National
ലോക്‌സഭ സ്പീക്കറുടെ മകളെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി; ധ്രുവ് റാഠിക്കെതിരേ പോലീസ് കേസ്
2019ല്‍ അഞ്ജലി ആദ്യത്തെ പരിശ്രമത്തില്‍ പരീക്ഷ ജയിച്ചതാണെന്നും ധ്രുവിന്റെ ട്വീറ്റിലുള്ളത് തെറ്റായ വിവരമാണെന്നുമാണ് പരാതിയില്‍ പറയുന്നത്.
ന്യൂഡല്‍ഹി | സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളൂവന്‍സറായ ധ്രുവ് റാഠിക്കെതിരെ പോലീസ് കേസ്. ലോക്‌സഭ സ്പീക്കറുടെ മകളെ സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ വിവിരങ്ങള്‍ ട്വീറ്റ് ചെയ്ത് അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കേസ്. മഹാരാഷ്ട്ര പോലീസിന്റെ സൈബര്‍ സെല്‍ ആണ് ധ്രുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയുടെ ബന്ധുവാണ് ധ്രുവ് റാഠിക്കെതിരെ പരാതി നല്‍കിയത്.
സ്പീക്കര്‍ ഓം ബിര്‍ളയുടെ മകള്‍ അഞ്ജലി ബിര്‍ള പരീക്ഷ പോലും എഴുതാതെ യു പി എസ് സി പരീക്ഷയില്‍ ജയിച്ചെന്നായിരുന്നു ധ്രുവ് റാഠിയുടെ ട്വീറ്റ്. അഞ്ജലി ബിര്‍ളയുടെ ഫോട്ടോ സഹിതമാണ് ട്വീറ്റ്. ഇത് സോഷ്യല്‍മീഡിയയില്‍ വലിയ വിവാദമായിമാറി. ഇതോടെയാണ് അഞ്ജലിയുടെ ബന്ധു നമാന്‍ മഹേശ്വരി മഹാരാഷ്ട്ര സൈബര്‍ സെല്ലിനെ സമീപിച്ചത്.2019ല്‍ അഞ്ജലി ആദ്യത്തെ പരിശ്രമത്തില്‍ പരീക്ഷ ജയിച്ചതാണെന്നും ധ്രുവിന്റെ ട്വീറ്റിലുള്ളത് തെറ്റായ വിവരമാണെന്നുമാണ് പരാതിയില്‍ പറയുന്നത്.
തിരഞ്ഞെടുപ്പിന് മുമ്പും പ്രചാരണ വേളയിലും രാജ്യത്തെ പൊതുജനത്തെ സ്വാധീനിച്ച യൂട്യൂബറാണ് ധ്രുവ്. കേന്ദ്ര സര്‍ക്കാറിനെ നിരന്തരം വിമര്‍ശിച്ചുകൊണ്ടിരിക്കുന്നതായിരുന്നു ധ്രുവിന്റെ വീഡിയോകള്‍. കോടിക്കണക്കിന് കാഴ്ചക്കാരാണ് ധ്രുവിന്റെ വീഡിയോകള്‍ക്കുണ്ടായിരുന്നത്. 21.5 മില്യണ്‍ പേരാണ് 29 കാരനായ ധ്രുവ് റാഠിക്ക് യൂട്യൂബില്‍ ഫോളോവേഴ്സായിട്ടുള്ളത്.