹരിപ്പാട് ഗവ. ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തത്.
ആലപ്പുഴ | പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിനുള്ളില്‍ പഞ്ഞിയും തുണിയും വെച്ചുകെട്ടിയതായി പരാതി. ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്കെതിരായ പരാതിയില്‍ പോലീസ് കേസെടുത്തു. ഹരിപ്പാട് ഗവ. ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തത്. നടപടി ആവശ്യപ്പെട്ട് യുവതിയുടെ മാതാവ് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ആലപ്പുഴ പെണ്ണൂക്കര സ്വദേശിനിയായ 28കാരിയാണ് പരാതിക്കാരി. ശസ്ത്രക്രിയക്കു ശേഷം വയറ്റിനുള്ളില്‍ പഞ്ഞിയും തുണിയും വച്ച് ഡോക്ടര്‍ തുന്നിക്കെട്ടുകയായിരുന്നു. ഇതോടെ വയറ്റിനുളളില്‍ രക്തം കട്ടപിടിച്ചു. രണ്ടാമത് ശസ്ത്രക്രിയ നടത്തിയാണ് പഞ്ഞിക്കെട്ടും തുണിയും പുറത്തെടുത്തതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
ജൂലൈ 23 നാണ് യുവതി വയറുവേദനയെ തുടര്‍ന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിയത്. പ്രസവ വേദനയാണെന്ന് പറഞ്ഞ ഡോക്ടര്‍ സിസേറിയന്‍ നടത്തി. കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. എന്നാല്‍ യുവതിയുടെ ശരീരത്തില്‍ നീര് വച്ചു. ഇത് രക്തക്കുറവ് മൂലമാണെന്നായിരുന്നു ഡോക്ടര്‍ ആദ്യം പറഞ്ഞത്.
രക്തം എത്തിച്ചു നല്‍കിയിട്ടും മാറ്റമില്ലാതെ വന്നതോടെ യുവതിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് നടത്തിയ സ്്കാനിങിലാണ് ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് രക്തം കട്ടപിടിച്ചതായും മെഡിക്കല്‍ വേസ്റ്റ് ഉള്ളതായും കണ്ടെത്തിയത്. വീണ്ടും ആഗസ്റ്റ് ആറിന് ശസ്ത്രക്രിയ നടത്തിയാണ് പഞ്ഞി ഉള്‍പ്പെടെയുള്ള മെഡിക്കല്‍ വേസ്റ്റുകള്‍ നീക്കം ചെയ്തതെന്നും പരാതിയില്‍ പറയുന്നു.