Connect with us

Kerala

സ്വകാര്യ ബസ് ഡ്രൈവര്‍ പത്താം ക്ലാസുകാരിയുമായി മുങ്ങിയതായി പരാതി; അന്വേഷണം ഊര്‍ജിതം

ആങ്ങംമൂഴി-മല്ലപ്പള്ളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഡ്രൈവര്‍ വടശേരിക്കര, പേഴുംപാറ സ്വദേശി ഷിബിന്‍ (33) ആണ് പെണ്‍കുട്ടിയുമായി കടന്നത്.

Published

|

Last Updated

പത്തനംതിട്ട | വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ സ്വകാര്യ ബസ് ഡ്രൈവര്‍ പത്താം ക്ലാസുകാരിയുമായി മുങ്ങിയതായി പരാതി. ആങ്ങംമൂഴി-മല്ലപ്പള്ളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഡ്രൈവര്‍ വടശേരിക്കര, പേഴുംപാറ സ്വദേശി ഷിബിന്‍ (33) ആണ് പെണ്‍കുട്ടിയുമായി കടന്നത്. പത്തനംതിട്ട സ്വകാര്യ ബസ് ടെര്‍മിനലില്‍ ഇന്നലെ രാവിലെ ബസ് എത്തിച്ച ശേഷമാണ് ഇയാള്‍ പെണ്‍കുട്ടിയുമായി അപ്രത്യക്ഷനായത്. സീതത്തോട് കൊച്ചുകോയിക്കല്‍ എന്ന സ്ഥലത്ത് വാടകക്ക് താമസിക്കുന്നയാളാണ് ഷിബിന്‍.

മാതാവിന്റെ ഫോണില്‍ നിന്നാണ് പെണ്‍കുട്ടി ഷിബിനെ വിളിച്ചിരുന്നത്. മകളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ മാതാവ് ഫോണില്‍ റെക്കോഡിങ് ഓപ്ഷന്‍ ഇട്ടിരുന്നു. പുലര്‍ച്ചെ നാടുവിടാനുള്ള തീരുമാനം അങ്ങനെ മാതാവ് അറിയുകയും ചെയ്തിരുന്നു. ഇതിനിടയില്‍ മകളെ കാണാനില്ലെന്ന് അറിഞ്ഞതോടെ മാതാവ് ഷിബിന്റെ ഫോണ്‍ നമ്പറിലേക്ക് വിളിച്ചു. നിങ്ങളുടെ മകള്‍ എന്റെ കൈയില്‍ സുരക്ഷിതയായിരിക്കുമെന്ന് പറഞ്ഞ് ഇയാള്‍ ഫോണ്‍ ഓഫ് ചെയ്യുകയായിരുന്നുവത്രേ. ഇരുവരും പിന്നീട് എങ്ങോട്ടു പോയി എന്നത് സംബന്ധിച്ച് വിവരമൊന്നുമില്ല. മൂഴിയാര്‍ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് വിപുലമായ അന്വേഷണം നടത്തിവരികയാണ്. അണ്‍ എയ്ഡഡ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് പെണ്‍കുട്ടി.

 

Latest