kerala police
പരാതി നല്‍കാനെത്തിയയാളെ സി ഐ മര്‍ദിച്ചതായി പരാതി
മര്‍ദനം കണ്ടുനിന്ന സഹോദരന്‍ ദയാലിന്റെ മകള്‍ ബോധം കെട്ടുവീണു.
കൊല്ലം | അനുവാദമില്ലാതെ ചുമരില്‍ പോസ്റ്റര്‍ ഒട്ടിച്ചത് ചോദ്യം ചെയ്തതിന് മര്‍ദനമേറ്റത് സംബന്ധിച്ച് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയവരെ സി ഐ മര്‍ദിച്ചെന്ന് പരാതിയുമായി സഹോദരങ്ങള്‍ രംഗത്തെത്തി. കുണ്ടറ സി ഐ രതീഷിനെതിരേയാണ് കുണ്ടറ ചന്ദനത്തോപ്പ് കോട്ടാശ്ശേരി കാട്ടായിക്കോണത്ത് വീട്ടില്‍ ദിലീപ്, സഹോദരന്‍ ദയാല്‍ എന്നിവര്‍ പരാതിയുമായി രംഗത്തെത്തിയത്. പോസ്റ്റര്‍ ഒട്ടിച്ചത് ചോദ്യം ചെയ്തതിന് സി പി എം – ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ദയാലിനെ വീടുകയറി ആക്രമിച്ചിരുന്നു. ഇതിനെതിരേ പരാതി നല്‍കുന്നതിനായി കഴിഞ്ഞ 19ന് ദിലീപും ദയാലും ദയാലിന്റെ മകളും കുണ്ടറ പോലീസ് സ്റ്റേഷനില്‍ എത്തുന്നത്.
അവിടെ പ്രതികളോടൊപ്പം ഉണ്ടായിരുന്ന സി ഐ രതീഷ് പരാതി പിടിച്ചുവാങ്ങി തന്നെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് ദീലീപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മര്‍ദനത്തെത്തുടര്‍ന്ന് ദീലീപ് അബോധാവസ്ഥയിലായി. മര്‍ദനം കണ്ടുനിന്ന സഹോദരന്‍ ദയാലിന്റെ മകള്‍ ബോധം കെട്ടുവീണു. തുടര്‍ന്ന് പോലീസ് ആംബുലന്‍സ് വരുത്തി ഇരുവരേയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനക്കിടെ മര്‍ദന വിവരം ഡോക്ടറോട് പറഞ്ഞപ്പോള്‍ സി ഐ ഭീഷണിപ്പെടുത്തിയെന്നും ദിലീപ് പറഞ്ഞു. അടുത്ത ദിവസം രാത്രിയോടെ ദിലീപിനേയും ദയാലിനേയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.
പോലീസ് മര്‍ദിച്ച വിവരം മജിസ്ട്രേറ്റിനോട് പറഞ്ഞിരുന്നു. മജിസ്ട്രേറ്റിന്റെ ഉത്തരവുപ്രകാരം തിരുവനന്തപുരം ഫോറന്‍സിക് സര്‍ജന്‍ വിവരശേഖരണവും ദേഹപരിശോധനയും നടത്തി. ഈ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. തങ്ങളുടെ പരാതി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് മൊഴി രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. സി ഐ രതീഷിനെതിരേ പോലീസ് കംപ്ലൈന്റ് അതോറിറ്റിക്കും കൊല്ലം രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും പരാതിയും ഇവര്‍ നല്‍കിയിട്ടുണ്ട്.